റാഞ്ചി:ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് അഞ്ചു വിക്കറ്റ് ജയം. നാലാംദിനം അനായാസ ജയം പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ റാഞ്ചിയിലെ കുത്തിത്തിരിയുന്ന പിച്ചിൽ ഇംഗ്ലീഷ് ബൗളർമാർ വട്ടംകറക്കിയെങ്കിലും ശുഭ്മൻ ഗില്ലിന്‍റെയും ധ്രുവ് ജുറെലിന്‍റെയും ചെറുത്തുനിൽപ്പാണ് രക്ഷിച്ചത്. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. ഒരു ടെസ്റ്റ് മത്സരം ബാക്കി നിൽക്കെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
സ്കോർ: ഇംഗ്ലണ്ട് -353, 145. ഇന്ത്യ- 307, അഞ്ചിന് 192. 124 പന്തിൽ 52 റൺസെടുത്ത് ഗില്ലും 77 പന്തിൽ 39 റൺസുമായി ജുറെലും പുറത്താകാതെ നിന്നു. ഇരുവരും ആറാം വിക്കറ്റിൽ നേടിയ 72 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന്‍റെ അടിത്തറ. നായകൻ രോഹിത് ശർമയും അർധ സെഞ്ച്വറി നേടി. നാലാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 40 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ഇംഗ്ലീഷ് ബൗളർമാരുടെ കുത്തിത്തിരിയുന്ന പന്തിൽ റണ്ണെടുക്കാൻ ഏറെ ബുദ്ധിമുട്ടി. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 37 റൺസെടുത്ത താരം ജോ റൂട്ടിന്റെ പന്തിൽ ജെയിംസ് ആൻഡേഴ്സണ് ക്യാച്ച് നൽകിയാണ് മടങ്ങിയത്. അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ നായകൻ രോഹിത് ഷർമയും മടങ്ങി.
ടോം ഹാർട്ലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപ് ചെയ്താണ് താരത്തെ പുറത്താക്കിയത്. 81 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടെ 55 റൺസ് നേടിയാണ് രോഹിത് മടങ്ങിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 84 റൺസാണ് കൂട്ടിചേർത്തത്. നാലാമനായിറങ്ങിയ രജത് പാട്ടിദാർ വീണ്ടും നിരാശപ്പെടുത്തി. ആറു പന്തു നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ ഒലി പോപ്പിന് ക്യാച്ച് നൽകി പുറത്തായി. പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജദേജക്കും (33 പന്തിൽ നാല്) പിടിച്ചുനിൽക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ സർഫറാസ് ഖാനും പുറത്ത്. ബഷീറിനാണ് രണ്ടു വിക്കറ്റുകളും. 120 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടം. തുടർന്നായിരുന്നു ഗില്ലിന്‍റെയും ജുറെലിന്‍റെയും രക്ഷാപ്രവർത്തനം.
ഇംഗ്ലണ്ടിനായി ശുഐബ് ബഷീർ മൂന്നു വിക്കറ്റ് നേടി. ജോ റൂട്ട്, ഹാർട്ലി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. കുത്തിത്തിരിയുന്ന പിച്ചിൽ ഫാസ്റ്റ് ബൗളർമാരെ അരികിൽ നിർത്തി ഇന്ത്യൻ സ്പിന്നർമാർ കളിയേറ്റെടുത്ത മൂന്നാം ദിനത്തിൽ ഇംഗ്ലീഷ് ബാറ്റിങ് അതിവേഗം തകർന്നടിയുകയായിരുന്നു. ടെസ്റ്റിൽ 500 തികച്ച ആഘോഷമൊടുങ്ങുംമുമ്പ് വീണ്ടും സംഹാരരൂപിയായി മാറിയ അശ്വിനും കൂട്ടുനൽകി കുൽദീപ് യാദവും ഉറഞ്ഞുതുള്ളിയപ്പോൾ ഇംഗ്ലീഷ് സംഘം രണ്ടാം ഇന്നിങ്സ് 145ൽ അവസാനിപ്പിച്ചു മടങ്ങി. അഞ്ചു വിക്കറ്റിന് 120 എന്ന നിലയിൽ ചായക്കുശേഷം ബാറ്റിങ് തുടർന്ന ഇംഗ്ലീഷ് തകർച്ച അതിവേഗത്തിലായിരുന്നു. നേരത്തേ ഓപണർ സാക് ക്രോളിയെയും ബെൻ സ്റ്റോക്സിനെയും മടക്കിയ കുൽദീപ് ടോം ഹാർട്ട്‍ലിയെ ഏഴു റൺസിലും ഓലി റോബിൻസണിനെ പൂജ്യനായും തിരികെ പവിലിയനിലെത്തിച്ചു.
ആദ്യ സെഷനിൽ അത്യാവേശത്തോടെ പന്തെറിഞ്ഞ അശ്വിൻ തുടരെ വിക്കറ്റുകൾ പിഴുത് കരിയറിലെ 35ാം അഞ്ചു വിക്കറ്റും തികച്ചു. ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയായിരുന്നു കുൽദീപിന്- 22 റൺസിന് നാലു വിക്കറ്റ്. നേരത്തേ ഇംഗ്ലീഷ് ബൗളർമാരെ വീരോചിതം നേരിട്ട യുവതാരം ധ്രുവ് ജുറെലിന്റെ കരുത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ അടിച്ചെടുത്തത് 307 റൺസ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 353 റൺസെടുത്തിരുന്നു. 149 പന്തിൽ 90 റൺസെടുത്ത ജുറെൽ പത്താമനായാണ് പുറത്താകുന്നത്. നാലു സിക്സും ആറു ഫോറുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മൂന്നാം ദിനം ഏഴിന് 219 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. ജുറെലിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യൻ സ്കോർ 300 കടത്തിയത്.