നേർത്തതെങ്കിലും, എനിക്ക് മാത്രമറിയാവുന്ന താളത്തിൽ ഒരു വിളിയൊച്ചയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഈ പുഴയോരത്ത് കൂടി ഞാൻ നടക്കുന്നു. ഒരിക്കലെങ്കിലും പതിഞ്ഞ ശബ്ദത്തിൽ അവൾ വിളിച്ചേക്കും!
മണൽത്തരികളിൽ എന്റെ ചുവടുകൾ വീണ് ശബ്ദമുണ്ടാകാൻ പാടില്ല; അവളുടെ വിളിയൊച്ച ഞാൻ കേൾക്കാതെ പോകരുത്! ഞാൻ ശ്രദ്ധയോടെ ഓരോ ചുവടുകളും വച്ചു.
സൗഹൃദങ്ങളെയും, ബന്ധങ്ങളെയും അകലെയായി സൂക്ഷിച്ചിരിക്കുകയാണ് ഞാനിപ്പോൾ. മറ്റുള്ളവരുമായി സംസാരിച്ച് സമയം കളയുമ്പോഴോ, ഭക്ഷണം കഴിക്കാനായി ശ്രദ്ധ തിരിയുമ്പോഴോ ഒരു പക്ഷേ അവളെന്നെ വിളിച്ചാൽ, ഞാനത് അറിയാതെ പോയേക്കും. ഭക്ഷണം കഴിക്കാനെടുക്കുമ്പോഴേ അവളെന്നെ വിളിക്കുന്നതായി തോന്നും! പിന്നെ പുഴയോരത്തേക്കൊരോട്ടമാണ്. വിളിയൊച്ച നേർത്തില്ലായതായി തോന്നുമ്പോൾ പുഴയിലേക്കെടുത്ത് ചാടും! പലപ്പോഴും പുഴ തന്നെ എന്നെ തിരികെയെത്തിക്കാറാണ് പതിവ്!
കഴിഞ്ഞ ദിവസം, മീൻ പിടിക്കാൻ പോയ വള്ളക്കാരാണ് എന്നെ കരയിലെത്തിച്ചത്. അവര് പറഞ്ഞാണ് ഞാനറിഞ്ഞത്; എനിക്ക് നാറ്റമാണെന്ന്! എന്റെ നഖങ്ങൾ നീണ്ടു കറുത്തിട്ടുണ്ട്, താടിയും മുടിയും നീണ്ടിട്ടുണ്ടെങ്കിലും പുഴവെള്ളത്തിൽ ഓളങ്ങൾ അടയാളപ്പെടുത്താത്ത നേരത്ത് എന്റെ പ്രതിബിംബം നോക്കി ഞാനതെല്ലാം ചീകിയൊതുക്കാറുണ്ട്. കുളിക്കടവിലെത്തുന്ന കുട്ടികളും മറ്റും നിശബ്ദമായ വെള്ളത്തിൽ തെളിയുന്ന എന്റെ മുഖത്തേക്ക് കല്ലുകൾ വലിച്ചെറിയും. അപ്പോൾ ഞാൻ പലതായി വിഭജിക്കപ്പെട്ട് പുഴയിലമരും! പുഴയിൽ നിന്ന് ഞാൻ ഒന്നായി കൂടിച്ചേരുന്നത് വരെ പുഴയിലേക്ക് നോക്കിയങ്ങ് നിൽക്കും. പക്ഷേ അപ്പോഴും ഞാൻ കാതോർക്കുന്നുണ്ട് അവൾ വിളിക്കുന്നുണ്ടോയെന്ന്!
