സമീപത്തെ വിശുദ്ധനേയും വിശുദ്ധിയേയും
കണ്ടെത്താൻ ആകട്ടെ
————————————————————————————.
മലമുകളിൽ ഒരു വിശദ്ധൻ താമസിക്കുന്നുണ്ടെന്ന വാർത്ത നാടെങ്ങും പരന്നു. ദൂരെയെുള്ള ഗ്രാമത്തിലെ ഒരാൾ, അദ്ദേഹത്തെ തേടിയെത്തി. കുടിലിനു മുമ്പിലെത്തിയപ്പോൾ വേലക്കാരൻ അയാളെ അഭിവാദ്യം ചെയ്തു. “എനിക്കു വിശുദ്ധനെ കാണണം”, അയാൾ പറഞ്ഞു. വേലക്കാരൻ അയാളെ അകത്തേക്കു കൂട്ടിക്കൊണ്ടു പോയി.
ഓരോ ചുവടു വയ്ക്കുമ്പോഴും വിശുദ്ധനെ കണ്ടുമുട്ടാമെന്ന പ്രതീക്ഷയിൽ, അയാൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു. അധികം താമസിയാതെ, വേലക്കാരൻ അയാളെ പിന്നിലെ വാതലിലൂടെ, പുറത്തേക്കു നയിച്ചു! അയാൾ ചോദിച്ചു: “വിശുദ്ധൻ എവിടെ; ഞാനദ്ദേഹത്തെ കാണാനാണു വന്നത്”. വേലക്കാരൻ പറഞ്ഞു: “നിങ്ങൾ അദ്ദേഹത്തെ കണ്ടു കഴിഞ്ഞു. എല്ലാ മനുഷ്യരിലും ഒരു വിശുദ്ധനുണ്ടെന്ന് എന്തേ നിങ്ങൾ മനസ്സിലാക്കാതെ പോയി?”
അടുത്തു നിൽക്കുന്നയാൾ ആരാണെന്നറിയാൻ കഴിയാതെ പോകുന്നതാണ് എല്ലാ അന്വേഷണങ്ങളുടെയും പരാജയ കാരണം. മരുഭൂമിയിലും , മലമുകളിലുമുള്ള അമാനുഷരെ കണ്ടെത്താനുള്ള ദീർഘ യാത്രയല്ല ജീവിതം. സമീപത്തുള്ള സുമനസ്സുകളെയും, നിഷ്ക്കളങ്കരേയും തിരിച്ചറിയാൻ നമുക്കു ആകണം. എത്തിപ്പിടിക്കാനാകാത്തതിനെ മാത്രം, അത്ഭുതത്തോടും അസൂയയോടും വീക്ഷിച്ച് ആവേശഭരിതരാകുന്നവർ, കൈപ്പിടിയിലുള്ളതിൻ്റെ മഹിമ തിരിച്ചറിയുന്നില്ല. അടുത്തുള്ളവൻ്റെയും, അയൽപക്കത്തുള്ളവൻ്റെയും വിശദ്ധിയംഗീകരിക്കാൻ, പലപ്പോഴും, നമ്മുടെ അഹംഭാവം നമ്മെ അനുവദിക്കുന്നുമില്ല.
അകലെയുള്ളതിനോടു തോന്നുന്ന ആരാധനയുടെ പത്തിലൊരംശം, അടുത്തുള്ളതിനോടു തോന്നിയിരുന്നെങ്കിൽ, ജീവിതം തന്നെ, എത്ര വ്യത്യസ്ഥം ആകുമായിരുന്നു? പലരും, സ്വന്ത നാടിൻ്റെ സൗന്ദര്യം അവഗണിച്ചിട്ടാണ് സൗന്ദര്യമുള്ള നഗരങ്ങൾ കാണാൻ ടിക്കെറ്റുമെടുത്തു യാത്ര തിരിക്കുന്നത്. നാട്ടിലുള്ളവരേക്കുറിച്ചെല്ലാം അപവാദം പ്രചരിപ്പിച്ചിട്ട് വിദേശങ്ങളിലുള്ള വിശദ്ധനേത്തേടി നമ്മൾ അവിടങ്ങളിലേക്കു പോകും. അടുത്തുള്ളവരിലെ അശുദ്ധിയുടെ തെളിവു തേടി നടക്കാതെ, അവരിലെ വിശുദ്ധിയുടെ വെളിച്ചം തിരിച്ചറിയാൻ ആയാൽ, എല്ലാ നാടും വിശുദ്ധമാകും.
ദൈവം സഹായിക്കട്ടെ.. ഏവർക്കും നന്മകൾ നേരുന്നു.. നന്ദി, നമസ്ക്കാരം.