Wednesday, December 25, 2024
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 5) കുചേലൻ...

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 5) കുചേലൻ കുബേരനായി മാറുന്നു

റെക്സ് റോയി

(ഭാഗം – 5)

കുചേലൻ കുബേരനായി മാറുന്നു

” അപ്പോൾ പറഞ്ഞു വരുന്നത് അദ്ദേഹത്തിൻ്റെ അപ്പൻ ഒരു തുക്കടാ ക്രിമിനൽ ആയിരുന്നു എന്നാണോ ? ”
എൻ്റെ ആത്മഗതം കേട്ട് നാൻസി എന്നെ രൂക്ഷമായിട്ട് ഒന്നു നോക്കി. എന്നിട്ട് തിരിഞ്ഞ് വാതിക്കൽ നിൽക്കുന്ന രണ്ടു തടിയന്മാരെ നോക്കി. എനിക്ക് അർത്ഥം മനസ്സിലായി. എന്റെ മുഖം ചുവന്നു.

നാൻസിയും തടിയന്മാരും ഫയലുമായി വന്നതാണ്. കിട്ടിയപാടെ ഞാൻ അത് തുറന്നു വായന തുടങ്ങി. ഞാൻ വായനയിൽ മുഴുകി നിൽക്കുന്നതു കണ്ടിട്ടും നാൻസിയും ആ തടിയന്മാരും മുറിവിട്ട് പോകാത്തത് എന്തെന്നു മനസ്സിലാകുന്നില്ല.
” അത് ശരിക്ക് വായിച്ചു മനസ്സിലാക്കിയശേഷം എഴുതി തുടങ്ങൂ. അദ്ദേഹം വലിയ ക്ഷമയുള്ള ആളൊന്നുമല്ല. എല്ലാം പെട്ടെന്ന് പെട്ടെന്ന് തന്നെ കിട്ടണം. നോവൽ പോലെയാണ് എഴുതാൻ ഉദ്ദേശിക്കുന്നതല്ലേ ?”
നാൻസിയുടെ ചോദ്യത്തിൽ എന്തെങ്കിലും അരുതാത്തതു മണക്കുന്നുണ്ടോ ? നല്ല തേനൂറുന്ന ശബ്ദമാണ് നാൻസിയുടെത് . ഇവളെങ്ങനെ ഈ കൂട്ടത്തിൽ പെട്ടു! സിനിമാനടികളുടെ സൗന്ദര്യവും ഗായികയുടെ ശബ്ദ സൗകുമാര്യവും !
” ചോദിച്ചത് കേട്ടില്ലേ ?”
” ങേ, അതെയതെ. ആദ്യം ഞാൻ ഇത് മുഴുവൻ ഒന്നു വായിച്ചു പഠിക്കട്ടെ . ” എൻെറ ഏറ്റവും മനോഹരമായ ചിരി ഞാൻ അവൾക്ക് സമ്മാനിച്ചു.
” ഉം ” അതും പറഞ്ഞ് നിർവികാരമായ മുഖത്തോടെ അവൾ പോകാനായി തിരിഞ്ഞു. അവൾ ആ ഗുണ്ടകൾക്കൊപ്പം പുറത്തിറങ്ങി. ആരോ വാതിൽ പുറത്തുനിന്നു അടച്ചു കുറ്റിയിട്ടു. അവൾ അല്പനേരം കൂടെ ഇവിടെ നിന്നിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു.

ഞാൻ വായന തുടർന്നു.

ഗൗതമിന്റെ അപ്പൻ ഒരു വ്യാജ വാറ്റുകാരനായിരുന്നു. ഇടസമയങ്ങളിൽ ചെറുകിട മോഷണവും പിടിച്ചുപറിയും. ഒരുകാലത്ത് ലോക്കൽ രാഷ്ട്രീയക്കാരുടെ ഇഷ്ടപ്പെട്ട ഗുണ്ടയുമായിരുന്നു. മിക്കവാറും സമയം ജയിലിൽ ആയിരിക്കും. ഒരു കലാപത്തിനിടയിൽ കൊല്ലപ്പെടുകയായിരുന്നു. ഗൗതമിന് അന്ന് പതിനഞ്ച് വയസ്സായിരുന്നു പ്രായം. ഗൗതം അയാളുടെ ഏക മകനാണ്.