ഞാനിന്നുമോർക്കുന്നു; നിർത്താതെ പെരുമഴ പെയ്ത ആ ദിവസങ്ങൾ! കോസ് വേ പാലം അന്ന് മുങ്ങിപ്പോയി. മുതുകോരമല അതിരിട്ട ഗ്രാമത്തിൽ ഇരുളു പടർന്നിരുന്നു. ആകാശം കനത്ത് തൂങ്ങി നിന്നു. വൈദ്യുതി നിലച്ചതിനാലും തണുപ്പ് അതി കഠിനമായിരുന്നതിനാലും ഞാനും അവളും നേരത്തേ കിടന്നു. എന്റെ കയ്യിലേക്ക് തല കയറ്റി വച്ച് കാലുകൾ പിണച്ച് അവളെനിക്ക് ചൂടു പകർന്നു.
വീടിന് പിന്നിലുണ്ടായിരുന്ന തേക്ക് മരം നേരത്തേ മുറിച്ചു മാറ്റിയിരുന്നതിനാൽ കാറ്റിൽ മരങ്ങൾ വീഴുമെന്ന് പേടിക്കേണ്ടതില്ല. രാത്രിയിൽ മഴ പെയ്തു. മല മുരളുന്നുവെന്ന് ഇരുട്ടിൽ ആരോ വിളിച്ചു പറയുന്നതിന്റെയും എന്തൊക്കെയോ തട്ടി മറിയുന്നതിന്റെയും ശബ്ദം കേട്ട് വിളക്ക് തെളിക്കാനാഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ!
ഇരുട്ടായിരുന്നു പിന്നെ! മണ്ണിനടിയിലെവിടെയോ ഒടിഞ്ഞു നുറുങ്ങുന്ന വേദനയോടെ ഞാൻ കിടന്നു! എത്ര ദിവസങ്ങളെന്നറിയില്ല. ഇരുട്ട് മാത്രം!
മണ്ണിനടിയിൽ നിന്ന് എന്നെ പുറത്തെടുക്കുമ്പോൾ ഗ്രാമം ഇല്ലായിരുന്നു. ചെളിയും കല്ലും മാത്രം! വീടിരുന്ന സ്ഥലം ഒന്നാകെയൊഴുകി പുഴയിലമർന്നു. പലരും പറഞ്ഞു; പുഴയിലൂടൊരുപാട് ആളുകൾ ഒഴുകി നടന്നെന്ന്! ചിലരെയൊക്കെ ജീർണ്ണിച്ച ശരീരത്തോടെ പുഴ തിരികെ നൽകി. അവളെ മാത്രം പുഴ തിരികെ തന്നില്ല!
ആറു വർഷങ്ങൾക്ക് ശേഷം ഗ്രാമം വീണ്ടുമുയർന്നു. വഴികൾ വീണ്ടും ജനിച്ചു. പിന്നെയും മഴ പെയ്തെങ്കിലും ഒരിക്കലും മല മുരളുകയുണ്ടായില്ല!
പുഴയോരത്ത് ഞാൻ കാത്തിരിക്കുകയാണ്. എന്റൊപ്പം ഇറങ്ങി വന്ന്, എന്നോടൊപ്പം സ്വപ്നം കണ്ട അവളെ എന്നെങ്കിലും പുഴ തിരികെ തരുന്നതും കാത്ത്! എനിക്കറിയാം അവൾ ഈ പുഴയിലുണ്ടെന്ന്! കുത്തി നോവിക്കുന്ന തണുപ്പ് അവഗണിച്ച് ഞാൻ പുഴയിലേക്കിറങ്ങി. പുഴയിൽ നിലാവ് തൂകിക്കിടന്നിരുന്നു. എന്റെ മുഖത്തേക്ക് നിലാവ് ഒഴുകിപ്പരന്നു. ഈറൻ മുടിയിൽ കുളിപ്പിന്നലിട്ട് അവൾ എന്റെ അരികിലേക്ക് ഒഴുകിവന്നു. ഇപ്പോൾ നിലാവിന്റെ നേർത്ത കണികകൾ എന്റെ മുഖത്ത് തലോടിത്തുടങ്ങിയപ്പോൾ ഞാനും അവളും പുഴയുടെ മടിത്തട്ടിൽ ഇറുകെപ്പുണർന്ന് കിടക്കുകയായിരുന്നു…!