കഴിഞ്ഞ മാസം ഇൻഡോറിലെ ഒരു സർക്കാർ ആശുപത്രിയിൽ ആണ് 79 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തിയത്.സർക്കാർ ചിലവിൽ തിമിര ശസ്ത്രക്രിയ നടത്തിയ രോഗികൾക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടു. അജ്ഞാതമായ കാരണങ്ങൾ കൊണ്ട് എട്ടുപേർക്കാണ് പ്രശ്നങ്ങൾ ഉണ്ടായത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ഓപറേഷൻ തീയറ്റർ അധികൃതർ പൂട്ടി സീൽ ചെയ്തു.
വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അതിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ എന്നുമാണ് അധികൃതർ പറയുന്നത്. അതേസമയം ആശുപത്രിയുടെ ഭാഗത്തു നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും കൊണ്ടാണ് എട്ട് പേർക്ക് പാർശ്വഫലങ്ങളുണ്ടായതെന്നുമാണ് ആശുപത്രി മാനേജിങ് ട്രസ്റ്റി അവകാശപ്പെടുന്നത്.
ചോയിത്രം നേത്രാലയ എന്ന സ്ഥാപനത്തിൽ ദേശീയ അന്ധതാ നിവാരണ പദ്ധതിയുടെ ഭാഗമായി 79 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തിയത്. പൂർണമായും സർക്കാർ ചെലവിലായിരുന്നു ചികിത്സ. വിവിധ ജില്ലക്കാരായ ഗുണഭോക്താക്കൾ അന്ന് ആശുപത്രിയിലെത്തി ശസ്ത്രക്രിയക്ക് വിധേയരായി. ഇവരിൽ എട്ട് പേർക്കാണ് അപ്രതീക്ഷിതമായ പാർശ്വഫലങ്ങളുണ്ടായത്. ആശുപത്രി മാനേജ്‍മെന്റിൽ നിന്ന് തന്നെയാണ് സർക്കാറിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചതും.
പാർശ്വഫലങ്ങൾ അനുഭവപ്പെട്ടവർക്ക് ചികിത്സ നൽകി പിന്നീട് ഡിസ്‍ചാർജ് ചെയ്തു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇവർക്ക് കാഴ്ച നഷ്ടമായിട്ടുണ്ടോ എന്നുള്ള കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ എന്നും ജില്ലാ അന്ധത നിവാരണ സൊസൈറ്റി മാനേജർ ഡോ. പ്രദീപ് ഗോയൽ വാർത്താ ഏജൻസിയോട് പറഞ്ഞു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക അധികൃതർ ആശുപത്രിയിലെ ഓപ്പറേഷൻ തീയറ്റർ സീൽ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്താനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുമുണ്ട്. ശസ്ത്രക്രിയക്ക് വിധേയരായ രോഗികൾക്ക് പാർശ്വഫലങ്ങളുണ്ടാകാൻ കാരണമായ സാഹചര്യങ്ങൾ ഈ കമ്മിറ്റി പരിശോധിക്കും. അന്വേഷണം പൂർത്തിയാവുന്നത് വരെ ഓപ്പറേഷൻ തീയറ്റർ സീൽ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.