നാമനിര്‍ദേശ പത്രിക സമര്‍പ്പണം: ഏപ്രില്‍ 4 ന് അവസാനിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് പത്രിക മാര്‍ച്ച് 3,4 തീയതി കൂടി സമര്‍പ്പിക്കാന്‍ സമയം. ഏപ്രില്‍ 4 ന് വൈകിട്ട് മൂന്നുവരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടാണ്.
പത്രിക സമര്‍പ്പണത്തിന്റെ മൂന്നാം ദിനം ആരും പത്രിക സമര്‍പ്പിച്ചില്ല
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് (02) സ്ഥാനാര്‍ഥികള്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. പത്രികകള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ സമര്‍പ്പിക്കാം.
ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി നാല് സെറ്റ് പത്രികകള്‍ വരെ നല്‍കാം. നാമനിര്‍ദേശ പത്രികയും അനുബന്ധഫോമുകളും വരണാധികാരിയുടെ ഓഫീസില്‍ ലഭിക്കും. പൊതു വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാര്‍ഥികള്‍ കെട്ടിവയ്ക്കേണ്ട തുക. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ(04). പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചും പിന്‍വലിക്കാനുള്ള തീയതി ഏപ്രില്‍ എട്ടുമാണ്.
പൂഞ്ഞാറിലും സ്ത്രീ വോട്ടര്‍മാര്‍ മുന്നിലെത്തി
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാര്‍ക്ക് സമ്പൂര്‍ണ ആധിപത്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുരുഷ വോട്ടര്‍മാരുടെ എണ്ണം കൂടുതലായിരുന്ന പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലും ഇക്കുറി സ്ത്രീവോട്ടര്‍മാരുടെ എണ്ണം പുരുഷന്‍മാരെക്കാള്‍ കൂടുതലായി.
ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാഞ്ഞിരപ്പള്ളി, തിരുവല്ല, റാന്നി, ആറന്‍മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം നേരത്തേതന്നെ കൂടുതലായിരുന്നു. ഇതിന് വിരുദ്ധ സ്വഭാവം കാണിച്ചിരുന്നത് പൂഞ്ഞാര്‍ മണ്ഡലം മാത്രമായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ 89,612 പുരുഷ വോട്ടര്‍മാര്‍ ഉണ്ടായിരുന്നപ്പോള്‍ 89,123 സ്ത്രീവോട്ടര്‍മാരേ ഉണ്ടായിരുന്നുള്ളൂ. 489 വോട്ടര്‍മാരുടെ വ്യത്യാസം.
ഇത്തവണ 2024 ജനുവരിയിലെ കണക്കനുസരിച്ച് 92,252 പുരുഷ വോട്ടര്‍മാരും 93,980 സ്ത്രീ വോട്ടര്‍മാരുമാണ് ഇവിടെയുള്ളത്. അതായത് 1,728 വോട്ടുകള്‍ക്ക് സ്ത്രീകള്‍ മുന്നിലെത്തി എന്നര്‍ത്ഥം.
മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ നില ചുവടെ (പുരുഷന്‍ – സ്ത്രീ എന്നീ ക്രമത്തില്‍)
കാഞ്ഞിരപ്പള്ളി: 88,861 94578
തിരുവല്ല: 99,217 1,09,855
റാന്നി: 91,381 98,540
ആറന്‍മുള: 1,10,752 1,23,135
കോന്നി: 94,075 1,05,786
അടൂര്‍: 96,530 1,09,821
കഴിഞ്ഞ 25 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷയില്‍ തുടര്‍നടപടികള്‍ നാളെ (04) പൂര്‍ത്തിയാവും. ഇതിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
പ്രചരണ ചെലവിന് നിയന്ത്രണം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും ഉപയോഗിക്കുന്ന സാധനസാമഗ്രികളുടെ ചെലവ് കണക്കാക്കാന്‍ സംവിധാനം എര്‍പ്പെടുത്തിയിട്ടുള്ളതായി തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
ദുര്‍വ്യയം തടയുന്നത് ലക്ഷ്യമാക്കിയാണ് ഓരോന്നിനും നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
റേറ്റ് ചാര്‍ട്ട് അടിസ്ഥാനമാക്കിയാണ് പണം ചെലവഴിക്കേണ്ടത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനാണ് ചെലവ് നിയന്ത്രണം. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇതുവഴി തുല്യ അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രചാരണ സാമഗ്രികളുടെ നിരക്കുകള്‍ നാമനിര്‍ദേശ പത്രികാസമര്‍പണ വേളയില്‍ ലഭ്യമാക്കുന്നുമുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഒഴിവാകല്‍;അപേക്ഷ പരിഗണിക്കാന്‍ പ്രത്യേക സമിതി
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഒഴിവാകുന്നതിനായി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതിന് ജില്ലാ ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു. സബ് കളക്ടര്‍ ചെയര്‍പേഴ്‌സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍, തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അപേക്ഷ പരിശോധിച്ചു തീരുമാനമെടുക്കുക.