അതികഠിനമായ ഒരു കുട്ടിക്കാലം ആയിരുന്നു ഗൗതമിന് ഉണ്ടായിരുന്നത്. അവന്റെ ഏറ്റവും അടുത്ത കൂട്ടുകാർ പട്ടിണിയും പരിഹാസവും അരക്ഷിതാവസ്ഥയുമായിരുന്നു. ഒരു ചേരിയുടെ നടുവിലായിരുന്നു അവന്റെ വീട് . ആ ചേരിയിലുള്ളവരുമായുള്ള നിരന്തരമായ ഏറ്റുമുട്ടലുകൾ തെരുവ് യുദ്ധത്തിന്റെ ഉസ്താദായി മാറുവാൻ അവനെ സഹായിച്ചു. ഗൗതമിനെ വളഞ്ഞിട്ട് ആക്രമിക്കുക എന്നതായിരുന്നു കോളനി നിവാസികളുടെ ഏക വിനോദോപാധി.
മെലിഞ്ഞുണങ്ങിയവനായിരുന്നെങ്കിലും തൻ്റെ ജീവൻ നിലനിർത്താൻ ഒരു ഈറ്റപ്പുലിയെ പോലെ അവൻ പോരാടുമായിരുന്നു.

ഗൗതമിന് തൻ്റെ അമ്മയായിരുന്നു എല്ലാം . ചെറിയ ചെറിയ ജോലികൾ ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് അവർ ഗൗതമിനെ പോറ്റിയത്. ഗൗതം തന്നെക്കാൾ അധികം തന്റെ അമ്മയെ സ്നേഹിച്ചു. ഗൗതമിനെ പഠിപ്പിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥനാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. അതിനുവേണ്ടി അവർ കിണഞ്ഞു പരിശ്രമിച്ചു. ഒടുവിൽ ഗൗതം പത്താം ക്ലാസ് പാസായി – തൻ്റെ ഇരുപതാമത്തെ വയസ്സിൽ ! ആ അമ്മയ്ക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. തൻ്റെ മകൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവും എന്ന് അവർ ഉറച്ചു വിശ്വസിച്ചു.

ഇനിയും മുന്നോട്ടുള്ള തൻ്റെ വിദ്യാഭ്യാസ ചെലവുകൾ തൻ്റെ അമ്മയ്ക്ക് താങ്ങാൻ കഴിയുകയില്ല എന്ന് ഗൗതമിന് അറിയാമായിരുന്നു. അതുകൊണ്ട് ഗൗതം ജോലി അന്വേഷിച്ചിറങ്ങി. കിട്ടുന്ന ചെറിയ ചെറിയ ജോലികൾ ചെയ്ത് അമ്മയ്ക്ക് ആശ്വാസമാവാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കകയാണ് മിലിട്ടറിയിലേക്ക് ആളെ എടുക്കുന്നുണ്ട് എന്ന് ഗൗതം കേട്ടത്. മിലിറ്ററി റിക്രൂട്ട്മെൻറ് റാലി നടക്കുന്ന സ്ഥലത്തേക്ക് വളരെ പ്രതീക്ഷയോടെയാണ് ഗൗതം പോയത് . പക്ഷേ മെലിഞ്ഞുണങ്ങിയ ഗൗതം ആദ്യത്തെ റൗണ്ടിൽ തന്നെ പുറത്തായി. അവിടെ മറ്റൊരു വിധി ഗൗതമിനെ കാത്തിരിക്കുന്നുണ്ടായിരുന്നു .

