Sunday, December 22, 2024
HomeUncategorizedഹോം നേഴ്സ് (നർമ്മ കഥ) മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

ഹോം നേഴ്സ് (നർമ്മ കഥ) മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

രി ജോസി മലയിൽ, തിരുവനന്തപുരം.

റാഹേലും ഐപ്പും തിരുവല്ലയിലെ സ്കൂളിലെ അധ്യാപകരും ഭാര്യാഭർത്താക്കന്മാരും ആയിരുന്നു. പഠിത്തത്തിൽ മിടുക്കരായ മൂന്ന് ആൺമക്കളും ജോലി തേടി വിദേശത്തുപോയി അവർ കുടുംബമായി അവിടെ താമസിക്കുന്നു. യാതൊരു അല്ലലും ഇല്ലാത്ത ജീവിതം. സ്കൂളിൽ നിന്ന് വിരമിച്ചതിൽ പിന്നെ എല്ലായ്പ്പോഴും രണ്ടുപേരും മക്കളുടെ കൂടെ ഒന്നോ രണ്ടോ മാസം വിദേശത്ത് ആയിരിക്കും. നാട്ടിലെ വീടും വസ്തുവകകളും നോക്കാൻ നല്ലൊരു കാര്യസ്ഥൻ ഉണ്ടായിരുന്നത് കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെയിരിക്കെ മൂന്നാമത്തെ മരുമകൾക്ക് കുറെ ദൂരെ ഒരു സ്ഥലത്ത് ഒരു ഉന്നത ഉദ്യോഗം ലഭിച്ചു എന്നും അതിൻറെ ട്രെയിനിങ്ങിന് ആയി പോകണം അതുകൊണ്ട് അമ്മച്ചിയും അപ്പച്ചനും കുറച്ചുനാൾ ഇവിടെ വന്നു നിന്ന് വീട് ഒന്നു മാനേജ് ചെയ്യണമെന്ന ഇളയ മകൻറെ ആവശ്യത്തിന് മുമ്പിൽ രണ്ടുപേരും ഒരു വർഷത്തേക്ക് ന്യൂജഴ്സിയിൽ പോകാൻ നിർബന്ധിതരായി. വയസ്സായ അമ്മച്ചിക്ക് ജോലികളൊക്കെ ചെയ്യാൻ നല്ല പ്രയാസമായിരുന്നു. എന്നാലും അപ്പച്ചന്റെ കൂടി സഹായത്തോടെ മറ്റു കുടുംബാംഗങ്ങളും എല്ലാവരും ഒത്തുചേർന്ന് ഒരു വിധം അവിടെ പിടിച്ചു നിന്നു. ജോലിക്ക് നമ്മുടെ നാട്ടിലെ പോലെ ആളെ കിട്ടാത്തത് ആയിരുന്നു ഏറ്റവും വലിയ കഷ്ടം.ആളുണ്ട്,പക്ഷേ അവർക്ക് കൊടുക്കേണ്ട തുക ഇന്ത്യൻ രൂപയിൽ കൺവെർട്ട് ചെയ്യുന്ന തുക കേട്ടാൽ നമ്മൾ ഞെട്ടും. “അയ്യോ!, വേണ്ടേ എപ്പോഴെങ്കിലും എങ്ങനെയെങ്കിലും ഞാൻ തന്നെ ചെയ്തോളാം എന്ന് പറയും റാഹേൽ. നല്ല അടുക്കും ചിട്ടയും കൃത്യനിഷ്ഠയോടെ കുടുംബ ബഡ്ജറ്റ് നോക്കി ജീവിച്ചിരുന്ന റാഹേലിന് ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ബോധക്കേട് വരുമായിരുന്നു. ഏതായാലും ഒരു വർഷം അവിടെ രണ്ടുപേരും കടിച്ചുപിടിച്ചു നിന്ന് നാട്ടിലേക്ക് മടങ്ങി.

