Monday, September 16, 2024
HomeUncategorizedനടൻ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശസ്ത്രക്രിയ: മഞ്ജിമയ്ക്ക് പുതുജന്മം

നടൻ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശസ്ത്രക്രിയ: മഞ്ജിമയ്ക്ക് പുതുജന്മം

ജന്മദിന ആശംസകള്‍ മമ്മൂക്കാ…. എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു..” ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് സെപ്റ്റംബര്‍ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവന്‍ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകള്‍ നിറഞ്ഞു.

ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ നടന്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, രാജഗിരി ആശുപത്രിയില്‍ സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് നല്‍കിയത്.

വാഗമണ്ണില്‍ ബിബിഎ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു പാലക്കാട് സ്വദേശിയായ മഞ്ജിമ. കലശലായ ശ്വാസതടസത്തെ തുടര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഹൃദയത്തിന് തകരാറുളളതായി വ്യക്തമായി. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

രാജഗിരിയില്‍ നടത്തിയ ട്രാന്‍സ് ഈസോഫാഗല്‍ എക്കോ കാര്‍ഡിയോഗ്രാം പരിശോധനയിലും, അതിനുശേഷം നടത്തിയ കാത്ത് സ്റ്റഡിയിലും ഹൃദയത്തിന്റെ മുകളിലെ അറകളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ദ്വാരം (ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്റ്റ്) ഉണ്ടെന്ന് മനസ്സിലാക്കി. 3 സെന്റിമീറ്റര്‍ വ്യാസമുളള ദ്വാരം. ഇത് ഹൃദയത്തിന്റെ ഇടത് ആട്രിയത്തില്‍ നിന്നും വലത് ആട്രിയത്തിലേക്ക് രക്തം കടക്കുന്നതിനും, ശ്വാസകോശത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കാനും കാരണമായി.

ചികിത്സ വൈകിപ്പിച്ചാല്‍, ശ്വാസകോശത്തിലെ സമ്മര്‍ദം സ്ഥിരപ്പെടുകയും ശസ്ത്രക്രിയ നടത്തി സുഖപ്പെടുത്താന്‍ ഉള്ള അവസരം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. അതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്ന മഞ്ജിമയുടെ പിതാവ് തോമസിന് ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.

തോമസിന്റെ ബന്ധു വഴി വിഷയം അറിഞ്ഞ ജോണ്‍ ബ്രിട്ടാസ് എംപിയാണ് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ‘ഹൃദ്യം’ പദ്ധതിയില്‍ അപേക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. തോമസിന്റെ അപേക്ഷയില്‍ നിന്നും കുടുംബത്തിന്റെ അവസ്ഥയും, മഞ്ജിമയുടെ ആരോഗ്യസ്ഥിതിയും മനസ്സിലാക്കിയ കെയര്‍ ആന്‍ഡ് ഷെയര്‍ ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഹൃദ്യം പദ്ധതിയില്‍ മഞ്ജിമയെ ഉള്‍പ്പെടുത്താന്‍ നടന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കിയതോടെ ശസ്ത്രക്രിയക്കുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

രാജഗിരി ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ.ശിവ് കെ നായരുടെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം അതിവിദഗ്ധമായി ശ്വാസകോശ സമ്മര്‍ദ്ദം നിയന്ത്രണാതീതമാക്കി ദ്വാരമടച്ചു. തുടര്‍ന്ന് ഹൃദ്രോഗ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്ന മഞ്ജിമയുടെ ശ്വാസകോശ സമ്മര്‍ദ്ദം സാധാരണ നിലയില്‍ എത്തിയതോടെ റൂമിലേക്ക് മാറ്റി.

മഞ്ജിമയുടെ ഉയര്‍ന്ന ശ്വാസകോശ സമ്മര്‍ദ്ദം നിയന്ത്രിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുക എന്നതായിരുന്നു വെല്ലുവിളിയെന്ന് ഡോ.ശിവ് കെ നായര്‍ പറഞ്ഞു. കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജന്‍ ഡോ.റിജു രാജസേനന്‍ നായര്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.മേരി സ്മിത തോമസ്, ഡോ.ഡിപിന്‍, ഡോ.അക്ഷയ് നാരായണ്‍ എന്നിവര്‍ ശസ്ത്രക്രിയയില്‍ പങ്കാളികളായി

അഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയാണ് ഹൃദ്യം പദ്ധതിയിലൂടെ പൂര്‍ണമായും സൗജന്യമായി ചെയ്ത് നല്‍കിയത്. 2022 മേയില്‍ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ഇതുവരെ അമ്പതോളം ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികള്‍ പറഞ്ഞു.

രണ്ട് ആഴ്ച നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ രോഗം ഭേദമായി മഞ്ജിമ വീട്ടിലേക്ക് മടങ്ങി. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമ കാലയളവ് പൂര്‍ത്തിയാക്കണം, തുടര്‍ന്നും പഠിക്കണം. പുതു തീരുമാനങ്ങള്‍ ഹൃദയത്തില്‍ ചേര്‍ത്താണ് മഞ്ജിമ ആശുപത്രി വിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments