ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർഷകർക്ക് വമ്പന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് . ‘കിസാൻ ന്യായ്’ ഗ്യാരൻ്റി എന്ന പേരില്‍ അഞ്ച് പദ്ധതികള്‍ ആണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങളിൽ നികുതി ഒഴിവാക്കുന്നതിനായി ജിഎസ്ടി വ്യവസ്ഥയിൽ ഭേദഗതി വരുത്തും.
കർഷകരുടെ താൽപര്യം മുൻനിർത്തി പുതിയ ഇറക്കുമതി-കയറ്റുമതി നയം ഉറപ്പാക്കും. ഇൻഷുറൻസ് പദ്ധതിയിൽ മാറ്റം വരുത്തി വിളനാശമുണ്ടായാൽ 30 ദിവസത്തിനകം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകും. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനും വായ്പ എഴുതിത്തള്ളാനുള്ള തുക നിശ്ചയിക്കുന്നതിനുമായി കാർഷിക വായ്പ ഒഴിവാക്കൽ കമ്മീഷൻ രൂപീകരിക്കും.
സ്വാമിനാഥൻ കമ്മീഷൻ്റെ ശുപാർശകൾ പ്രകാരം എംഎസ്പിക്ക് നിയമപരമായ പദവി ഉറപ്പാക്കും എന്നിവയാണ് അഞ്ച് പദ്ധതികള്‍. ‘കിസാൻ ന്യായ്’ ഗ്യാരന്റിയുടെ വിശദാംശങ്ങൾ എക്‌സ് പ്ലാറ്റ്ഫോം വഴിയാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് അവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനുളള ആദ്യത്തെ ചുവടുവെപ്പ് മാത്രമാണ് ഈ അഞ്ച് പദ്ധതികളെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.