നാട്ടിലെത്തിയപ്പോൾ ഏതാണ്ട് സ്വർഗം കിട്ടിയ സന്തോഷമായിരുന്നു രണ്ടുപേർക്കും.വിശേഷം തിരക്കാൻ വന്നവരൊക്കെ എത്ര ജോലിക്കാരെ വേണം റാഹേലു ടീച്ചർക്ക് എന്നും പറഞ്ഞാണ് വന്നത്. കുറച്ചു കഷ്ടപ്പെട്ടാലും വേണ്ടില്ല മകനും മരുമകൾക്കും ആവശ്യസമയത്ത് നമുക്ക് ഉപകരിക്കാൻ ആയല്ലോ എന്ന് ഒരു ചാരിതാർത്ഥ്യം ഉണ്ടായിരുന്നു രണ്ടുപേർക്കും.

വർഷങ്ങൾ അങ്ങനെ നീണ്ടുപോയി. ഒരു ദിവസം ഉറങ്ങാൻ കിടന്ന ഐപ്പ് പിന്നെ ഉണർന്നില്ല. കർത്താവിൽ നിദ്ര പ്രാപിച്ച വിവരം അമ്മച്ചിക്ക് ആദ്യമൊന്നും ഉൾക്കൊള്ളാനേ കഴിഞ്ഞില്ല. കാരണം ഒരു അസുഖം വന്ന് ഒരു ദിവസം പോലും ആശുപത്രിയിൽ പോകാത്ത ആൾ ഇങ്ങനെ മരിക്കുമോ? റാഹേൽ ഐപ്പിനെ വീണ്ടും വീണ്ടും കുലുക്കി വിളിച്ചിട്ടും അനക്കമില്ല. 😪😪 മക്കളൊക്കെ എത്തി.ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് മരണാനന്തര കർമ്മങ്ങൾ ഒക്കെ ചെയ്തു.എഴും പതിനാറും ഗംഭീരമായി നടത്തി.മക്കൾ മൂന്നുപേരും തിരിച്ചു പോകുന്നതിനെ പറ്റി സംസാരിക്കാൻ തുടങ്ങി. അമ്മച്ചിയെ ആര് കൊണ്ടുപോകും? ഇവിടെ തനിയെ നിർത്തിയിട്ട് പോകാൻ പറ്റില്ല. മൂന്നുപേരും ഞാൻ ഞാൻ എന്ന് പറഞ്ഞു മുന്നോട്ടു വന്നു. പക്ഷേ ഒരു വർഷം അമേരിക്കയിൽ മൂന്നാമത്തെ മകൻറെ വീട്ടിൽ അടുപ്പിച്ചു നിന്നതോടെ വിദേശത്ത് നിൽക്കാൻ ഉള്ള പൂതി തീർന്നിരുന്നു റാഹേലിന്.

