കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍ എം പിയും സിപിഎം നേതാവുമായ പി കെ ബിജുവിനും കൗണ്‍സിലര്‍ എം ആര്‍ ഷാജനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ്. കരുവന്നൂര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച സമിതിയിലെ അംഗങ്ങളാണ് ഇരുവരും. പി കെ ബിജു വ്യാഴാഴ്ചയും എം ആര്‍ ഷാജന്‍ വെള്ളിയാഴ്ചയും കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനോട് ബുധനാഴ്ച ഹാജരാകണമെന്ന് ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഹാജരാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ചതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബിജുവിനോടും ഷാജനോടും നേരത്തെ ഇ ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും അത് നല്‍കിയിരുന്നില്ല.
ഇതിനിടെ, സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് ഇ ഡി കൈമാറി. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ ഡിയുടെ റിപ്പോർട്ടിലുണ്ട്.