കണ്ണൂർ വനിത ജയിലിൻ്റെ കവാടം തുറന്നു ,പുറത്തേക്ക് കാലെടുത്ത് വച്ചതും വിമല നാല് പാടും നോക്കി ,നീണ്ട പത്ത് വർഷം ഇതേ ജയിലിൽ പുറം ലോകം കാണാതെ , ഒരു പരോൾ പോലും കിട്ടാതെ …, കയ്യിൽ ഒരു കവറിൽ തൻ്റെ ഒരു ജോഡി വേഷവും അത്രയും നാൾ ജയിലിൽ പണിയെടുത്ത് കിട്ടിയ ചെറിയ സമ്പാദ്യവും മാത്രം , ഒരു നെടുവീർപ്പോടെ വിമല റോഡിലേക്ക് നടന്നു.
എതിരെ വന്ന ഓട്ടോ കൈ കാണിച്ച് നിർത്തി ബസ് സ്റ്റാൻഡിൽ പോകണമെന്ന് ആവശ്യപ്പെട്ടു . സ്റ്റാൻഡിൽ എത്തി കാസർഗോഡേക്കുള്ള ബസിൽ കയറിയിരുന്നു , നിലേശ്വരത്തേക്ക് ടിക്കറ്റെടുത്തു. ബസ് ഓടിത്തുടങ്ങി ,ബസിന് വേഗത കുറവാണെന്ന് വിമലക്ക് തോന്നി ,എത്രയും പെട്ടെന്ന് വീടെത്തണം ,തൻ്റെ പൊന്നുമോളെയും വേണുവേട്ടനെയും കാണണം , അത് മാത്രമായിരുന്നു വിമലയുടെ മനസിൽ .താൻ ജയിലിൽ പോയപ്പോൾ മോൾക്ക് മൂന്ന് വയസ് ,ഇപ്പോഴവൾ വളർന്ന് വലിയ കുട്ടിയായിട്ടുണ്ടാകും , പത്ത് വർഷമായി തൻ്റെ പൊന്നുമോളെ ഒന്നു കണ്ടിട്ട് ,ആദ്യമാദ്യം വേണുവേട്ടൻ തന്നെ കാണാൻ ജയിലിൽ വരുമായിരുന്നു ,മോളെ കാണണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ വേണുവേട്ടനാണ് പറഞ്ഞത് ജയിലിൽ കിടക്കുന്ന അമ്മയുടെ ഓർമ്മകൾ കുഞ്ഞിന് കൊടുക്കേണ്ടെന്ന് ,ഓർത്തപ്പോൾ അത് ശരിയാണെന്ന് തനിക്കും തോന്നി.
എത്ര സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു തൻ്റേതെന്ന് വിമല ഓർത്തു .
നീലേശ്വരം ആർട്ട് ഗ്യാലറിയിൽ സ്ഥിര നിയമനമായെന്നറിഞ്ഞപ്പോൾ തനിക്കെത്ര സന്തോഷമായിരുന്നു . അവിടെയെത്തി കുറച്ച് നാൾ കഴിഞ്ഞപ്പോൾത്തന്നെ വേണുവേട്ടൻ ടൗണിൽ തുണിക്കട തുടങ്ങുന്നതിനായി ഒരു കട മുറി വാങ്ങി ,കട തുടങ്ങാൻ പണം തികയാതെ വന്നപ്പോൾ വിമല തൻ്റെ സ്വർണാഭരണങ്ങൾ മുഴുവൻ വേണുവിന് നൽകി.
രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ അംഗനവാടിയിലാക്കി വിമല ജോലിക്ക് പോയിത്തുടങ്ങി . കടയടച്ച് വേണു വീട്ടിലെത്തുമ്പോൾ രാത്രി എട്ട് മണിയാകും. കടയില്ലാത്ത ഞായറാഴ്ചകളിൽ കടയിലെ മാനേജരും ജോലിക്കാരനുമായ മധു വീട്ടിലെത്തും ,ആ ആഴ്ചത്തെ വരവ് ചിലവ് കണക്കുകൾ വേണുവും മധുവും കൂടി ഒത്ത് നോക്കും. കണക്കിൽ കൃതൃമം നടക്കുന്നതായി സംശയമുണ്ടെന്ന് വേണു വിമലയോട് പറയാറുണ്ടെങ്കിലും അത് അയാളുടെ സംശയം മാത്രമാകുമെന്ന് വിമല കരുതി.