“എന്തായാലും ഞാൻ ഇവിടം വിട്ട് എങ്ങോട്ടുമില്ല. ഇവിടെ തന്നെ നിൽക്കുകയുള്ളൂ”എന്ന് റാഹേൽ കട്ടായം പറഞ്ഞു. മൂന്നുപേരും കുറച്ചു പൈസ വെച്ച് എല്ലാ മാസവും അയച്ചുതരിക, പിന്നെ തങ്ങൾ രണ്ടുപേരുടെ പെൻഷനും കൊണ്ട് താൻ ഇവിടെ സുഖമായി നിന്നോളാം. സഹായത്തിന് ഒരു ജോലിക്കാരിയെ വച്ച് തന്നാൽ മതിയെന്ന് പറഞ്ഞു. അത് എല്ലാവർക്കും സമ്മതമായിരുന്നു. അടുത്തടുത്ത വീടുകളിലെല്ലാം ഇവരുടെ ബന്ധുക്കൾ തന്നെയായിരുന്നു താമസം. അതുകൊണ്ട് ഒന്നും പേടിക്കാനില്ല. അവരുടെതന്നെ ആരുടെയോ ശുപാർശയിൽ ഉണക്ക കൊള്ളി പോലെ ഒരു 20 വയസ്സ് കാരി പെണ്ണ് റാഹേലിന്റെ ഹോം നഴ്സായി എത്തി. പ്രേമ എന്നായിരുന്നു അവളുടെ പേര്. മക്കളൊക്കെ വിദേശത്തേക്ക് താമസിയാതെ മടങ്ങി. പ്ലസ് ടു വരെ പഠിച്ച പ്രേമയെ ടീച്ചർ ഒഴിവ് സമയത്ത് ഇംഗ്ലീഷും കണക്കും ഒക്കെ പഠിപ്പിച്ചു കൊടുക്കും. പാവം പെൺകുട്ടി അമ്മച്ചിയുടെ എല്ലാ കാര്യവും നോക്കും. രണ്ടുപേരും പെട്ടെന്ന് നല്ല കൂട്ടുകാരെപ്പോലെയായി.മക്കളൊക്കെ വീഡിയോ കോൾ വിളിക്കുമ്പോൾ അമ്മച്ചി സന്തോഷമായി ഇരിക്കുന്നത് കണ്ടു അവർക്കും സമാധാനമായി. പ്രേമക്കും ജോലിചെയ്യാൻ മടിയൊന്നുമില്ല. അമ്മച്ചിയെ പൊന്നു പോലെ നോക്കും. പ്രേമയുടെ വൃത്തിയും വെടിപ്പും അടുക്കും ചിട്ടയും കൃത്യനിഷ്ഠയും ടീച്ചർക്കും നല്ലോണം ഇഷ്ടമായി.നല്ല ഭക്ഷണം ഒക്കെ കഴിക്കാൻ തുടങ്ങിയതുകൊണ്ടാകും പ്രേമ ഒന്നു മിനുങ്ങി നല്ല ചന്തം വെച്ചു.അത് ടീച്ചർക്ക് ഇത്തിരി ഭയപ്പാട് ഉണ്ടാക്കി. പൂവാലന്മാരൊക്കെ മതിലിനു ചുറ്റും ചൂളം വിളിയുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി.പക്ഷേ പ്രേമ അങ്ങനെ സ്വഭാവദൂഷ്യം ഉള്ള കുട്ടി ആയിരുന്നില്ല. ഒരെണ്ണത്തിനെയും അവൾ തിരിഞ്ഞു പോലും നോക്കിയില്ല. ഒഴിവുസമയങ്ങളിൽ പഠിച്ചും സീരിയൽ കണ്ടും അമ്മച്ചിക്ക് മക്കൾക്ക് ഫോൺ ചെയ്തു കൊടുത്തും തുണി തയ്ച്ചും തേച്ചും ഒരു കുടുംബാംഗത്തെ പോലെ അവിടെ കഴിഞ്ഞു. പ്രേമ വന്നിട്ട് ആറുമാസം കഴിഞ്ഞു. ടീച്ചർ എപ്പോഴും പറയും. “പെണ്ണേ നീ വലിച്ചു വാരി തിന്ന് നിന്റെ വയറു വീർത്തു വരുന്നു. വയർ കുറയ്ക്ക് എന്ന്. “

