തണൽ എന്ന വൃദ്ധസദനത്തിലെ അന്തേവാസികളിൽ നിന്നും ഒരു പ്രമുഖ പത്രത്തിന് വേണ്ടി അഭിമുഖം തയാറാക്കാൻ വന്നതാണ് ജിത്തു. ജിത്തു തൊട്ടതൊക്കെ പൊന്നാണ് എന്നാണ് വെപ്പ്. . ജിത്തുവിന്റെ ഫീച്ചറാണെങ്കിൽ വായനക്കാർ ഏറെയാണ്.
ഒരുഗുഡ് ഈവനിംഗിൽ….
ആ നല്ല ഈവനിംഗിലെ ഒരുനേരത്തെ ഭക്ഷണം ജിത്തുവിന്റെ വകയായിരുന്നു.
വൃദ്ധസദനങ്ങൾ തേടി വയോജങ്ങൾ കണക്കില്ലാതെ വരുന്ന ഈ അവസരത്തിൽ അതിൻറെ കാര്യകാരണങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണല്ലോ. ഈ സദനത്തിൽ വന്നവരാരും മോശക്കാരുമല്ല .
ലളിതമധുരമായ, ഹൃദ്യമായ ആ ലഘുഭക്ഷണത്തിനുശേഷം അന്തേവാസികളെല്ലാം മെയിൻ ഹാളിലെ കസേരകളിൽ വന്നിരുന്നു. എല്ലാ അമ്മമാർക്കും അച്ചന്മാർക്കും വേണ്ടി ജിത്തുവിന്റെ ഒരു കവിത ചൊല്ലലോടെയായിരുന്നു തുടക്കം.. പിന്നെ ഓരോരുത്തരോടായി സ്നേഹാന്വേഷണം .
എന്തുണ്ടെങ്കിലും മറച്ചുവെക്കാതെ തുറന്നു പറയുക. എന്തുകാരണങ്ങളെക്കൊണ്ടാണ് ഈ അവസാനസമയത്ത് ഇങ്ങനെയൊരു ജീവിതം തേടിവന്നത് എന്നാണ് അയാൾക്കറിയേണ്ടത് .അണ്ണാറക്കണ്ണനും തന്നാലായത് എന്നപോലെ ഒരു മണൽത്തരിയോളമെങ്കിലും തനിക്ക് ഈ ഒരു അവസ്ഥയിലേക്ക് വന്നവർക്ക് മാറ്റങ്ങൾ വരുത്താൻ കഴിയുമോഎന്നതാണ് ഈ ഒരു കൂടിക്കാഴ്ചയുടെ ഉദ്ദേശം .
ജിത്തുവിന്റെ പ്രസംഗം വളരെ മനോഹരായിരുന്നു. ചിരിച്ചും കളിച്ചും കഥയിലൂടെ കാര്യങ്ങൾ പറഞ്ഞും ഓരോ അന്തേവാസികളുടെയും ബയോഡാറ്റ അയാൾ കുറിച്ചെടുത്തു.
വന്നപ്പോൾ തൊട്ട് സദനത്തിലെ ലിസിടീച്ചർ ആ ചെറുക്കനെ ശ്രദ്ധിക്കുകയായിരുന്നു.
ഈ മുഖം ഈ പ്രസംഗശൈലി ഈ അംഗവിക്ഷേപം ഇതൊക്കെ താൻ പണ്ടെങ്ങോ മറന്നിട്ടതല്ലേ?.. അതെ.. ഇത് എന്നോ താൻ മറന്നിട്ട ഒരിഷ്ടത്തിന്റെ പ്രതിരൂപം! അവരുടെ മനസ്സിൽ എവിടെയോ വേദനയുടെ ഒരു കൊളുത്ത് മുറുകി. പറിച്ചു മാറ്റാനാവാത്ത ഒരിഷ്ടം ആ കൊളുത്തിൽ കിടന്ന് പിടയുന്നു.
ഓരോരുത്തരിൽ നിന്നും ബയോഡാറ്റ എടുത്ത് ഒടുവിൽ ലിസിടീച്ചറുടെ ഊഴമെത്തി.
ഡിഗ്രിക്ക് പടിക്കുന്നകാലത്തെ ഒരു പ്രണയനൈരാശ്യമാണ് തന്നെ ഈ വഴിയിലെത്തിച്ചതെന്ന് ലിസി പറഞ്ഞപ്പോൾ ജിത്തുവിന്റെ മനസ്സിൽ ഒരു കഥ തെളിഞ്ഞുവന്നു. ആ രണ്ടുകഥകളും കൂടി ചേർത്ത് വായിച്ചപ്പോൾ കിട്ടിയ ഉത്തരം തൃപ്തികരമായിരുന്നു. ഈ കഥ എവിടെയൊക്കെയോ കൂടിച്ചേരുന്നുണ്ടല്ലോ..!
