ഹസാരിബാഗ്: കാട്ടിൽ നിന്നും കിട്ടിയ കൂൺ കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ 8 പേർക്ക് ദേഹാസ്വാസ്ഥ്യം. ജാർഖണ്ഡിൽ ആണ് കാട്ടു കൂൺ ഉപയോഗിച്ച് തയ്യാറാക്കിയ കറി കഴിച്ച് ആറ് സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ എട്ട് അംഗങ്ങൾക്ക് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടത്. ഛർദ്ദിച്ച് അവശരായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഗസ്റ്റ് 12 ന് ബർകഗാവ് ബ്ലോക്കിലെ അംബേദ്കർ മൊഹല്ലയിലാണ് സംഭവം.
വീട്ടിലെ ഒരംഗം കാട്ടിൽ നിന്നും ശേഖരിച്ച കൂണാണ് ഇവർ കറിവെച്ച് കഴിച്ചതെന്ന് ബാർകഗാവിലെ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസർ പറഞ്ഞു. രാത്രി ഭക്ഷണത്തിനൊപ്പമാണ് ഇവർ കൂൺ കറി കഴിച്ചത്. പിന്നാലെ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. പിന്നാലെ എട്ട് പേരെയും ഷെയ്ഖ് ഭിഖാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഇയാളെ റാഞ്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും എസ്ബിഎംസിഎച്ച് സൂപ്രണ്ട് ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവർ സുഖം പ്രാപിച്ചതായും അപകടനില തരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഡോ. വീരേന്ദ്ര കുമാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഭക്ഷ്യവിഷബാധ തന്നെയാണെന്നത് അന്വേഷിക്കുമെന്നും ജില്ലാ പൊലീസും അറിയിച്ചു.