പാക്കറ്റുകളില്‍ പല രുചികളില്‍ കിട്ടുന്ന ഉരുളക്കിഴങ്ങ് ചിപ്സില്‍ ലഹരികളില്‍ അടിമപ്പെടുന്നതുപോലെ സമാനമായ അഡിക്ഷനുണ്ടാക്കുന്ന സാധനങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പുതിയ പഠനം.
അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്‍, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷന്‍ വ്യക്തികളില്‍ ഉണ്ടാക്കുന്നുവെന്നും പത്ത് പേരെ എടുത്താല്‍ അതില്‍ ഒരാള്‍ക്കെങ്കിലും ഈ പദാര്‍ത്ഥങ്ങളില്‍ ആസക്തി ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഇതുമൂലമാണ് മനുഷ്യരില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വര്‍ദ്ധിക്കുന്നത്.
ഈ ഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തില്‍ ഡോപമൈന്‍ ഹോര്‍മോണുകള്‍ അമിതമായി ഉത്പദിപ്പിക്കപ്പെടുകയും പിന്നീട് കുറയുകയും ചെയ്യുന്നു. ഈ ഹോര്‍മോണുകളുടെ ഉത്പാദനം കുറയുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വര്‍ദ്ധിക്കുന്നുവെന്നും ഈ ശീലം കാരണം പൊണ്ണത്തടി, പ്രമേഹം, തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.