മിലിട്ടറി റിക്രൂട്ട്മെൻറ് റാലിക്ക് വന്ന ഒരു വ്യക്തിയെ ഗൗതം പരിചയപ്പെടാൻ ഇടയായി. നഗരത്തിലെ ഒരു ബാറിലെ വെയിറ്റർ ആയിരുന്നു അയാൾ. അയാൾ ജോലി ചെയ്യുന്ന ബാറിൽ വെയിറ്ററുടെ ജോലി ഒഴിവുണ്ടെന്നും ശമ്പളം കൂടാതെ ടിപ്പുകൾ വഴിയും മോശമില്ലാത്ത വരുമാനം കിട്ടുമെന്നും മനസ്സിലാക്കിയ ഗൗതം അയാളുടെ കൂടെ പോകുവാൻ തീരുമാനിച്ചു. മുമ്പ് ഒരിക്കൽ മാത്രമേ ഗൗതം നഗരത്തിലേക്ക് പോയിട്ടുള്ളൂ. അത് തന്റെ അമ്മയുമൊത്ത് പോലീസ് വാനിൽ പിതാവിന്റെ മൃതശരീരം തിരിച്ചറിയാൻ വേണ്ടി ആയിരുന്നു.

ഗൗതമിന് ആ ബാറിൽ ക്ലീനിങ് ബോയിയായി ജോലി ലഭിച്ചു.

തന്റെ മകൻ ബാറിൽ ജോലിക്കു കയറിയത് അറിഞ്ഞ ഗൗതമിന്റെ അമ്മ ആകെ തകർന്നുപോയി. രണ്ടുമൂന്നു വർഷം ജോലി ചെയ്ത് പഠനത്തിനാവശ്യമുള്ള പണം സമ്പാദിച്ച ശേഷം ജോലി ഉപേക്ഷിച്ച് ഉപരിപഠനത്തിന് ചേർന്നോളാം എന്ന് ഗൗതം അമ്മയ്ക്ക് വാക്ക് കൊടുത്തു. മനസ്സില്ലാമനസ്സോടെ അമ്മ അനുവാദം കൊടുത്തു. എന്നാൽ മകൻ സർക്കാർ ഉദ്യോഗസ്ഥൻ ആകുമെന്ന സ്വപ്നം ബാക്കിവെച്ച് ഒരു വർഷം കഴിഞ്ഞുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ ആ അമ്മ മരണമടഞ്ഞു.

ക്ലീനിങ് ബോയിയിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ വെയിറ്ററായി സ്ഥാനക്കയറ്റം കിട്ടാൻ ഗൗതമിന് സാധിച്ചു. ഗൗതമിന്റെ വിനയപൂർവ്വമായ പെരുമാറ്റവും ഉത്സാഹവും കസ്റ്റമേഴ്സിന്റെ മാത്രമല്ല സഹജോലിക്കാരുടെയും മനസ്സ് കീഴടക്കി. എന്നാൽ ഗൗതമിന്റെ യഥാർത്ഥ കഴിവ് പുറത്തുവരുന്നത് ആ ബാറിലെ കസ്റ്റമേഴ്സ് തമ്മിലും കസ്റ്റമേഴ്സും ജോലിക്കാരും തമ്മിലുമൊക്കെയുള്ള സംഘർഷങ്ങൾ ഉണ്ടാകുമ്പോളാണ്. തെരുവു സംഘട്ടനങ്ങളെ അതിജീവിച്ച് വളർന്നുവന്ന ഗൗതമിന് ബാറിലെ ഏതു സംഘർഷവും ഒതുക്കി തീർക്കാൻ കേവലം മിനിറ്റുകൾ മതി. നഗരത്തിലെ ഏറ്റവും തല്ലിപ്പൊളി ബാർ എന്ന പേര് മാറി ഏറ്റവും സുരക്ഷിതമായ ബാർ എന്ന നിലയിലേക്ക് മാറാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല. ക്രമേണ ഹെഡ് സൂപ്പർവൈസറായും പിന്നീട് ബാറിന്റെ മാനേജറായും ഗൗതം മാറി.