ആ ഞായറാഴ്ച കണക്ക് നോക്കിക്കൊണ്ടിരുന്നപ്പോൾ വേണുവും മധുവും തമ്മിൽ കടയിലെ കണക്കുകളെച്ചൊല്ലി വാക്ക് തർക്കമായി ,പിന്നീടത് അടിപിടിയായി , ദേഷ്യത്തിൽ മധു വേണുവിനെ കസേര വച്ചടിച്ചു ,വേണു പറമ്പ് കിളക്കാൻ മുറ്റത്ത് വച്ചിരുന്ന തൂമ്പയെടുത്ത് മധുവിൻ്റെ തലയ്ക്കടിച്ചു ….
മധുവിൻ്റെ കൊലപാതകമറിഞ്ഞ് പോലീസെത്തി . കേസിന് ബലം കുറക്കാൻ വിമലയെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്യാമെന്ന് വേണുവിൻ്റെ സുഹൃത്തായ എസ്.ഐ പറഞ്ഞപ്പോൾ അയാൾ എതിർത്തില്ല . തൻ്റെ സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച മധുവിനെ വിമല തൂമ്പക്കടിച്ച് കൊലപ്പെടുത്തി എന്ന് കാണിച്ച് പോലീസ് ഒരു FIR ഉണ്ടാക്കി ,തന്നെ അറസ്റ്റ് ചെയ്തപ്പോൾ വേണു നിസ്സഹായനായി നോക്കി നിന്നത് വിമല ഓർത്തു. കിടക്കയിൽ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിന് മുത്തം കൊടുത്ത് പോലീസ്കാരോടൊപ്പം ഇറങ്ങിയപ്പോൾ എത്രയും പെട്ടെന്ന് കേസിൽ നിന്ന് രക്ഷപ്പെട്ട് തിരികെയെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു വിമലയുടെ മനസിൽ .
കേസും ക്രോസ് വിസ്താരവും നീണ്ട് പോയി ,ജാമ്യം പോലും നിഷേധിക്കപ്പെട്ട് വിമല അഴിക്കുള്ളിലുമായി , വിമല കാമുകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി എന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി ശരി വച്ചു. ജീവപര്യന്തം തടവ് ശിക്ഷക്ക് വിധേയയായി തടവറക്കുള്ളിൽ കഴിഞ്ഞ ഓരോ ദിവസവും തൻ്റെ കുഞ്ഞിനേയും വേണുവേട്ടനേയും കുറിച്ചോർത്ത് ഉരുകിയ നാളുകൾ വിമലയുടെ മനസിലൂടെ കടന്ന് പോയി .
വിമല ബസിറങ്ങി മുന്നോട്ട് നടന്നു ,വഴിയിലുള്ള ആരും അവളെ തിരിച്ചറിഞ്ഞില്ല , ജയിലിൽ കിടന്ന വിമലയുടെ രൂപം നന്നേ മാറിപ്പോയിരുന്നു ,അവൾ നന്നേ മെലിഞ്ഞു ,നീണ്ട് ഇടതൂർന്ന മുടികൾ കൊഴിഞ്ഞു , അവിടവിടെയായി നരയും , മുഖവും വല്ലാതായി ,കണ്ണുകൾ കുഴിഞ്ഞു. ആരും തന്നെ തിരിച്ചറിയാത്തത് നന്നായി എന്ന് വിമലക്ക് തോന്നി ,ചോദ്യങ്ങൾ ഒഴിവായല്ലോ .
