🔹ഫിലഡൽഫിയയിലെ സെപ്റ്റ ബസ് സ്റ്റോപ്പിൽ കഴിഞ്ഞയാഴ്ച എട്ട് കൗമാരക്കാർക്ക് പരിക്കേറ്റ കൂട്ട വെടിവയ്പ്പിൽ അന്വേഷിക്കുന്ന നാലാമത്തെ പ്രതി അസിർ ബൂൺ (17) ആണെന്ന് യുഎസ് മാർഷലുകൾ തിരിച്ചറിഞ്ഞു. അസിർ ബൂൺ (17)അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ വരെ പാരിതോഷികം നൽകുമെന്ന് മാർഷലുകൾ വാഗ്ദാനം ചെയ്യുന്നു. കൂട്ട് പ്രതികളായ ജെർമഹദ് കാർട്ടർ (19) ജമാൽ ടക്കർ (18 ),അഹ്നൈൽ ബഗ്‌സ് (18) കസ്റ്റഡിയിലാണ്. മൂന്ന് പ്രതികൾക്കെതിരെയും കൊലപാതകശ്രമം, ക്രൂരമായ ആക്രമണം, മറ്റ് നിരവധി കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ട്. മാർച്ച് 6 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ നിരവധി നോർത്ത് ഈസ്റ്റ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ കോട്ട്‌മാൻ& റൈസിംഗ് സൺ അവന്യൂവുകളിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് വെടിവയ്‌പ്പ് ഉണ്ടായത്.
🔹കൻസാസ് സിറ്റി ചീഫ്സ് സൂപ്പർ ബൗൾ പരേഡിലും റാലിയിലും നടന്ന കൂട്ട വെടിവയ്പ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന് ശേഷം, മിസോറിയിലെ കൻസാസ് സിറ്റിയിൽ നിന്നുള്ള മൂന്ന് പേർ തോക്ക് കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരിടുന്നുണ്ടെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ ബുധനാഴ്ച പറഞ്ഞു. ഫെഡോ അൻ്റോണിയ മാനിംഗിൻ (22)നെതിരെ 12 എണ്ണത്തിലുള്ള പരാതിയിൽ കുറ്റം ചുമത്തിയതായി കൻസാസ് സിറ്റിയിലെ യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. റോണൽ ഡിവെയ്ൻ വില്യംസ് ജൂനിയർ, (21) ചെയ്ലിൻ ഹെൻഡ്രിക് ഗ്രോവ്സ് (19) എന്നിവർക്കെതിരെ നാല് പരാതികളിൽ കുറ്റം ചുമത്തി. ഫെബ്രുവരി 14-ന് ഏകദേശം 10 ലക്ഷം ആളുകൾ പങ്കെടുത്ത റാലിയിൽ 18 പേർ സംഘർഷമുണ്ടാക്കിയിരുന്നു. ഒരു സ്ത്രീ മരിക്കുകയും രണ്ട് ഡസനോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
🔹ചൊവ്വാഴ്ച വൈകുന്നേരം ജോഗിങ്ങിനിടെ ഒരു യുവതിയെ ആക്രമിച്ച പ്രതിയെ മോണ്ട്ഗോമറി ടൗൺഷിപ്പിലെ പോലീസ് തിരയുന്നു. മോണ്ട്‌ഗോമറി ടൗൺഷിപ്പിലെ ലോംഗ്‌ലീറ്റ്, വെസ്റ്റ്ഗേറ്റ് ഡ്രൈവ്‌സ് ഏരിയയിൽ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. യുവതിയുടെ കണ്ണിന് നിസാര പരിക്കേറ്റിട്ടുണ്ട്. ആക്രമിക്കപ്പെട്ട ശേഷം വീട്ടിലേക്ക് ഓടിയെത്തിയ യുവതി പോലീസിന് റിപ്പോർട്ട് ചെയ്തു. ഏകദേശം 20 വയസ്സ് പ്രായമുള്ള ആളാണ്, ആറടി ഉയരവും മെലിഞ്ഞ ശരീര പ്രകൃതവുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
🔹കിംഗ് ഓഫ് പ്രഷ്യയിലെ വാലി ഫോർജ് കാസിനോയിൽ നടന്ന സായുധ കവർച്ചയെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ചൊവ്വാഴ്ച രാത്രി 10.50ഓടെയാണ് സംഭവം. ഹൂഡികളും വെള്ള കയ്യുറകളും വെള്ള സ്‌കീ മാസ്‌കുകളും ധരിച്ച രണ്ട് പേർ തോക്കുകളുമായി പണം ആവശ്യപ്പെട്ടിരുന്നതായി പെൻസിൽവാനിയ സ്റ്റേറ്റ് പോലീസ് പറഞ്ഞു. അതും ഫലിക്കാതെ വന്നപ്പോൾ കൗണ്ടറിൽ നിന്ന് ടിപ്പ് ബോക്‌സ് എടുത്ത് ആളുകൾ പോയതായി പോലീസ് പറയുന്നു.