ഗുരുതരമായ ആരോഗ്യ കാരണങ്ങളാല്‍ ഡ്യൂട്ടി ചെയ്യുവാന്‍ സാധിക്കാത്തവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകള്‍ സഹിതവും പങ്കാളികള്‍ക്ക് ഇരുവര്‍ക്കും പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരാളെ ഒഴിവാക്കണമെങ്കില്‍ നിയമന ഉത്തരവുകള്‍ സഹിതവും, ഒഴിവാക്കപ്പെട്ട വിഭാഗത്തില്‍ പെടുന്നവര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടെങ്കില്‍ നിയമന ഉത്തരവ് സഹിതമാണ് ജില്ലാ ഓര്‍ഡര്‍ സെല്ലിന് നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കേണ്ടിയിരുന്നത്. സെല്ലില്‍ ലഭിച്ച അപേക്ഷകള്‍ അനുബന്ധ രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും. ഒഴിവാക്കപ്പെടുന്നവരുടെ വിവരങ്ങള്‍ കളക്ടറേറ്റ് നോട്ടീസ് ബോര്‍ഡിepw pathanamthitta.nic.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റച്ചട്ടം നിലനില്‍ക്കേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, എക്‌സ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയോ, മറ്റെതെങ്കിലും വിധത്തിലോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റുകളിടാനോ, ഷെയര്‍ ചെയ്യാനോ, ലൈക്ക് ചെയ്യാനോ പാടില്ല. നിര്‍ദേശം പാലിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബാധകമാണ്. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ പതിക്കാന്‍ പാടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണനേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന ഫോട്ടോകളും നോട്ടീസും അടിയന്തിരമായി നീക്കം ചെയ്യണം. സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ഓഫീസുകളില്‍ പ്രചാരണം നടത്തുകയോ വോട്ട് അഭ്യര്‍ഥിക്കുകയോ ചെയ്യരുത്. സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളോ, രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ ഉദ്യോഗസ്ഥരോ പങ്കെടുക്കാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പത്രിക സമര്‍പ്പിച്ച് 24 മണിക്കൂറിനകമാണ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. അപൂര്‍ണമായ സത്യവാങ്മൂലവും കൗണ്ടര്‍ സത്യവാങ്മൂലവുമുണ്ടെങ്കില്‍ അതും സൈറ്റില്‍ പ്രസിദ്ധീകരിക്കും.
നാമനിര്‍ദേശ പത്രികയും ഫോം 26 ല്‍ നല്‍കുന്ന സത്യവാങ്മൂലവും റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം വൈകിട്ട് മൂന്നിനുശേഷം എല്ലാ നാമനിര്‍ദേശ പത്രികയുടേയും പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിയുടെ പൂര്‍ണ മേല്‍വിലാസം ഇതില്‍ രേഖപ്പെടുത്തും.
ലോകസഭ തെരഞ്ഞെടുപ്പ്,ജില്ലയിൽ സജീവമായി സാക്വഡുകൾ
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പൊതുതിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി 30 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, 15 ഫ്ളയിങ് സ്‌ക്വാഡ്, അഞ്ച് ആന്റി ഡീഫേയ്‌സ്മെന്റ് സ്‌ക്വാഡ്, അഞ്ച് വീഡിയോ സര്‍വൈലന്‍സ് ടീം, അഞ്ച് വീഡിയോ വ്യൂവിങ് ടീം എന്നിവരാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരെയും ഇന്‍കംടാക്‌സിന്റെ ഒരു ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവ് നിരീക്ഷണം, വോട്ടര്‍മാര്‍ക്ക് പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ നല്‍കി സ്വാധീനിക്കല്‍ എന്നിവ കണ്ടെത്തി തടയുക എന്നിവയാണ് സ്‌ക്വാഡുകളുടെ ചുമതല. മാതൃക പെരുമാറ്റചട്ടം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ജൂണ്‍ ആറ് വരെ തുടരും.
പൊതുതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം:പരാതികള്‍ അറിയിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മാതൃകാ പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ചുള്ള പരാതികള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. അന്വേഷണങ്ങള്‍ക്കും പരാതികള്‍ നല്‍കുന്നതിനുമായി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറായ 0468 2224256 ലും ടോള്‍ ഫ്രീ നമ്പറായ 1950 ലും ബന്ധപ്പെടാം.
മാതൃക പെരുമാറ്റചട്ടം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ജൂണ്‍ ആറ് വരെ തുടരും. സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ അറിയിക്കാം. പത്തനംതിട്ട മണ്ഡലത്തിലെ ചെലവ് നിരീക്ഷകന്‍ കമലേഷ് കുമാര്‍ മീണ ഐആര്‍എസ് ആണ്. ഫോണ്‍: 9530400019
ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം അഞ്ചിനും ആറിനും നടക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മെഷിനുകള്‍ കൈമാറും.
വാഹന നിയന്ത്രണം
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിട്ടുള്ള ഇവിഎം, വിവിപാറ്റ് മെഷീനുകളുടെ വിതരണം അഞ്ചിനും ആറിനും നടക്കുന്നതിനാല്‍ കളക്ടറേറ്റിലെ പ്രധാന ഗേറ്റ് വഴിയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം. വെയര്‍ ഹൗസി നും സിവില്‍ സ്റ്റേഷനും ഇടയില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നാലിന് ഉച്ചയ്ക്ക് ശേഷം സ്ഥലത്ത് നിന്ന് മാറ്റി പാര്‍ക്ക് ചെയ്യണം.
പോലീസ് നിരീക്ഷകന്‍ ജില്ലയിലെത്തി
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ
പോലീസ് നിരീക്ഷകന്‍ എച്ച് രാംതലെഗ്ലിയാന ഐപിഎസ് ജില്ലയിലെത്തി. കൊല്ലം, പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയാണ് അദേഹത്തിനുള്ളത്. ജില്ലയിലെ പോലീസ്,തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.