പ്രേമ അപ്പോഴാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ആ സത്യം ടീച്ചറോട് പറഞ്ഞത്. അവൾ 9 മാസം ഗർഭിണി ആണത്രേ! ഇവിടെ വരുമ്പോൾ തന്നെ മൂന്നു മാസം ഗർഭം ഉണ്ടായിരുന്നു. കാമുകൻ ചതിച്ചതാണ്. അവൻ ആശുപത്രിയിൽ വരാൻ പറഞ്ഞ ദിവസം ആണ് ടീച്ചറിന്‍റെ അകന്ന ബന്ധു വഴി ഇവിടെ എത്തിച്ചേർന്നത് എന്ന്. അന്ന് അപ്പോഴത്തെ തൽക്കാല രക്ഷ മാത്രം നോക്കി എത്തിയതാണ്.അച്ഛനില്ല.രണ്ടാനമ്മ വിചാരിച്ചിരിക്കുന്നത് കാമുകനുമായി അവൾ ഒളിച്ചോടിപ്പോയി എന്നാണ്. കാമുകൻറെ പിന്നെ യാതൊരു വിവരവുമില്ല. അന്ന് ഫോൺ സ്വിച്ച് ഓഫ് ആയതാണ്.അതുകൊണ്ടുതന്നെ ആരും ഒരു അന്വേഷണവുമായി എത്തിയതുമില്ല.എല്ലാം കേട്ട് സ്തംഭിച്ചിരുന്നു പോയ ടീച്ചർ ഇനി എന്താണ് ഇതിനൊരു പോംവഴി എന്ന് തിരിച്ചും മറിച്ചും ആലോചിച്ചു. മക്കളെ അറിയിച്ചാൽ അവർ ഗോഗോ വിളിയുമായി എത്തി ഇപ്പോൾ തന്നെ എല്ലാവരും കൂടി ഇവളെ ഇവിടെനിന്ന് അടിച്ചു പുറത്താക്കും. അഞ്ചാറുമാസം മോളെ പോലെ സ്നേഹിച്ച ഈ പെൺകുട്ടിയെ കയ്യൊഴിയാൻ ടീച്ചർക്കും മനസ്സുവന്നില്ല.

താൻ കൈവിട്ടാൽ ഈ കുരുന്ന് ജീവൻ പോകും എന്നുള്ളത് ഉറപ്പാണ്. ആറുമാസമായി തിരിഞ്ഞുനോക്കാത്ത ഇവൾ കാമുകനെ വിളിച്ചുവരുത്താൻ ശ്രമിക്കും. കാമുകൻ എത്തിയാൽ തന്നെ അതിനെ കൊന്നു കുഴിച്ചു മൂടും. ജാക്കും ജില്ലും എന്ന് പേരുള്ള 2പട്ടികൾ ടീച്ചർക്കുണ്ട്. അവർ പ്രസവിക്കുമ്പോൾ എല്ലാത്തിനെയും കൂടെ നോക്കാൻ വയ്യ എന്ന് പറഞ്ഞു പട്ടികുട്ടികളെയൊക്കെ ടീച്ചർ ആവശ്യക്കാർക്ക് കൊടുക്കും. അപ്പോൾ തന്നെ അവരുടെ സങ്കടം ടീച്ചർ കണ്മുന്നിൽ കണ്ടു കൊണ്ടിരിക്കുന്നതാണ്. ഇതൊരു മനുഷ്യ കുട്ടിയല്ലേ. എന്തായാലും നാട്ടുകാരും പള്ളിക്കാരും ബന്ധുക്കളും തന്നോടൊപ്പം നിൽക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമല്ല ടീച്ചറുടെ മക്കളിൽ ഒരാൾ പോലും ആറുമാസത്തിന് ഇടയ്ക്ക് വന്നു പോയതും ഇല്ല. അതുകൊണ്ട് അങ്ങനെ ഒരു അപവാദത്തെയും പേടിക്കേണ്ട കാര്യമില്ല.