🔹ലോകത്തിലെ ഏറ്റവും ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളിലൊന്നായ ടിക്‌ടോക്കിനെതിരെ രാജ്യവ്യാപകമായി നിരോധിക്കാൻ ഇടയാക്കുന്ന ബിൽ പാസാക്കുന്നതിന് സഭ ബുധനാഴ്ച വോട്ട് ചെയ്തു. ഏകദേശം 170 ദശലക്ഷം അമേരിക്കക്കാർ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അതിൻ്റെ ചൈനീസ് മാതൃ കമ്പനിയായ ByteDance-ൽ നിന്ന് വേർപെടുത്തിയില്ലെങ്കിൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്ന് TikTok-നെ ബിൽ നിരോധിക്കും.
🔹വൈദ്യുതി ഉപയോഗം തുടർച്ചയായ ദിവസങ്ങളിൽ 100 ദശലക്ഷം യൂണിറ്റ് കടന്ന സാഹചര്യത്തിൽ, സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. സംസ്ഥാനത്തെ വൈദ്യുതി സാഹചര്യം രൂക്ഷമാകുന്നുവെന്ന് കാട്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
🔹കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ തമ്പാനൂര്‍ സതീഷ്, മറ്റൊരു കോൺഗ്രസ് നേതാവ് പദ്‌മിനി തോമസ് എന്നിവർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷനും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
🔹മാലിന്യവണ്ടിയിൽ നിന്ന് ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ വീണ് വാഹനാപകടം.ബ്രഹ്മപുരത്തേക്ക് പോകുന്ന മാലിന്യ വണ്ടിയിൽ നിന്നുള്ള അവശിഷ്ടങ്ങളാണ് റോഡിൽ വീണത്. കാക്കനാട് സിഗ്നലില്‍ ആണ് സംഭവം. നഗരസഭ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. ഇത്തരത്തിലുള്ള അപകടം ഇവിടെ പതിവാണെന്ന് ഫയർഫോഴ്സും വ്യക്തമാക്കി.
🔹മയക്കുമരുന്ന് കേസിലെ പ്രതി എക്സൈസ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. ഇന്നലെ വൈകീട്ടാണ് വീട്ടിൽ നിന്ന് ഷോജോയെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്. രാവിലെ 7 മണിക്കാണ് ഇയാൾ സ്റ്റേഷനകത്തെ ലോക്കപ്പ് മുറിയിൽ തൂങ്ങി മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് അന്വേഷണം നടത്തിവരിക്കുകയാണ്.