വീടിന് മുന്നിലെത്തിയതും വിമല ആശ്ചര്യപ്പെട്ടു , താനും വേണുവേട്ടനും കൂടി വാങ്ങിയ ചെറിയ വീടിൻ്റെയും പറമ്പിൻ്റെയും സ്ഥാനത്ത് വലിയ ഒരു ഇരുനില വീട് , വീട്ട് മുറ്റത്ത് വില പിടിപ്പുള്ള ഒരു കാർ, അല്പ നേരം ശങ്കിച്ച് നിന്ന ശേഷം വിമല വീടിൻ്റെ കോളിങ്ങ് ബെല്ലടിച്ചു , വീടിൻ്റെ കതക് തുറന്നു വന്ന പെൺകുട്ടിയെ വിമല സാകൂതം നോക്കി , തൻ്റെ പൊന്നു മോൾ…..
“അമ്മേ ദാ ഒരു പിച്ചക്കാരി വന്നിരിക്കുന്നു” എന്ന് പറഞ്ഞ് ആ കുട്ടി അകത്തേക്ക് പോയപ്പോൾ തനിക്ക് വീട് മാറിപ്പോയിക്കാണുമോ എന്ന് വിമല സംശയിച്ചു. വീട്ടിനകത്ത് നിന്ന് സുന്ദരിയായ ഒരു സ്ത്രീ പുറത്തേക്ക് വന്ന് തൻ്റെ കയ്യിലിരുന്ന പത്ത് രൂപ വിമലയുടെ നേരെ നീട്ടി .
“ഞാൻ പിച്ചക്കാരിയല്ല , ഈ പറമ്പിൽ മുമ്പ് എൻ്റെ വീടായിരുന്നു , അതാണ് ഇങ്ങാട്ട് കയറിയത് ..” , വിമല പറഞ്ഞു .
ആ സമയം അകത്ത് നിന്ന് ഇറങ്ങി വന്ന വേണു വിമലയെ കണ്ട് ഞെട്ടി ,വിമലക്ക് ലോകം കീഴ്മേൽ മറിയുന്നത് പോലെ തോന്നി ,വീഴാതിരിക്കാൻ വിമല തൊട്ടടുത്ത് കിടന്ന കാറിലേക്ക് ചാരി ,….
“ചേട്ടാ ,ഈ സ്ത്രീ ഇവിടെയുണ്ടായിരുന്ന അവരുടെ വീട് അന്വേഷിച്ച് വന്നതാണത്രേ ,ചേട്ടൻ ആരുടെ കൈയ്യിൽ നിന്നാ ഈ പറമ്പ് വാങ്ങിയത് ? , അവരുടെ അഡ്രസുണ്ടെങ്കിൽ ഇവർക്ക് കൊടുക്ക് ”
അകത്തുണ്ടായിരുന്ന സ്ത്രീയുടെ വാക്കുകൾ കേട്ട് വിമല ഞെട്ടലോടെ വേണുവിനെ നോക്കി ,ഒന്നും മിണ്ടാതെ നിൽക്കുന്ന വേണുവിനെ നോക്കി വിമല പറഞ്ഞു .
” എനിക്ക് വീട് തെറ്റിയതാ ,ക്ഷമിക്കണം ”
വിമല വേഗം തിരിഞ്ഞ് നടന്നു ,ഒരു വിധം വേച്ച് വേച്ച് ബസ്റ്റോപ്പിലെത്തി.കാസർഗോ ഡേക്കുള്ള ബസ് വന്നപ്പോൾ അതിൽ കയറിപ്പറ്റി. ബസിറങ്ങി തൻ്റെ വീട്ടിലേക്ക് നടന്നപ്പോൾ സഹോദരൻ തന്നെ എങ്ങിനെ സ്വീകരിക്കുമെന്ന ഭയം വിമലയുടെ മനസിലുണ്ടായിരുന്നു. അമ്മ മരിച്ചപ്പോൾ തനിക്ക് ജയിലിൽ നിന്ന് പരോളനുവദിച്ചില്ല ,അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ സാധിക്കാത്ത ദുഖം വിമലയുടെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.
