Tuesday, December 3, 2024
Homeകഥ/കവിതവിശുദ്ധഭവനങ്ങൾ (കവിത) ✍ ധന്യ രാജേഷ്

വിശുദ്ധഭവനങ്ങൾ (കവിത) ✍ ധന്യ രാജേഷ്

ധന്യ രാജേഷ്

അരിച്ചെത്തും തണുപ്പ്
കാൽവണ്ണയിലൂടെ
പാദുകമൂരി പാചകം ചെയ്യും
ശീലമതു പാടേ മറന്നു
പാവം പാദങ്ങൾ
ചവിട്ടടിയില്ല ധൂളിയില്ല

തറയന്യമായ് നീരിറ്റുവീഴും
കുളവാഴത്തണ്ടുപോൽ
സുന്ദരമീ ഭവനമേടകൾ
മേയാത്ത മേടുപോൽ

ഉടയാടയുലയാറില്ല വിയർ
പ്പിൻ നീർവീഴ്ച്ചപ്പനിയില്ല.
മഞ്ഞളു തേച്ചുകുളിയില്ല
നീരാടാൻ മറപ്പുരകളില്ല

പാർപ്പിടത്തിനു തൂവെൺമ
പരസ്പർശമേൽക്കാത്ത
കന്യാതടം പോൽ വിശുദ്ധം
സ്ഫടിക വിഭ്രമം ജലസമൃദ്ധി
ചേതനയറ്റ സെമിത്തേരി
പോൽ മരവിച്ചു കിടക്കുന്നു
പാർപ്പില്ലാ ഭവനങ്ങൾ നിത്യ-
സ്മാരകങ്ങൾ പണക്കൊഴുപ്പിൻ

പ്രായമാകുന്നതിൽ ശീലക്കേടോ
നേർപാതിയോട് പരിഭവി-
ച്ചോതിനാൽ
അങ്കണത്തിലിത്തിരി കറുകയും
കാശിത്തുമ്പയും വേരോടട്ടെ

ദൃഷ്ടിയുള്ളവർ കാണട്ടെ
തൃണസമൃദ്ധഹരിതോദ്യാനം
കാലടി വിണ്ടുകീറട്ടെ
പുല്ലിൻശീൽക്കാരം കാതിൽ
മൃദുമന്ത്രണം മണ്ണ് പുതയട്ടെ
കാൽവണ്ണയിലൂടെ തണുപ്പ്
അരിച്ചിറങ്ങട്ടെ

ധന്യ രാജേഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments