ക്രിസ്സ്മസ്സ്: ദൈവം സ്നേഹിച്ചതുപോലെ സ്നേഹിക്കാനുള്ള ക്ഷണം
(1 യോഹ: 3:16-18)
“അവൻ നമുക്കു വേണ്ടി പ്രാണനെ വെച്ചു കൊടുത്തതിനാൽ നാം സ്നേഹം എന്തെന്ന് അറിഞ്ഞിരിക്കുന്നു. നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചു കൊടുക്കേണ്ടതാകുന്നു” ( വാ. 16).
ഇപ്രകാരമുള്ള ഒരു സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ട്.
രണ്ടു സഹോദരന്മാർ, അവർക്ക് കുടുംബാവകാശമായി ലഭിച്ച ഭൂമിയിൽ നെൽകൃഷി ചെയ്തിരുന്നു. ഒരാൾ കുടുംബസ്ഥനും മറ്റേയാൾ അവിവാഹിതനും. അവർ ആദായം തുല്യമായാണ് വീതിച്ചിരുന്നത്. അങ്ങനെയിരിക്കെ, അവിവാഹിതനായ സഹോദരൻ
ചിന്തിച്ചു: “എൻ്റെ സഹോദരന് ഒരു വലിയ കുടുംബം പോറ്റാനുണ്ട്. ഞാൻ എൻ്റെ ഓഹരിയിൽ നിന്ന് എൻ്റെ സഹോദരന് കുറച്ചുകൂടി നെല്ല് നൽകും”. ഓരോ രാത്രിയിലും ഇരുട്ടിൻ്റെ മറവിൽ, അയാൾ തൻ്റെ വിഹിതത്തിൽ നിന്ന്, ഓരോ ചാക്ക് നെല്ല്, തൻ്റെ സഹോദരൻ്റെ കളപ്പുരയിൽ കൊണ്ടിടുവാൻ തുടങ്ങി.
വിവാഹിതനായ സഹോദരനും ഇപ്രകാരം ചിന്തിച്ചു:
“നെല്ല് തുല്യമായി വീതിക്കുന്നത് ശരിയല്ല. വാർദ്ധ്യക്യത്തിൽ എന്നെ നോക്കാൻ എൻ്റെ മക്കൾ ഉണ്ടായിരിക്കും. എന്നാൽ എൻ്റെ സഹോദരനെ നോക്കാൻ ആരും ഉണ്ടായിരിക്കയില്ല”.
അയാളും ഓരോ രാത്രിയുടെയും മറവിൽ, ഓരോ ചാക്ക് നെല്ല് തൻ്റെ സഹോദരൻ്റെ കളപ്പുരയിൽ കൊണ്ടിടുവാൻ ആരംഭിച്ചു. വ്യത്യസ്ഥ സമയങ്ങളിൽ ആയിരുന്നു അവർ ഇങ്ങനെ ചെയ്തിരുന്നത് എന്നതിനാൽ, രണ്ടു സഹോദരർക്കും ഇതു മനസ്സിലായില്ല എന്നു മാത്രമല്ല, തങ്ങളുടെകളപ്പുരകളിലെ ധാന്യം കുറഞ്ഞുപോകാതിരുന്നതിൻ്റെ രഹസ്യം അവർക്കു രണ്ടു പേർക്കും മനസ്സിലാ
യതുമില്ല!
അങ്ങനെയിരിക്കേ, ഒരു രാത്രി നെല്ലു ചുമന്നും കൊണ്ടുള്ള യാത്രയിൽ, എങ്ങനെയോ,
വഴിമദ്ധ്യെ അവർ കണ്ടുമുട്ടി. അപ്പോൾ മാത്രമാണ്, തങ്ങളുടെ കളപ്പുരകളിലെ നെല്ല് കുറഞ്ഞു പോകാതിരുന്നതിൻ്റെ രഹസ്യം അവർക്ക് മനസ്സിലായത്. തങ്ങളുടെ ചാക്കുകൾ താഴെ വെച്ച് അവർ അന്യോന്യം ആലിംഗന ബദ്ധരായി. ഒരു ക്രിസ്തുമസ്സ് അവിടെ പിറവി എടുക്കുകയായിരുന്നു!
സനേഹം ജഡം ധരിച്ച്, ഭൂമിയിൽ മനുഷ്യനായി പിറന്ന അനുഭവും ആണ്, ക്രിസ്സ്മസ്സ്.
“തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു” (യോഹ: 3:16) എന്നാണ്, സുവിശേഷകൻ അതേക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. “അവനെ കൈക്കൊണ്ട് അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു” (യോഹ: 1:12) എന്നും അതേ സുവിശേഷകൻ മറ്റൊരിടത്ത് രേഖപ്പെടുത്തിയിരിക്കുന്നു.
സ്നേഹത്തിൻ്റെ ആത്മാവിനെ ഉൾക്കൊള്ളുന്നവർക്ക് മാത്രമേ, ക്രിസ്സ്മസ്സിൻ്റെ മഹാസന്തോഷത്തിന് അവകാശികളാകാനും ദൈവ മക്കളായി തീരാനും സാദ്ധ്യമാകൂ. ധ്യാനഭാഗത്ത് അതേ കാര്യം തന്നെയാണ്, അപ്പോസ്തലൻ നമ്മോട് ആവശ്യപ്പെടുന്നത്. നമുക്കത് അനുവർത്തിക്കാം.
ക്രിസ്സ്മസ്സ് സന്തോഷത്തിൻ്റെ ഉടമകളും, ദൈവ പുത്ര, പുത്രീ പദവിയുടെ അനുഭവക്കാരും ആകാം. ദൈവം സഹായിക്കട്ടെ.