തൻ്റെ തറവാടും മാറിപ്പോയിരിക്കുന്നു ,ഭംഗിയായി അറ്റകുറ്റപ്പണികൾ ചെയ്തിട്ടുണ്ടെന്ന് പുറമേ നിന്ന് കണ്ടാലറിയാം. വീടിന് മുന്നിൽ ഭംഗിയുള്ള പൂന്തോട്ടം .പുതിയ മതിലും ഗെയിറ്റും .
ഗെയിറ്റ് തുറക്കാൻ നോക്കിയതും ഒരു നായ കുരച്ച് കൊണ്ട് ഓടിയെത്തി ,വിമല പേടിച്ച് ഗെയിറ്റിന് പുറത്ത് നിന്നു.പട്ടിയുടെ കുര കേട്ട് പുറത്തേക്ക് വന്ന വിമലയുടെ സഹോദരൻ പുറത്ത് നിൽക്കുന്ന സഹോദരിയെ തിരിച്ചറിഞ്ഞു.
” നാശം പിടിച്ചവൾ ,തറവാടിൻ്റെ മാനം നശിപ്പിച്ചവൾ , എന്തിനാണാവോ ഇങ്ങോട്ട് കെട്ടിയെടുത്തത് ? നീ കാരണം മനം നൊന്താണ് അമ്മ മരിച്ചത് , മരിച്ചാൽ ശവം പോലും അവളെ കാണിക്കരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു ,അത് കൊണ്ട് തന്നെ അമ്മ മരിച്ചപ്പോൾ നിനക്ക് പരോൾ കിട്ടാതിരിക്കാൻ എന്നാലാവും വിധം ഞാൻ ശ്രമിച്ചിരുന്നു , വേണുവിനേപ്പോലുള്ള നല്ലൊരു മനുഷ്യനെ ചതിക്കാൻ നിനക്കെങ്ങിനെ സാധിച്ചു ? കാമുകനെ വിളിച്ച് വരുത്തിയപ്പോൾ നീ നിൻ്റെ കുഞ്ഞിനെക്കുറിച്ചെങ്കിലും ഓർത്തോ ? ഇനി വേണുവെങ്കിലും സ്വസ്ഥമായി ജീവിക്കട്ടെ ,അവൻ്റെ ഭാര്യ നല്ലവളാ ,നിൻ്റെ മോളെ അവൾ അവരുടെ കുഞ്ഞിനൊപ്പം പൊന്നു പോലെ നോക്കുന്നുണ്ട് ,നീ മരിച്ച് പോയി എന്നാണ് വേണു മോളോട് പറഞ്ഞിട്ടുള്ളത് , അവളൊരു പെൺകുട്ടിയാണ് ,നിൻ്റെ കഥകളറിഞ്ഞാൽ ഭാവിയിൽ ഒരു നല്ല വിവാഹബന്ധം പോലും അവൾക്ക് കിട്ടില്ല ,ദയവ് ചെയ്ത് നീ അവളുടെ ഭാവി തകർക്കരുത് , എൻ്റെ ഭാര്യ ജോലി കഴിഞ്ഞ് ഇപ്പോഴെത്തും അവളെത്തുന്നതിന് മുമ്പ് വേഗം ഇവിടുന്ന് പോകാൻ നോക്ക് .”
തൻ്റെ സഹോദരൻ്റെ വാക്കുകൾ കൂരമ്പ് പോലെ വിമലയുടെ നെഞ്ചിൽ തറച്ചു. ആകെ തകർന്ന വിമല തിരിഞ്ഞ് നടന്നു ,ജീവിതത്തിൽ താൻ ചെയ്ത ത്യാഗത്തിന് കിട്ടിയ പ്രതിഫലത്തിൻ്റെ ഭാരം താങ്ങാനാവാതെ യാതൊരു ലക്ഷ്യവുമില്ലാതെ അവൾ മുന്നോട്ട് നടന്നു.
തുടരും ……