ഗുരുവായൂരിലുള്ള ഒരു ബന്ധുവീടു സന്ദർശനം നടത്തിയതാണ്. ആ വീട്ടിൽ എത്തിയതോടെ കുറച്ചു നേരത്തെ കുശലാപ്രശ്നങ്ങൾക്ക് ശേഷം കുട്ടികൾ, പുതിയ തലമുറക്കാർ ഫോൺ, psp യിലെ കളികളിലേക്ക് തിരിഞ്ഞു. അതെല്ലാം അവരുടെ ബാഗിലുള്ളതാണ്. ബോറടി തുടങ്ങുന്നതോടെ അവർ ബാഗിൽ നിന്നെടുത്ത് കളി തുടങ്ങും. എന്റെ അമ്മയടക്കമുള്ള ആ പഴയ തലമുറക്കാർ, ‘ കുടുംബത്തില ബന്ധങ്ങൾ കണ്ടുപിടിച്ച്, ‘എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.’, എന്തോ നമ്മുടെ ദേശീയ പ്രതിജ്ഞ ശരിയാണെന്ന് സമർത്ഥിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നുന്നു. ഈ രണ്ടു തലമുറകൾക്കിടയിൽ പെട്ടു പോയത് ഞാനും ചേച്ചിയുമാണ്. താടിക്ക് കൈ കൊടുത്ത് ഇരുന്നു ഞങ്ങൾ ക്ഷീണിച്ചു.
ഞങ്ങളുടെ ഇരുപ്പ് കണ്ട് ദയനീയത തോന്നിയതു കൊണ്ടാണോ എന്നറിയില്ല , അവിടുത്തെ മകൻ ഞങ്ങളെ ഗുരുവായൂരിലുള്ള ആനക്കോട്ട, ലോകത്തിലെ ഏറ്റവും വലിയ ആനകളുടെ സങ്കേതവുമായ അവിടം സന്ദർശിക്കാൻ കൊണ്ടുപോയി.നിലവിൽ നാല്പതിൽ അധികം ആനകളാണ് ആനത്താവളത്തിലുള്ളത്. ആനത്താവളത്തിലെ ആനകളെല്ലാം ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന വഴിപാടുകളാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ പുന്നത്തൂർ കോട്ടയിൽ എത്താം. ഇവിടുത്തെ കോവിലകം സിനിമാ പ്രേമികൾക്ക് സുപരിചിതമായിരിക്കും. ഒരു വടക്കൻ വീരഗാഥ എന്ന സിനിമ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്. പക്ഷെ ഇതിനകത്തേക്ക് പ്രവേശനമില്ല.പുന്നത്തൂർ കോട്ട ഇന്ന് അറിയപ്പെടുന്നത് ആനക്കോട്ടെയെന്നാണ്.
പുന്നത്തൂർ രാജാക്കന്മാരുടെ സ്വത്തായിരുന്ന ഈ ക്ഷേത്രം 1975-ൽ ക്ഷേത്രഭാരവാഹികൾ വാങ്ങി. നിത്യേനയുള്ള ക്ഷേത്രാചാരങ്ങളിലും ക്ഷേത്രഘോഷയാത്രകളിലും പങ്കെടുക്കാൻ പഠിക്കുന്ന ആനകളുടെ പരിശീലനകേന്ദ്രം കൂടിയാണ് ഈ സ്ഥലം.
മദപ്പാടിൽ ബന്ധിപ്പിച്ച ആനകളെയും രോഗബാധിതരായവരുടെയും സ്ഥാനം ദൂരെയായിട്ടാണ്. ആ വശത്തോട്ട് നമുക്ക് പോകാനുള്ള അനുവാദമില്ല. ആനയെക്കാളും ഭംഗിയുള്ള കൊമ്പുകളുള്ള കൊമ്പനാനകൾ, പിടിയാനകൾ, മോഴ ആന ( ആണും പെണ്ണും അല്ലാത്ത ആന). ഒരു കൊമ്പ് എങ്ങാനും നഷ്ടപ്പെട്ട ആനക്ക് ഒറിജിനൽ കൊമ്പിനെ വെല്ലുന്ന രീതിയിലെ ‘artificial കൊമ്പ് ‘ വെച്ചായിരിക്കുമത്രേഅവരുടെ പുറത്തേക്കുള്ള യാത്ര!
ക്ഷേത്രത്തിലേക്ക് പോകുന്നതിന് മുൻപ് ആനകളെ കുളിപ്പിച്ച് സുന്ദരീസുന്ദരന്മാരാക്കും. ഓസ് വെച്ച് വെള്ളം ഒഴിച്ചാണ് കുളിപ്പിക്കുന്നത്.
പാപ്പാന്റെ നിർദ്ദേശം അനുസരിച്ച് കാലുകൾ നീട്ടി വെക്കുന്നതും മാറ്റി വെക്കുന്നതുമെല്ലാം കാണാൻ രസമുണ്ട്.
സന്തൂർ സോപ്പിന്റെ പരസ്യം പോലെ എല്ലാ ആനകളും ‘സന്തൂർ മമ്മി ‘ കളെ പോലെയാണ്. ചർമ്മം കണ്ടാൽ പ്രായം മനസ്സിലാവില്ലത്രേ! പക്ഷെ അവരുടെ കുളി ചകിരിയും കല്ലും വെച്ച് ഉരച്ചാണ്.
ജൂലൈ 1 മുതൽ 30 ദിവസം ആനകൾക്ക് സുഖചികിത്സ ആണിവിടെ. തേച്ചുകുളിയും മൃഷ്ടാന്ന ഭക്ഷണവും ച്യവനപ്രാശം അടക്കമുള്ള ആയൂർവേദ മരുന്നുകളും അടങ്ങുന്നതാണ് സുഖചികിത്സ. പനമ്പട്ടയും പുല്ലും വാഴപ്പിണ്ടിയുമായി ഭക്ഷണം സമൃദ്ധമാണ്. പ്രായാധിക്യമുള്ള ആനകൾക്ക് ചോറും അവിലും രോഗമുള്ളവർക്ക് മുതിര പുഴുങ്ങിയതും ആയുർവേദ മരുന്നുകളുമെല്ലാം നൽകുന്നുണ്ട്.
ഞങ്ങളെ കൊണ്ടു വന്ന മകന്റെ പരിചയക്കാരനായ ഒരു പാപ്പാനെ കണ്ടതുകൊണ്ട്, ‘കൈമണി’യുടെ ഭാഗമായിട്ടായിരിക്കാം ആനയുടെ കൂടെ നിന്നു ഫോട്ടോ എടുക്കാൻ സമ്മതിച്ചു.
ANAവലിയൊരു രൂപത്തിൽ നിന്ന് രണ്ടു കുഞ്ഞു ക്കണ്ണുകൾ വെച്ച് എന്നെ നോക്കുന്നത് കണ്ടപ്പോൾ എന്റെ ഉള്ള ധൈര്യം പോയി. എന്നാലും കൊമ്പിനെ തൊട്ടു കൊണ്ടു ഞാൻ ഫോട്ടോക്ക് പോസ് ചെയ്തു. എന്നാൽ ചേച്ചി കൊമ്പു തൊട്ടപ്പോൾ അതിന്റെ ‘ കൊമ്പ്’ കിടന്ന് വിറയ്ക്കുകയായിരുന്നുവത്രേ! അല്ലാതെ ചേച്ചിയുടെ ‘കൈ ‘ വിറക്കുന്നതു കൊണ്ടാണ് എന്ന് സമ്മതിച്ചു തരാൻ ചേച്ചി തയ്യാറല്ല.
ഗണപതി പ്രീതിക്കായി ആനയൂട്ട് നടത്താൻ സാധിക്കുന്നതാണ്.പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതിയും ഏകദേശം 18 ഏക്കറുള്ള സ്ഥലത്ത് നാല്പതിൽ അധികം എണ്ണം ആനകൾ മുന്നിൽ കിടക്കുന്ന പനപ്പട്ടകൾ ഏതോ കപ്പലണ്ടി കൊറിക്കുന്നതു പോലെ കഴിച്ചു കൊണ്ടേയിരിക്കുകയാണ്. ഓരോ ആനകൾക്കും ‘ weight & height’ നോക്കിയാണ് ഭക്ഷണം നിശ്ചയിക്കുന്നതത്രേ! ചില ആനകൾ ആകെയൊരു ‘ ഡാൻസിംഗ് മൂഡ്’ ആണ്. ഇത്രയും ആനകളെ ഒറ്റയടിക്ക് കാണാൻ സാധിക്കുക എന്നത് മനോഹരം. കുട്ടികൾക്കും കുടുംബങ്ങൾക്കും അനുയോജ്യമായ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ.
തിരിച്ച് വീട്ടിലെത്തിയപ്പോൾ , ബന്ധങ്ങൾ പറഞ്ഞു – പറഞ്ഞ് അവരും ക്ഷീണിച്ചിരിക്കുന്നു. ഇന്നും ബന്ധുക്കളുമായി കൂടുമ്പോൾ. കൊമ്പ് വിറയ്ക്കുന്ന ആനയെ പറ്റി പറഞ്ഞു ചിരിക്കാതിരിക്കാൻ കഴിയില്ല!
Thanks
Thanks