കണ്ണൂർ : ഓൺലൈൻ തട്ടിപ്പ് വ്യാപകം. കണ്ണൂരിൽ മൂന്ന് പേർ തട്ടിപ്പിനിരയായി. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിന് ഗൂഗിളിൽ സെർച്ച് ചെയ്ത് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. കസ്റ്റമർ കെയറിൽനിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. മറ്റൊരു പരാതിയിൽ വാരം സ്വദേശിക്ക് 21,000 രൂപ നഷ്ടപ്പെട്ടു. പരാതിക്കാരനറിയാതെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്.
പണം നഷ്ടപ്പെട്ടതിന്റെ തലേദിവസം എസ്ബിഐ ക്രെഡിറ്റ് കാർഡ് പുതുക്കുന്നതിന് ഫോൺ വന്നിരുന്നുവെന്നും അവർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തിരുന്നു എന്നും പരാതിക്കാരൻ അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് വസ്‌ത്രം ഓർഡർ ചെയ്ത പാനൂർ സ്വദേശിക്കും പണം നഷ്ടമായി. 5,500 രൂപയാണ് അയച്ചുകൊടുത്തത്. വസ്‌ത്രം ഇതുവരെയും ലഭിക്കാത്തതിനാൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.