ഇതിനിടയിൽ ഗൗതമിന്റെ മറ്റൊരു കഴിവ് കൂടെ ആ ബാറിന്റെ മുതലാളി കണ്ടെത്തി. സ്പിരിറ്റ് വാറ്റിയെടുത്ത് എസൻസും മറ്റും കലർത്തി ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് മദ്യം ഉണ്ടാക്കാനുള്ള കഴിവ്! ഗൗതം ഉണ്ടാക്കിയെടുക്കുന്ന വ്യാജ മദ്യത്തിന് ഒറിജിനലിനേക്കാൾ രുചിയും ലഹരിയും ഉണ്ടായിരുന്നു. കടപ്പാട് സ്വന്തം അപ്പനോട് തന്നെ.

അങ്ങനെ ആ ബിസിനസ് വികസിക്കാൻ തുടങ്ങി. ഗൗതം ബിസിനസ് പങ്കാളിയായി മാറി. സംസ്ഥാനത്തുടനീളം ബ്രാഞ്ചുകൾ തുറക്കാൻ തുടങ്ങി. ബാറുകൾക്ക് പുറമെ ഡിസ്റ്റിലറികളും അവർ തുടങ്ങി. സംസ്ഥാനത്തുള്ള പല ഡിസ്റ്റിലറികളും വൻ വിലകൊടുത്തു സ്വന്തമാക്കി. ബാർ മുതലാളിയാകട്ടെ, തന്റെ സ്വന്തം മകനെപ്പോലെയാണ് ഗൗതമിനെ കണ്ടത്. തൻ്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പൂർണ്ണ നിയന്ത്രണം അദ്ദേഹം ഗൗതമിനെ ഏൽപ്പിച്ചു. ഗൗതമിന്റെ ഉത്സാഹത്തിൽ അന്തംവിട്ടുള്ള വളർച്ചയായിരുന്നു ആ ബിസിനസിന് ഉണ്ടായിരുന്നത്.

എന്നാൽ വളരെ ആകസ്മികമായി ആ ബാർ മുതലാളിയും ഭാര്യയും ഒരു കാർ ആക്സിഡന്റിൽ കൊല്ലപ്പെട്ടു. അവരുടെ ടീനേജ് പ്രായത്തിലുള്ള രണ്ട് ആൺമക്കളെ പറ്റി ഇപ്പോഴും ആർക്കും വിവരമൊന്നുമില്ല.

ഗൗതം ഒരു ട്രസ്റ്റ് ഉണ്ടാക്കി ബിസിനസ് മുഴുവനും ആ ട്രസ്റ്റിന്റെ കീഴിലാക്കി. ഗൗതം തന്നെയാണ് ആ ട്രസ്റ്റിന്റെ ചെയർമാൻ.

എന്റെ ഓർമ്മയിൽ അവ്യക്തമായി എന്തൊക്കെയോ കാര്യങ്ങൾ തെളിഞ്ഞുവരുന്നു.
ഞാൻ ഹൈസ്കൂളിലോ മറ്റോ പഠിക്കുന്ന കാലത്താണെന്നു തോന്നുന്നു, ഏതോ ബാർ മുതലാളിയും ഭാര്യയും ആക്സിഡന്റിൽ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലെല്ലാം വലിയ കോളിളക്കം ഉണ്ടായിരുന്നല്ലോ! കൊല്ലപ്പെട്ടവരുടെ രണ്ടു മക്കളെ കാണ്മാനില്ല എന്നോ മറ്റോ പ്രചരിക്കുന്നുണ്ടായിരുന്നല്ലോ. അന്ന് ആരെയൊക്കെയോ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ലേ ? ആ കേസ് തന്നെയാണോ ഇത് ?

