താര സംഘടനയായ അമ്മയും ഡബ്യൂസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്നാണ് ജാമ്യാപേക്ഷയിൽ സിദ്ദിഖിന്റെ വാദം. ഓൺലൈൻ ആയാണ് സുപ്രീംകോടതിയിൽ നടൻ ഹർജി സമർപ്പിച്ചത്.
പോലീസ് ശരിയായ അന്വേഷണം കൂടാതെയാണ് ബലാൽസംഗ കേസിൽ പ്രതിയാക്കിയതെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
എട്ടു വർഷത്തിനുശേഷം ഉന്നയിക്കുന്ന പീഡന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഭയം മൂലം പറയാതിരുന്നു എന്നത് അവിശ്വസനീയം എന്നും സിദ്ദിഖ്. 2019 ൽ സോഷ്യൽമീഡിയിലൂടെ ആരോപണമുന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിട്ടില്ല. ഈ കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നും സിദ്ദിഖ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനെതിരെ തിരച്ചിൽ ശക്തമാക്കാനൊരുങ്ങി പോലീസ്. മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദ്ദേശം നൽകി.
സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണ സംഘത്തിന്റെ ഫോൺ നമ്പറും തമിഴ്നാട് കർണാടക പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനായി ഇന്നലെ തന്നെ കൈമാറി.