ഗുവാഹത്തി: നായകൻ സുനിൽ ഛേത്രി ഗോളടിച്ചിച്ചും ഇന്ത്യയ്ക്ക് തോൽവി. 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയ്ക്ക് തോൽവി പിണഞ്ഞത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അഫ്ഗാനിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ പരാജയം. ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 5 ദിവസം മുമ്പ് സൗദി അറേബ്യയിലെ അഭയിൽ ഏറ്റുമുട്ടിയപ്പോൾ ഇരുവരും ഗോളടിക്കാതെ പിരിഞ്ഞിരുന്നു. റഹ്‌മത്ത് അക്‌ബാരിയും ഷരീഫ് മുഹമ്മദുമാണ് അഫ്‌ഗാനായി ലക്ഷ്യംകണ്ടത്.
ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ 150ാം മത്സരമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് പെനൽറ്റിയിലൂടെയാണ് ക്യാപ്റ്റൻ ഗോൾ നേടിയത്യ ഇതോടെ 150 മത്സരങ്ങളിൽ നിന്നായി ഛേത്രിക്ക് 94 ഗോളായി. നിലവിൽ അന്താരാഷ്ട്ര ഫുട്ബാൾ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും പിന്നിൽ ഗോൾ വേട്ടക്കാരിൽ മൂന്നാമതാണ് ഛേത്രി. ഇന്ത്യൻ കുപ്പായത്തിൽ 150–-ാം മത്സരത്തിനിറങ്ങിയ ഛേത്രിയെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ആദരിച്ചു.