വയനാടെന്നൊരു ദേശം
വന്യമനോഹര ദേശം
വിണ്ണും മണ്ണും സമ്മേളിക്കും
വശ്യമനോഹര ദേശം
വന്യമൃഗങ്ങളെ കാണാനായ്
വനാന്തരങ്ങളിൽ കേളിക്കായ്
വിനോദ സഞ്ചാരികൾ കൂട്ടമൊടെ
വന്നുചേരും സുന്ദര ശീതള ദേശം
പ്രാർത്ഥനാ ജീവിതം തേടുവോർ
പ്രസംഗം കേൾക്കുവാനെത്തുന്നു
പ്രാർത്ഥനയിലൂടെ നിയോഗങ്ങൾ,
പ്രയാസങ്ങൾ നീങ്ങിടാനെത്തും
ദേശമീ വയനാട്.ഇത്ര നല്ലതാം
ദേശത്ത് എന്തിനു തന്നീ ദുർവിധി
ദേശക്കാരുടെ ദോഷമോ അതോ
ദോഷക്കാർ ദേശത്തണഞ്ഞതോ!
കാട്ടാറുകളും കാടും മേടും
കലപില കൂട്ടും കിളിവർഗ്ഗം
കാടിൻ പച്ചനിറത്തിനു തേയില
ക്കാടുകൾ വേറെയും കാണും
ആൺ പെൺ പണിയാളുകൾ
അവർക്കു വസിക്കാൻ ലയങ്ങളും
ആരാധിക്കും ദേവാലയങ്ങളും
അവർ തൻ മക്കൾ പഠിക്കും
സ്കൂളുകളും ,രോഗികളയോർ
സൗഖ്യം നേടും ആതുരാലയവും ,
സമ്പന്നർ, ദരിദ്രർ വേർതിരിവില്ല
സംഹാര താണ്ഡവമാടിയ ദേശം
തോരാത്ത മഴയിൽ കണ്ണീർ
തീരാതെ മനുഷ്യർ,പായുന്നു
തട്ടിയും മുട്ടിയും അറ്റു പോകുന്നു
തലയും,കൈ കാലുകൾ വേറെ
മങ്ങുന്നു കാഴ്ച്ച ഏവരുടെയും
മനസ്സു വിങ്ങുന്ന ഹൃദയഭേദക
മാ കാഴ്ചകൾ, ദൈന്യമുണർത്തി
മരിക്കുമോ നാം ഹൃദയം പൊട്ടി !
കാണുവോർക്കിത്രയെങ്കിൽ
കുത്തൊഴുക്കിൽ പെട്ടവർ
കുടിലുകൾ രമ്യഹർമമ്യങ്ങൾ
കുത്തനെ നിലം പരിശായോർ
അതിന്നടിയിൽ പെട്ടുപോയവർ
അനങ്ങാൻ പറ്റാതെ കിടപ്പവർ
അടുത്തവർ നഷ്ടമായവർ
അംഗ വൈകല്യം ഭവിച്ചവർ!
എന്തിനീ ദുർവിധി നൽകി മർത്യന്
എങ്ങനെ കര കയറ്റുമീ ദുരിതഭൂമി
എന്തവർ ചെയ്തൂ ഇത്ര ശിക്ഷക്ക്
എങ്ങനെ സഹിക്കുമീ ക്രൂരവിധി?
ഉത്തരം നൽകൂ ! പ്രായശ്ചിത്തം
ഉത്തരവാദമോട് ചെയ്തിടാം
ഉണ്ണാതുറങ്ങാതെ നൽകിടാം
ഉണ്മയായത് വേണ്ട പോൽ.