ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പോടെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി. ഒന്നാം നമ്പര്‍ പാര്‍ട്ടിയായിമാറുമെന്ന് പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സൂരജ് നേതാവുമായ പ്രശാന്ത് കിഷോര്‍. വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് (പി.ടി.ഐ) നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്‍ ഇക്കാര്യം പറഞ്ഞത്. കിഴക്കന്‍ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ബി.ജെ.പി. വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തുവെന്നും അതിന് ഇത്തവണ ഫലമുണ്ടായേക്കാമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
നിലവില്‍ പശ്ചിമബംഗാള്‍ ഭരിക്കുന്നത് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലംവരുമ്പോള്‍ തൃണമൂലിനെ മറികടന്ന് ബി.ജെ.പി. സംസ്ഥാനത്തെ ഒന്നാമത്തെ പാര്‍ട്ടിയായി മാറുമെന്നാണ് പ്രശാന്ത് പറയുന്നത്. ഒഡീഷയില്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ വിജയിക്കുന്ന പാര്‍ട്ടിയാകും ബി.ജെ.പി. കൂടാതെ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ബി.ജെ.പി. ഒന്നാമതോ രണ്ടാമതോ എത്താനും സാധ്യതയുണ്ടെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു.
ഭരണകക്ഷിയായ ബി.ജെ.പിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ അജയ്യരല്ലെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍, പ്രതിപക്ഷം തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ ഇന്ത്യയിലും കൂടുതല്‍ സീറ്റുകളിൽ വിജയിക്കുന്നതിലൂടെയാണ് ബി.ജെ.പി. കിഴക്കന്‍ ഇന്ത്യയിലേയും ദക്ഷിണേന്ത്യയിലേയും തിരിച്ചടികളെ മറികടക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ നേരത്തേ പറഞ്ഞിരുന്നു.
രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള ശക്തികേന്ദ്രങ്ങളില്‍ 100 സീറ്റുകളിലെങ്കിലും ബി.ജെ.പിയുടെ തോല്‍വി ഉറപ്പാക്കാന്‍ പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് കഴിഞ്ഞെങ്കില്‍ മാത്രമേ 2024-ലെ തിരഞ്ഞെടുപ്പിന്റെ ചൂട് ബി.ജെ.പി. അറിയൂ. എന്നാല്‍, ഇത് സംഭവിക്കാന്‍ പോകുന്നില്ല. ഈ മേഖലകളില്‍ ബി.ജെ.പിക്കാണ് ഇപ്പോഴും സ്വാധീനമുള്ളതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കിഴക്കേ ഇന്ത്യയും ദക്ഷിണേന്ത്യയും പിടിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ഇടയ്ക്കിടെ ആ മേഖലകളിലെ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുകയാണ്. എന്നാല്‍, പ്രതിപക്ഷത്തെ നേതാക്കള്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ ചെറിയ പരിശ്രമം പോലും നടത്തുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.