സ്ഥിരത നിലനിർത്തുക
—————————–
ആയോധനകല അഭ്യസിച്ചു കൊണ്ടിരുന്ന ശിഷ്യൻ, ഗുരുവിനോടു ചോദിച്ചു.
“എനിക്കു കഴിവുകൾ വർദ്ധിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. താങ്കളെക്കൂടാതെ, ഞാൻ മറ്റൊരു ഗുരുവിൻ്റെ കൂടി ശിഷ്യത്വം, സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ,അപ്പോൾ എനിക്കു വ്യത്യസ്ഥമായ കാര്യങ്ങൾ പഠിക്കാമല്ലോ. എന്താണു താങ്കളുടെ അഭിപ്രായം” ഗുരു പറഞ്ഞു: ” രണ്ടു മുയലുകളുടെ പുറകെ പോയ ആരുമൊന്നിനേപ്പോലും, ഇതു വരെ പിടിച്ചതായി അറിവില്ല!”
സ്ഥിരത ഒരു നിർണ്ണായക ഘടകമാണ്. പരിശ്രമത്തിലും, പുരോഗതിയിലും. മനസ്സിലെ ചാഞ്ചാട്ടം, പ്രവൃത്തിയുടെ പൂർണ്ണതയില്ലാതാക്കും. സംശയ ദൃഷ്ടിയോടെയും, അർദ്ധമനസ്സോടെയും നാം സമീപിക്കുന്നതെല്ലാം, നമ്മിൽ നിന്നു വഴുതി മാറുകയേയുള്ളൂ. പലരും സ്വായത്തമാക്കാനാഗ്രഹിച്ച പലതും, അവരിൽ നിന്നുമകന്നു പോയതു, ലക്ഷ്യം വെച്ചവയുടെ വലിപ്പം കൊണ്ടോ, അപ്രാപ്യത കൊണ്ടോ അല്ല; ഉള്ളിലെ ഊർജ്ജത്തിൻ്റെയും, വിശ്വാസത്തിൻ്റെയും പരിമിതി കൊണ്ടാണ്.
പരിശീലിക്കുന്ന പ്രവൃത്തിയേയും, പരിശീലകനേയും അവിശ്വസിക്കുന്നവർ, ശിഷ്യരെന്ന വിളിപ്പേരിനു പോലും, യോഗ്യരല്ല. സാമർത്ഥ്യം കൊണ്ടും, നൈപുണ്യം കൊണ്ടും മാത്രം, എല്ലാം നേടിയെടുക്കാനായിയെന്നു വരില്ല. ചിലതിനെങ്കിലും, സമയത്തിൻ്റെയും സമ്പർക്കത്തിൻ്റെയും, വില നൽകേണ്ടി വരും. ഒരു രാത്രി കൊണ്ടാരാണ് ലോകം കീഴടക്കിയിട്ടുള്ളത്.
ഒന്നു നേടണമെങ്കിൽ, ചിലപ്പോൾ, ഒന്നിലധികം കാര്യങ്ങളെ, ഒഴിവാക്കേണ്ടി വരും. ഒരാളെത്തിപ്പിടിച്ച ഓരോ നേട്ടത്തിൻ്റെയും കഥ പറയുന്നത്. അയാൾ ഒഴിവാക്കിയ ഒട്ടേറെ കാര്യങ്ങളുടെ കഥകൾ കൂടിയാണ്.ഒരാൾ വരുത്തിക്കൂട്ടിയ ഓരോ നഷ്ടത്തിൻ്റെയും കഥ പറയുന്നത്, അയാൾ പുറകേ പോയ അക്കരപ്പച്ചകളുടെ കഥകൾ കൂടിയാണ് പലതിൻ്റെയും, പലരുടെയും പുറകേ പോകുന്നവരൊക്കെ, അവസാനം, പരാജിതരായി, പ്രയോജനരഹിരാകും . നമുക്കങ്ങനെ സംഭവിക്കാതിരിക്കട്ടെ