എന്തുകൊണ്ട് സ്നേഹിച്ചയാളെ കല്യാണം കഴിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. ഞാനൊരു പാവം ക്രിസ്ത്യാനി പെണ്ണല്ലേ.. അവസാനനിമിഷത്തിൽ ഞാൻ പിന്മാറി. ഒളിച്ചോടാൻ വന്ന തങ്ങൾ റെയിൽവെ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിൽവെച്ചു ഒരുനീണ്ട ആലിംഗനത്തിൽ ആ ബന്ധമൊതുക്കി. ഒടുവിൽ യാത്ര പറഞ്ഞ് തിരിച്ചോടുകയായിരുന്നു ഞാൻ. മാതാപിതാക്കളുടെ അടുത്തേക്ക് ..
കഥ പൊരുത്തപ്പെടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ മനസ്സിനുള്ളിൽ എവിടെയോ സന്തോഷത്തിന്റെ അമിട്ട് പൊട്ടിവിടർന്നു.
എല്ലാം കഴിഞ്ഞപ്പോൾ അയാൾ തണലിന്റെ അധികാരികളുമായി ബന്ധപ്പെട്ടു. ഈ അമ്മയെ കൊണ്ടുപോയി നോക്കാൻ ഞാൻ തയാറാണ്., എന്റെയമ്മ എനിക്ക് നാലുവയസ്സുള്ളപ്പോൾ മരണപ്പെട്ടുപോയി. അച്ഛൻ പിന്നെ വിവാഹം കഴിച്ചില്ല . എനിക്കൊരമ്മയുടെ സ്നേഹം വേണം എന്ന് സദനത്തിനോട് അഭ്യർത്ഥിച്ചു. സ്വമേധയാ വന്ന ടീച്ചർ. അവർക്കിഷ്ടമാണെങ്കിൽ എഴുതിത്തന്നു കൊണ്ടുപോവാമെന്ന്. അധികാരികൾ സമ്മതിച്ചു.
നിയമപ്രകാരമുള്ള രേഖകളിൽ രണ്ടുപേരും ഒപ്പിട്ടു. അങ്ങിനെ ആ വുദ്ധസദനത്തിൽനിന്നും ഒരമ്മ ഒരുമകന്റെ സ്നേഹത്തിന്റെ തണലിലേക്ക് ചേക്കേറുകയാണ് . കണ്ണീരോടെ സ്നേഹപൂർവ്വം മറ്റു അന്തേവാസികൾ യാത്രചൊല്ലി ..
ഒരു മൂളിപ്പാട്ടോടെയുള്ള അവന്റെ ഡ്രൈവിംഗ്. വണ്ടി അതിവേഗത്തിൽ കുതിക്കുന്നു. ജിത്തു ഏതോ ലോകത്തിലാണ് . ലോകം പിടിച്ചടക്കിയ മട്ട്. ലിസിക്ക് അല്പം പേടി തോന്നി . എന്നാലും അവൾ ഒന്നും പറഞ്ഞില്ല.
സാമാന്യം വലിപ്പമുള്ള ഒരു വീടിന്റെ മുറ്റത്ത് കാർ നിന്നു. ലിസിയുടെ കൈപിടിച്ച് ജിത്തു ഉമ്മറത്തേക്ക് കയറി. അമ്മെ ഒരു സർപ്രൈസ്ഇപ്പൊ കാണിച്ചുതരാമെന്ന് പറഞ്ഞ് ജിത്തു കോളിംഗ് ബെൽ അടിച്ചു. വാതിൽ പുറത്ത് വന്ന ആളെക്കണ്ടപ്പോൾ ലിസി തളർന്നുപോയി ഒരുനിമിഷം.!
അവൻ…! ക്രിസ്ത്യാനി എന്നതിന്റെ പേരിൽ വീട്ടുകാർക്ക് വേണ്ടി ചങ്ക് പറിച്ച്‌കൊടുത്ത് അന്ന് ഇവനെയാണ് താൻ വലിച്ചെറിഞ്ഞത്!
“എന്റെമോനെ….
നിനക്കെങ്ങനെ കിട്ടിയെടാ..”
“അ തൊക്കെ ഞാൻ നേടിയെടുത്തു അച്ഛാ…”
ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൻ അയാളുടെ മുതുകിൽ ചാടിക്കയറാൻ നോക്കുന്നു…..
ലിസിക്ക് അത് കണ്ട് ചിരിയടക്കാൻ കഴിഞ്ഞില്ല.
ഒരുപിടി പൂക്കൾ ആകാശത്തുനിന്നും കൊഴിഞ്ഞുവീണു ആ മുറിയിലേക്ക്!