ന്യൂഡൽഹി;അധികൃതരെ കൂട്ടുപിടിച്ചുള്ള എബിവിപിയുടെ അട്ടിമറിശ്രമങ്ങളെ തകർത്തെറിഞ്ഞ് ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകാലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ ഉൾപ്പെടുന്ന ഇടതുപക്ഷ സഖ്യത്തിന് വമ്പൻ വിജയം. പ്രസിഡന്റായി ഇടതുപക്ഷ സഖ്യത്തിന്റെ ധനഞ്ജയ് (ഐസ) തെരഞ്ഞെടുക്കപ്പെട്ടു. 922 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.
വൈസ് പ്രസിഡന്റായി എസ്‌എഫ്‌ഐയുടെ അവിജിത് ഘോഷ് തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം: 927. ജനറൽ സെക്രട്ടറിയായി ഇടതുപക്ഷ സഖ്യം പിന്തുണച്ച പ്രിയാൻഷി (ബാപ്‌സ) തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിന് മണിക്കൂറിനുമുമ്പ് സഖ്യത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയെ അയോഗ്യയാക്കിയിരുന്നു. ഇതോടെ, ഇടതുപക്ഷസഖ്യം പ്രിയാൻഷിയെ പിന്തുണയ്‌ക്കുകയായിരുന്നു. 926 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയം.
ജോയിന്റ് സെക്രട്ടറിയായി എഐഎസ്‌എഫിലെ എം ഒ സാജിത് തെരഞ്ഞെടുക്കപ്പെട്ടു. ഭൂരിപക്ഷം 508. അഞ്ചുവർഷത്തോളമായി മുടങ്ങിക്കിടന്ന തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ തുടക്കംമുതൽ എബിവിപി ആക്രമണം നടത്തിയിരുന്നു. ഇടതുപക്ഷ സഖ്യത്തിന്റെ ജനറൽ സെക്രട്ടറിയെ വളഞ്ഞവഴിയിലൂടെ അയോഗ്യയാക്കുകയും ചെയ്‌തു. 42 കൗൺസിലർമാരിൽ 30 പേരും ഇടതുപക്ഷ സഖ്യത്തിൽ നിന്നാണ്. സോഷ്യൽ സയൻസ് കൗൺസിലറായി തൃശൂർ സ്വദേശി ഗോപിക വിജയിച്ചു.