ഞാൻ ഇന്റർകോമിന്റെ റിസീവർ എടുത്ത് ചെവിയിൽ വെച്ചു. കുറെ ബീപ് ബീപ് ശബ്ദങ്ങൾക്ക് ശേഷം അവളുടെ തേനൂറുന്ന ശബ്ദം കാതിൽ വന്നലച്ചു.
” നാൻസി എനിക്ക് ചില സംശയങ്ങൾ ചോദിക്കാനുണ്ട്.”
” യേസ്, ചോദിച്ചോളൂ”
” ആദ്യത്തെ ചോദ്യം, ഈ ഫയൽ ആരാണ് എഴുതി ഉണ്ടാക്കിയത് ?”
” വാട്ട് ?, എന്താ ചോദിച്ചത് ? ”
” സീ, നാൻസി ….”
” മിസ്റ്റർ തോമസ്, നിങ്ങളുടെ ജോലി ആ ഫയൽ വായിച്ച് അതൊരു നോവലാക്കി പ്രസിദ്ധീകരണ യോഗ്യമാക്കുകയാണ്. അതിന്റെ അപ്പുറത്തുള്ള കാര്യങ്ങൾ എന്തിനാണ് നിങ്ങൾ അന്വേഷിക്കുന്നത് ?”
” അതല്ല നാൻസി, ഈ ഫയലിൽ ഉള്ളതൊക്കെ ഗൗതം സാർ വായിച്ചിട്ടുണ്ടോ ?”
” തോമസ് എന്താ അങ്ങനെ ചോദിച്ചത് ?”
” ഈ ഫയൽ നാൻസി വായിച്ചിട്ടുണ്ടോ ?”
” നിങ്ങൾക്ക് എന്താണ് വേണ്ടത് തോമസ്?”
” ആദ്യം ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ . ഈ ഫയൽ നാൻസി കണ്ടിട്ടുണ്ടോ ?”
മൗനം …
” ഉണ്ട്”
” അപ്പോൾ ഇതിലുള്ളതൊക്കെ നാൻസിക്ക് അറിയാമായിരിക്കുമല്ലോ?”
” അതിന് ?”
” അതിന് ഒന്നുമില്ലേ ? ഇതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പുറത്തുവന്നാൽ ഗൗതം സാർ കൊലപാതക കേസിൽ പ്രതിയാകും.”
” നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത് തോമസ് ?”
” വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ആക്സിഡന്റും അതിൽ കൊല്ലപ്പെട്ട ദമ്പതികളുടെ രണ്ടു മക്കളുടെ തിരോധാനവും സംബന്ധിച്ച ചില പത്രവാർത്തകൾ ഞാനും വായിച്ചിട്ടുണ്ട്. ഈ ഫയലിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ഗൗതം സാറിന്റെ നേർക്ക് വിരൽ ചൂണ്ടുന്നു.”
” ഓ തോമസ്, നിങ്ങൾ ആ ഫയൽ മുഴുവനും വായിച്ചോ?”
” ഇല്ല . ആദ്യത്തെ കുറച്ചു പേജുകളെ ആയുള്ളൂ.”
” എങ്കിൽ മുഴുവനും വായിക്കൂ. അപ്പോൾ മനസ്സിലാകും”.
” അതല്ല നാൻസി”
” സീ മിസ്റ്റർ തോമസ്, അവരെ ആക്സിഡൻറ് ഉണ്ടാക്കി കൊന്നത് ഞങ്ങളുടെ ചില ബിസിനസ് എതിരാളികളാണ്. പിന്നെ അവരുടെ രണ്ടു മക്കളെക്കുറിച്ച് . സ്കൂൾ കുട്ടികൾ ആയിരുന്ന അവരെയും എതിരാളികൾ കൊന്നൊടുക്കും എന്ന് ഭയന്ന് ഗൗതം സാർ അവരെ ഒളിപ്പിക്കുകയായിരുന്നു. അവരെ രണ്ടുപേരെയും ബോർഡ് മെമ്പർ ആക്കി ഗൗതം സാർ ഒരു ട്രസ്റ്റ് ഉണ്ടാക്കി. ആ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ ഞങ്ങളുടെ ബിസിനസ് മുന്നോട്ടുപോകുന്നത്. ഗൗതം സാർ ആ കുട്ടികളെ എതിരാളികളുടെ കയ്യിൽപ്പെടാതെ സുരക്ഷിതരായി സംരക്ഷിച്ചിരിക്കുകയാണ്. ” അവൾ ഒറ്റ ശ്വാസത്തിലാണ് ഇത്രയും പറഞ്ഞു നിർത്തിയത്. ശക്തിയായി ശ്വാസം എടുത്ത ശേഷം അവൾ വീണ്ടും പറഞ്ഞു തുടങ്ങി ” ആ കുട്ടികളെ ഗൗതം സാർ കൊന്നു എന്ന് ചിന്തിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നി തോമസ് ? കഷ്ടം ! നിങ്ങൾ ഏതോ വലിയ എഴുത്തുകാരൻ ആണെന്നാണ് ഗൗതം സാർ വിചാരിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു വിഡ്ഢിയാണ് നിങ്ങളെന്ന് ഞാൻ വിചാരിച്ചില്ല. എന്നോട് ചോദിച്ചത് ചോദിച്ചു. മറ്റാരോടെങ്കിലും ആണ് നിങ്ങൾ ഇത് പറഞ്ഞിരുന്നതെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ ?” അവൾ ശക്തിയായി റിസീവർ താഴെ വയ്ക്കുന്നതിന്റെ ശബ്ദം എന്റെ ചെവിയിൽ മുഴങ്ങി.

