പത്തനംതിട്ട: ഇത്തവണ കേരളത്തിൽ താമര വിരിയുമെന്ന് ഉറപ്പാണെന്നും കേരളത്തിൽ എൻഡിഎയിൽനിന്ന് വിജയിക്കുന്നവരുടെ എണ്ണം രണ്ടക്കം കടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തിയ മോദി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
സ്വാമിയെ ശരണമയ്യപ്പാ എന്ന് ശരണംവിളിച്ചുകൊണ്ടാണ് മോദിയുടെ പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ ഇത്തവണ താമര വിരിയുമെന്നും രാജ്യത്ത് ബിജെപി നാനൂറിലധികം സീറ്റ് നേടുമെന്നും മോദി പറഞ്ഞു.
നേരത്തെ, പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള മൈതാനിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അദ്ദേഹം 2.20 ഓടെ റോഡുമാർഗം പൊതുസമ്മേളനവേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് അദ്ദേഹം സമ്മേളന വേദിയിലെത്തിയത്. കന്യാകുമാരിയിലെ പ്രചാരണ യോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു അദ്ദേഹം പത്തനംതിട്ടയിലേക്കെത്തിയത്. സമ്മേളനവേദിയിൽ എത്തിയ മോദിയെ പ്രവർത്തകർ ആവേശത്തോടെ സ്വീകരിച്ചു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനങ്ങളിലൊന്നാണ് പത്തനംതിട്ടയിൽ നടക്കുന്നത്. എൻ.ഡി.എ. സ്ഥാനാർഥികളായ അനിൽ ആൻ്റണി (പത്തനംതിട്ട), ബൈജു കലാശാല (മാവേലിക്കര), ശോഭാസുരേന്ദ്രൻ (ആലപ്പുഴ), വി.മുരളീധരൻ (ആറ്റിങ്ങൽ) എന്നിവരടക്കം വേദിയിലുണ്ട്. ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖൻ, അൽഫോൺസ് കണ്ണന്താനം, ജോർജ് കുര്യൻ, തുഷാർ വെള്ളാപ്പള്ളി, പദ്മജ വേണുഗോപാൽ, പി.സി. ജോർജ്, ഷോൺ ജോർജ്, സന്ദീപ് വാചസ്പതി, പ്രമീളാ ദേവി, വി.എ. സൂരജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും എത്തിയിട്ടുണ്ട്. 11.45 ഓടെ സംസ്ഥാന നേതാക്കളുടെ പ്രസംഗങ്ങൾ ആരംഭിച്ചിരുന്നു. മോദി എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ അദ്ദേഹത്തിൻ്റെ മുൻ പ്രസംഗങ്ങൾ മലയാളത്തിൽ വേദിയിൽ കേൾപ്പിച്ചു. നിർമിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയാണ് ഹിന്ദിയിലുള്ള പ്രസംഗങ്ങൾ മലയാളത്തിലാക്കി വേദിയുടെ പിന്നിലെ സ്ക്രീനിൽ പ്രദർശിപ്പിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചടങ്ങുകളിൽ പങ്കെടുത്ത് മോദി പ്രസംഗിച്ചതടക്കമുള്ളതാണ് എ.ഐ.യിലൂടെ മലയാളത്തിലേക്ക് എത്തിയത്. ബി.ജെ.പി സർക്കാരിൻ്റെ നേട്ടങ്ങളായിരുന്നു പ്രസംഗങ്ങളുടെ ഉള്ളടക്കം.