🔹തമിഴ്‌നാട്ടിൽ ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഗവര്‍ണര്‍ ആര്‍എൻ രവിക്ക് കത്തയച്ചു. എന്നാൽ രാവിലെ ദില്ലിക്ക് പോകുമെന്ന് ഗവര്‍ണര്‍ ആര്‍എൻ രവി വാര്‍ത്താക്കുറിപ്പ് ഇറക്കി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായിരുന്ന മുൻ മന്ത്രി പൊന്മുടിയുടെ സത്യപ്രതിജ്ഞ നാളെ നടത്തണമെന്നായിരുന്നു സ്റ്റാലിന്റെ ആവശ്യം.
🔹പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
🔹സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ ചോദ്യങ്ങളുടെ എണ്ണം 20ല്‍ നിന്ന് 30ആക്കി ഉയര്‍ത്തുന്നു. ഈ 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസാകൂവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
🔹അപകടരഹിതമായ സഞ്ചാരസ്വതന്ത്ര്യം ഉറപ്പാക്കാന്‍ നിയമവിരുദ്ധമായി സ്ഥാപിക്കുന്ന ആര്‍ച്ചുകള്‍ നീക്കം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ച്ചുകള്‍ സ്ഥാപിക്കുന്ന വിഷയത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
🔹ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. 1000.28 ഹെക്ടര്‍ ഭൂമിയാണു സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആക്ഷേപമുള്ളവര്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം.
🔹കേരളത്തില്‍ ഏറെ ആരാധകരുള്ള യതീഷ് ചന്ദ്ര ഐ പി എസ് കേരള സര്‍വീസിലേക്ക് മടങ്ങിയെത്തുന്നു. ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി എസ് പി ആയാണ് യതീഷ് ചന്ദ്ര തിരിച്ചെത്തുന്നത്. കര്‍ണാടകയില്‍ നിന്നും ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയില്‍ നിയമിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
🔹തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച അരുണ്‍ ഗോയല്‍ പഞ്ചാബില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ലുധിയാന ലോക്‌സഭാമണ്ഡലത്തില്‍ ഗോയലിനെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് സൂചന.
🔹ഉത്തരാഖണ്ഡിലെ ഏക സിവില്‍ കോഡ് ബില്ലില്‍ രാഷ്ടപതി ഒപ്പുവച്ചു. ഇതോടെ ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. ബഹുഭാര്യാത്വത്തിനും ശൈശവ വിവാഹത്തിനും നിരോധനം, എല്ലാ മതങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കല്‍, വിവാഹ മോചനത്തിന് ഏകീകൃത നടപടിക്രമം എന്നിവയടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
🔹മുംബൈയിലെ എട്ട് സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈ സെന്‍ട്രല്‍ സ്റ്റേഷന്റെ പേര് ശ്രീ ജഗന്നാഥ് ശങ്കര്‍ സേത് എന്നാകും.മറൈന്‍ ലൈന്‍ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്നാക്കി. അഹമ്മദ് നഗര്‍ ജില്ലയുടെ പേര് അഹല്യ നഗര്‍ എന്നും മാറ്റിയിട്ടുണ്ട്.
🔹നിലവിലെ കപ്പലുകള്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതല്ലെന്നും അതുകൊണ്ട് കോസ്റ്റ്ഗാര്‍ഡിലെ വനിത ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കാനാകില്ലെന്നും കോസ്റ്റ്ഗാര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. കോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കിയത്. കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ കോസ്റ്റ് ഗാര്‍ഡ് പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍, ഇതിനായി പുതിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി.
🔹ഉര്‍വശി റൗട്ടേല, സിദ്ധാര്‍ഥ് ബോഡ്കെ, പിയൂഷ് മിശ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ശര്‍മ്മ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജെഎന്‍യു: ജഹാംഗീര്‍ നാഷണല്‍ യൂണിവേഴ്സിറ്റി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ക്കെതിരെ നിരവധി വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളും സമരങ്ങളും പൊട്ടിപുറപ്പെട്ട ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് ചിത്രത്തിലൂടെ നടത്തുന്നതെന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്.