പത്തനംതിട്ട –ശബരിമല സന്നിധാനത്ത് ഒന്നരവർഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ ആറര ലക്ഷത്തിലധികം ടിൻ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂർ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്. 6,65,127 ടിൻ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. കേടായ അരവണ സെപ്തംബറോടെ പൂർണമായി നീക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിർദേശം വന്നെങ്കിലും നടപടികൾ നീണ്ടുപോവുകയായിരുന്നു. 2023 ജനുവരിയിലാണ് ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്. എന്നാൽ, കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാൻ ഹർജിക്കാരനായില്ല. കേസ് തള്ളിപ്പോയി. എന്നാൽ, അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.
ശബരിമലയിലെ അരവണയില്‍ ഉപയോഗിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്കയെന്ന് പരിശോധനാ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഹൈക്കോടതിയിലേക്ക് കേസെത്തിയത്. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഏലയ്ക്ക സുരക്ഷിതമല്ലെന്നും കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ അരവണയിലേത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരത്തെ ലാബില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയില്‍ പരിശോധിച്ച ശേഷം ഗുണനിലവാരമുള്ള ഏലക്ക മാത്രമാണ് സന്നിധാനത്തേക്ക് അയക്കുന്നത്.