ഇന്നലെ മുംബൈക്കെതിരെ നടന്ന മത്സരത്തിൽ പുതിയ ചരിത്രം കുറിച്ച് സൂപ്പർ താരം മഹേന്ദ്ര സിങ് ധോണി. 42ാം വയസില്‍ നില്‍ക്കുമ്പോഴും 20ാം ഓവറിലെ തൂക്കിയടിക്ക് മാറ്റമില്ല. അഞ്ച് മിനിറ്റ് ക്രീസിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും പുതിയ റെക്കോഡുകൾ എഴുതിച്ചേർത്താണ് ധോണി മടങ്ങിയത്.
ഐപിഎല്‍ കരിയറില്‍ 20ാം ഓവറുകളിലായി 64 സിക്സുകളാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പറന്നിട്ടുള്ളത്. 20ാം ഓവറിലായി 309 ഡെലിവറികള്‍ ധോണി നേരിട്ടപ്പോള്‍ നേടിയത് 756 റണ്‍സ്. 96 ഇന്നിങ്സില്‍ നിന്നാണ് ഇത്. 20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വാരിയവരില്‍ രണ്ടാമത് നില്‍ക്കുന്ന പൊള്ളാര്‍ഡ് നേടിയത് 405 റണ്‍സ്.
20ാം ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ അടിച്ചതിലും പൊള്ളാര്‍ഡ് ആണ് ധോണിക്ക് പിന്നില്‍, 33 സിക്സുകള്‍. ഐപിഎല്ലില്‍ നേരിട്ട ആദ്യ മൂന്ന് പന്തിലും സിക്സ് പറത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ധോണി സ്വന്തമാക്കി.
ഇന്നലെ മുംബൈക്കെതിരെ അവസാന ഓവറിൽ ബാറ്റിങ്ങിറങ്ങിയ ധോണി മുംബൈ ഇന്ത്യൻസ് നായകൻ കൂടിയായ ഹാർദ്ദിക്ക് പാണ്ഡ്യയെയാണ് ധോണി നേരിട്ടതും. ഡാരൽ മിച്ചൽ പുറത്തായതോടെയാണ് ധോണി ക്രീസിലെത്തിയത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തു. ധോണി നാല് പന്തുകളിൽ നിന്ന് 20 റൺസ് നേടി. ചെന്നൈ വിജയിച്ചതും ഈ മത്സരത്തിൽ 20 റൺസിനായിരുന്നു.