എന്നാലും എവിടെയോ ചില സ്പെല്ലിങ് മിസ്റ്റേക്കുകൾ . ഞാൻ മെല്ലെ റിസീവർ താഴെ വച്ചു. ഞാൻ റിസീവറിൽ നിന്ന് കൈയെടുത്ത പുറകെ എന്നെ ഞെട്ടിച്ചുകൊണ്ട് ഫോൺ ബെല്ലടിച്ചു. ഞാൻ റിസീവർ വീണ്ടും എടുത്തു ചെവിയിൽ വച്ചു.
” ഹല്ലോ” എൻ്റെ ശബ്ദത്തിന് ഒരു വിറയൽ അനുഭവപ്പെട്ടു.
മറുതലക്കൽ നാൻസിയാണ് . ” തോമസ് ഐ ആം സോറി . ഞാനങ്ങനെ ഹാർഷായി സംസാരിക്കാൻ പാടില്ലായിരുന്നു. താങ്കൾ ഗൗതം സാറിനെ കൊലപാതകിയായി സംശയിക്കുന്നു എന്ന് കേട്ടപ്പോൾ അറിയാതെ നിയന്ത്രണം വിട്ടു പോയതാണ്. സോറി.”
” ഹേയ്, ഇറ്റ്സ് ഓക്കേ നാൻസി . മനസ്സിൽ തോന്നിയത് ചോദിച്ചു എന്ന് മാത്രം. സോറി .”
” സാരമില്ല തോമസ് . താങ്കൾക്ക് എന്നോട് എന്തും ചോദിക്കാം. ഇതു പോലെ അപകടം പിടിച്ച ചോദ്യങ്ങൾ പാടില്ല. ഈ ഇൻറർകോം റ്റാപ്പ് ചെയ്യുന്നുണ്ട് എന്നുള്ളത് ദയവായി മനസ്സിൽ വയ്ക്കുക. താങ്കളുടെ മുറിയിലും ബഗ്ഗുകൾ ഉണ്ട് . ”
ഞാൻ എന്തൊരു വിഡ്ഢി , അതു ഞാൻ ആലോചിച്ചില്ലല്ലോ.
” സോറി നാൻസി”
” ഹേയ് ഇറ്റ്സ്സ് ഓക്കേ . ബൈ”
” ബൈ”

തുടരും..

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments