മുന്തിരിത്തോട്ടം: തേനി- തമിഴ് നാട്
‘നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി, മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം, അതിന്റെ അടുത്ത ലൈൻ എന്താണെന്നറിയാമോ ?
ബൈബിൾ എടുത്തു വായിക്കുന്ന നായിക ‘അവിടെവച്ചു ഞാൻ നിനക്ക് എന്റെ പ്രേമം തരും.’ എന്നു വായിച്ചു പൂർത്തിയാക്കുന്ന സീൻ , മലയാളികള്‍ ഇന്നും ഓർക്കുന്ന പ്രണയരംഗം. ‘ നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ’
പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചിത്രം തീയേറ്ററുകളിലെത്തിയതോടെ ആ സീനും അതിലെ ഡയലോഗും സൂപ്പർ ഹിറ്റ് ആയി. വീട്ടിൽ ബൈബിൾ ഉണ്ടായിരുന്നിട്ടും ഒരുതവണ പോലും വായിക്കാത്ത പലരും സിനിമ കണ്ടശേഷം ആ അധ്യായങ്ങൾ പലതവണ വായിച്ചു എന്നും പിന്നീട് സിനിമാപ്രേമികളും പ്രണയിതാക്കളും ഏറ്റുപറഞ്ഞ ഡയലോഗുകളുമാണിത്.
അന്നും ഇന്നും അലമാരയുടെ ഒരു മൂലയിൽ സുഖസുഷുപ്തിയിലിരിക്കുന്ന ബൈബിളിനെ ഞാൻ ശല്യം ചെയ്തിട്ടേയില്ല എന്നാലും മുന്തിരിത്തോട്ടം എന്നു പറയുമ്പോൾ , ആ ഡയലോഗുകളും സീനുകളും ചുമ്മാ മനസ്സിൽ വന്ന് എത്തി നോക്കും.
എന്റെ തേക്കടി യാത്രയിൽ കുമളിയിൽ നിന്ന് ഏകദേശം 62 കി.മീ ദൂരെയുള്ള തേനി എന്ന തമിഴ് നാടിന്റെ സ്ഥലത്താണ് മുന്തിരിത്തോട്ടങ്ങൾ .
ഏത്കാലാവസ്ഥയിലും മുന്തിരി കൃഷി നടത്താം എന്നാണ് കേട്ടിട്ടുള്ളത്.ഏകദേശം മൂന്നു വർഷമെടുക്കും മുന്തിരി വള്ളിയിൽ കായ്കൾ വരാനായിട്ട്.ഞാൻ പരീക്ഷിച്ചിട്ടില്ല എങ്കിലും ഡൽഹിയിലുള്ള സുഹൃത്ത് പറയുന്നതനുസരിച്ച് മുന്തിരി നട്ടു വളർത്തിയാലും മുന്തിരി പഴുക്കാറാകുമ്പോഴേക്കും കുരങ്ങന്മാരെല്ലാം പറിച്ചു കൊണ്ടുപോകുമെന്നാണ്. വെള്ളം ഒഴിക്കുന്നത് മാത്രം മിച്ചം. തമിഴ്നാട്ടിലുള്ള തേനി എന്ന സ്ഥലത്ത് മൂന്നു – നാലു മുന്തിരിതോട്ടങ്ങൾ ഉണ്ട്. ഏക്കർ കണക്കിന് മുന്തിരി വള്ളികളിൽ നിന്നും ഉണ്ടായി നിൽക്കുന്ന പഴുത്തതും പഴുക്കാൻ പോകുന്നതുമായ മുന്തിരങ്ങ കൂട്ടങ്ങൾ കാണാൻ പ്രത്യേക ഭംഗി. എത്ര വേണമെങ്കിലും ഫോട്ടോ എടുത്തേക്ക്, പക്ഷെ ഒന്നു പോലും പറിക്കരുത് എന്നാണ് അവിടെയുള്ള സെക്യൂരിറ്റിയുടെ നിബന്ധന.ഞങ്ങൾ സന്ദർശിച്ച മുന്തിരിത്തോട്ടത്തിന് ടിക്കറ്റ് ഇല്ല എന്നത് ഒരു പ്രത്യേകതയായി തോന്നി.
മുന്തിരി വൈൻ, സ്ക്വാഷ്, ജ്യൂസ് എല്ലാം അവിടെ നിന്നും വാങ്ങിക്കാൻ കിട്ടും. മുന്തിരി വൈൻ ഉണ്ടാക്കണമെങ്കിൽ 21 ദിവസമാണ് വേണ്ടത്. അതിന്റെ പകുതി ദിവസം വെച്ച് പുളിപ്പിച്ചത് മുന്തിരി വൈൻ എന്നു പറഞ്ഞു കൊണ്ട് കുടിക്കാൻ കൊടുക്കുന്നുണ്ട്.
പത്തനം തിട്ടയിൽ നിന്നു സ്കൂൾ ട്രിപ്പിനായി വന്ന സ്കൂൾ കുട്ടികളും അവിടെ ഉണ്ടായിരുന്നു. എന്റെ തേക്കടി യാത്രയിൽ ഇത്രയധികം മലയാളികളെ ഒരുമിച്ച് കണ്ടത് ഈ കുട്ടികളെയാണെന്ന് പറയാം. ജീൻസും തൊപ്പിയും കൂളിംഗ് ഗ്ലാസ്സുമൊക്കെയായി എന്റെ ആ കാലത്തെ സ്കൂൾകുട്ടികളിൽ നിന്നും വേഷങ്ങളിൽ ഒരു പാട് മാറ്റം വന്നിരിക്കുന്നു എന്നാലും കുട്ടികളുടേതായ നിഷ്കളങ്കതക്ക് മാറ്റം വന്നിട്ടില്ല.
തോട്ടത്തിന് മുൻപിലായി ഭക്ഷണശാലയുടെയും ഭക്ഷണങ്ങളുടെയും പേരും എല്ലാം മലയാളത്തിൽ എഴുതിയിരിക്കുന്ന ബോർഡു കണ്ടു. ഭക്ഷണം കഴിക്കാനായി അങ്ങോട്ടേക്ക് കയറിയപ്പോൾ, മലയാളി ആണോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ല എന്ന മട്ടിലാണ് ഉടമസ്ഥൻ. ഉടമസ്ഥന്റെ അതിബുദ്ധിയോ മലയാള ഭാഷയോടുള്ള സ്നേഹമോ? എന്തായാലും നല്ലൊരു വീട്ടുകാരനെ പോലെയുള്ള പെരുമാറ്റവും ഭക്ഷണവും. യാത്ര പറയാൻ നേരം ഒറ്റ നിബന്ധന, ഗൂഗിളിൽ ആ ഭക്ഷണശാലക്ക് നല്ല റേറ്റിംഗ് കൊടുക്കണേ!
അപ്പോൾ തന്നെ അതെല്ലാം ചെയ്ത് അയാൾക്ക് കാണിച്ചു കൊടുത്ത് യാത്ര പിരിയുമ്പോൾ.’ ഇനിയും കാണാം , വരണേ , …. അത്തരം ഊഷ്മളമായ ഔപചാരികതകളുടെ പ്രാധാന്യം കുറഞ്ഞുവോ എന്ന് സംശയം.
അവിസ്മരണീയമായ കാഴ്ചകളും അനുഭവങ്ങളുമാണല്ലോ യാത്രയുടെ പ്രത്യേകതകൾ അല്ലെ?
Thanks