എന്തായാലും വന്നത് വന്നു. ഇനി വന്നതിന്റെ ബാക്കി നോക്കുക തന്നെ. ടീച്ചർ അഭ്യുദയകാംക്ഷികൾ ആയ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചുവരുത്തി കാര്യം അവതരിപ്പിച്ചു.ഏതായാലും അവൾക്ക് പ്രസവിക്കാനുള്ള എല്ലാ സൗകര്യങ്ങളും അവർ അവിടെ ഒരുക്കിക്കൊടുത്തു.
എന്നാലും കേട്ടവർ കേട്ടവർ ആദ്യം മൂക്കത്ത് വിരൽ വച്ചു. 🤭 “എൻ്റെ ദൈവമേ വായിൽ വിരലിട്ടാൽ കടിക്കാത്ത ഈ പെണ്ണ് ഇത്രയും ഒപ്പിച്ചു ഇവിടെ മിണ്ടാതെ നിന്നല്ലോ? മിണ്ടാപൂച്ച കലം ഉടച്ചതുപോലെ ആയല്ലോ” എന്നൊക്കെ പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ടീച്ചർക്ക് പെൺമക്കൾ ഇല്ലാത്തതല്ലേ , ദൈവം അതിനായി ഒരു അവസരം ഒരുക്കിക്കൊടുത്തത് ആകും എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. ടീച്ചറുടെ കൂട്ടുകാരിയായ ഗൈനക്കോളജിസ്റ്റ് ഡോക്ടറെ പ്രേമയെ കാണിച്ചു. താമസിയാതെ നല്ലൊരു മിടുക്കൻ ആൺകുഞ്ഞിനെ പ്രേമ പ്രസവിച്ചു. മൂന്നുമാസം അവൾക്ക് സ്വന്തം മകൾക്ക് എന്നപോലെ എല്ലാ പ്രസവ ശുശ്രൂഷകളും ചെയ്തുകൊടുത്തു റാഹേൽ.

അടുത്ത ആഴ്ച ഐപ്പിന്റെ ഒന്നാം ചരമ വാർഷികം ആണ്. വിദേശത്ത് നിന്ന് മക്കളും മരുമക്കളും കൊച്ചുമക്കളും വരുമ്പോൾ അവർക്ക് കൊടുക്കാൻ വലിയൊരു സർപ്രൈസുമായി റാഹേലും പ്രേമയും കാത്തിരുന്നു.

സർപ്രൈസ് മക്കൾക്ക് എല്ലാവർക്കും ഷോക്ക് ആയി തീർന്നെങ്കിലും സ്ഥിരമായി കുഞ്ഞുങ്ങളെ കൊല്ലുന്ന അമ്മമാരുടെ പത്രവാർത്തകൾ കാണുന്നതുകൊണ്ട് മക്കളാരും എതിർത്തൊന്നും ഒരു വാക്കു പോലും പറഞ്ഞില്ലഎന്ന് മാത്രമല്ല അമ്മച്ചിയുടെ തീരുമാനം നന്നായി എന്ന് പറയുകയും ചെയ്തു. പ്രേമയുടെ മകന് ദൈവത്തിൻറെ അനുഗ്രഹവും ദാനവും എന്ന അർത്ഥം വരുന്ന ആഷർ എന്ന നാമകരണം ചെയ്തു മാമോദിസ മുക്കി. റാഹേൽ ടീച്ചറുടെ സമയോചിതമായ ഇടപെടൽ കാരണം ഒരു കുരുന്നു ജീവൻ രക്ഷിച്ചെടുത്തതിന് നാട്ടുകാരും പള്ളിയിലെ വൈദീകൻ വരെ ടീച്ചറെ പ്രകീർത്തിച്ചു.അവന്റെ പാൽ പുഞ്ചിരിക്കു മുമ്പിൽ എല്ലാവരുടെയും മനസ്സലിഞ്ഞു. ഇന്ന് പ്രേമയെ പോലെതന്നെ ആഷറും ആ വീട്ടിലെ ഒരു അംഗമാണ്. അവൻറെ കൂടെ കണ്ണാരം പൊത്തി കളിച്ചും കട്ടുറുമ്പേ കളിച്ചും ടീച്ചർക്ക് പത്തുവയസ്സ് കുറഞ്ഞോ എന്നൊരു സംശയം. 🥰

മേരി ജോസി മലയിൽ,✍️ തിരുവനന്തപുരം.

(മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments