ന്യൂഡൽഹി: ജമ്മു -കശ്‌മീർ വിഭജിച്ച് സൃഷ്ടിച്ച കേന്ദ്രഭരണപ്രദേശമായ ലഡാക്കിന് 371–-ാം വകുപ്പ് പ്രകാരമുള്ള പരിരക്ഷ നൽകിയേക്കും. ഭൂമി വാങ്ങാനും തൊഴിൽ ചെയ്യാനുമുള്ള അവകാശം പ്രദേശവാസികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണിത്. ലഡാക്കിനെ ആദിവാസിമേഖല സ്വയംഭരണ കൗൺസിലുകൾ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ആറാം ഷെഡ്യൂളിൽപെടുത്തുക, സംസ്ഥാന പദവി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം നടക്കുകയാണ്.
ഈ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ലഡാക്കിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത്‌ഷാ പറഞ്ഞു. അതേസമയം, പ്രദേശത്തെ തൊഴിലുകളിൽ 80 ശതമാനം നാട്ടുകാർക്കായി സംവരണം ചെയ്യാമെന്ന് അമിത്‌ഷാ ഉറപ്പ് നൽകിയെന്ന് ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകിവന്ന 370–-ാം വകുപ്പ് റദ്ദാക്കിയാണ് രണ്ട് കേന്ദ്രഭരണപ്രദേശമായി തരംതാഴ്‌ത്തിയത്.