പെരുമൺ പാലത്തിന്റെ മുകളിലൂടെ തീവണ്ടി പോകുബോഴാണ് എതിരെ ഇരിക്കുന്ന അവളെ ശ്രദ്ധിച്ചത്. പന്ത്രണ്ടുവയസ്സ് ഏകദേശം തോന്നിപ്പിക്കും. ഒറ്റയ്ക്കാണെന്നു തോന്നുന്നു. കൂടെ വേറെയാരേയും കാണാത്തതുകൊണ്ട് അങ്ങിനെ ചിന്തിച്ചു. വലിയ കണ്ണുകൾ. ചുരുണ്ടമുടി.
അവൾ അവിടെ ഇരിക്കുന്നത് എന്തെ ഞാൻ കാണാതെ പോയത് എന്നോർത്തു. ചുറ്റുപാടും ശ്രദ്ധിക്കാതെ ചിന്തകളെ അലയാൻ വിട്ടതുകൊണ്ടാകും എന്നു കരുതി.
കഴിഞ്ഞ സ്റ്റേഷനിൽ നിന്നും കയറിയതാവാനേ തരമുള്ളു. ഷൊർണൂരിൽ നിന്നും പുറപ്പെട്ട് അനേകം സ്റ്റേഷനുകൾ പിന്നിട്ടിരിക്കുന്നു. മുപ്പത്തിനാല് കൊല്ലങ്ങൾക്കുശേഷമുള്ള ട്രെയിൻ യാത്ര. എൺപത്തിയെട്ടിൽ നടന്ന പെരുമൺ അപകടത്തിനുശേഷം യാത്രയുടെ മോഹങ്ങളെല്ലാം ഉപേക്ഷിച്ചു. ഏകാന്തവാസത്തിനു അടിമയായി. സ്വയം വിധിച്ച തടങ്കൽ.
പലരും കയറിയിറങ്ങി. ഇവൾ എവിടെ നിന്നാവും കയറിയത്…? ആവശ്യമില്ലാത്ത ചിന്തയെങ്കിലും എന്തോ അങ്ങിനെ ചിന്തിക്കാൻ തോന്നി. ചിന്തകളെ തടഞ്ഞുനിർത്താൻ ആവില്ലല്ലോ.
പെരുമൺ പാലത്തിലൂടെ വണ്ടി നീങ്ങുമ്പോൾ സൂര്യന്റെ വെളിച്ചം അവളുടെ കണ്ണുകളിൽ പ്രതിഫലിച്ചു കണ്ടു. തുരുമ്പെടുത്ത അഴികളിലൂടെ പുറത്തേക്കു നോക്കി. പടിഞ്ഞാറോട്ടു ചാഞ്ഞിറങ്ങാൻ തയ്യാറെടുത്തു നിൽക്കുന്നു. അസ്തമയം ആയിട്ടില്ല. മനസ്സ് അപ്പോഴും ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഈ മുഖം.. എവിടേയോ കണ്ടിട്ടുള്ളതുപോലെ. മനസ്സ് ഒന്നു കൊളുത്തി വലിച്ചു.
കണ്ണുകൾ അഴികൾക്കുള്ളിലൂടെ പുറം കാഴ്ചകളിലേക്ക് നിരങ്ങിനീങ്ങിയപ്പോഴും മനസ്സ് വർഷങ്ങൾ പിന്നിലേക്ക് ചിറകടിച്ചു പറന്നു. മൊബൈലും ടി വിയും ഒന്നും സജീവമല്ലാത്ത കാലം. തൂലിക സൗഹൃദങ്ങൾ മുളപൊട്ടിയ സമയം. പത്രത്താളുകളിലൊക്കെ അതിന്റെ കോളങ്ങൾ വന്നിരുന്നു. പച്ചപിടിച്ചു വളർന്നിരുന്ന നല്ല കാലത്തിലേക്ക് ഓർമ്മകൾ കാലൂന്നി. ആകസ്മികമായി പരിചയപ്പെട്ട ഒരു തുലികാ പെൺ സുഹൃത്ത്. സ്മിത.
കായലിലെ കുഞ്ഞോളങ്ങൾ പോലെ അവളുടെ തുലികയിലെ മഷി മനസ്സിന്റെ അഗാധതയിലേക്ക് നൊമ്പരങ്ങൾ കോറിയിട്ടു. കുഞ്ഞുവരികളിൽ കടലോളം സ്നേഹം, ഒരിക്കലും കണ്ടിട്ടില്ലാത്തയെന്നിൽ നിറച്ചുവെച്ചു. വരികളിൽ അറിയാതെ വിരിഞ്ഞപ്രണയത്തിന്റെ സൗരഭ്യം അതിന്റെ ജീവാംശത്തിൽ തുളുമ്പിനിന്നു.
മറുപടി കത്തിലും ജീവിതത്തിന്റെ പൊരുൾതേടി അലയുന്ന ഒരുവന്റെ ആത്മരാഗം പതഞ്ഞൊഴുകി. മറ്റൊരു ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള കരുത്ത് മനസ്സിൽ നിന്നും ചോർന്നു പോയിരുന്നു. അറിയാത്ത അവളുടെ മുഖം ഞാൻ സങ്കൽപ്പിച്ചുകൊണ്ടിരുന്നു. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത അവളെ ഗാഢമായി സ്നേഹിച്ചു. മനസ്സിന്റെ നീറലിൽ ഉറവപൊട്ടിയ ഉദ്വേഗത്തിന്റെ തരിപ്പിലാണ് ‘ നിന്നെ കാണാൻ താൽപര്യമുണ്ട് ‘ എന്നെഴുതിയത്.
അത് അവളെ വിഷമിപ്പിച്ചോ എന്നറിയില്ല. എങ്കിലും എഴുതി പോസ്റ്റ് ചെയ്യുന്നതിനു മുൻപ് മഷിപേനകൊണ്ട് വെട്ടിയിരുന്നു. എങ്കിലും ബുദ്ധിയുള്ള ഒരാൾക്ക് വായിച്ചെടുക്കാവുന്ന തരത്തിൽ, പരന്ന മഷിക്കടിയിലൂടെ വരികൾ പൊന്തി നിന്നിരുന്നു.
ഒരാഴ്ച കഴിഞ്ഞു. മറുപടി കത്തിൽ പെൻസിൽ കൊണ്ടു വരച്ച അവളുടെ ചിത്രം കത്തിന്റെ കൂടെ കിട്ടി. എന്താണെന്നറിയാത്ത അനുഭൂതി ഉള്ളം നിറച്ചു. വരണ്ടമണ്ണിൽ പെയ്ത പുതുമഴപോലെ മനസ്സിനെ നനച്ചു ആർദ്രമാക്കി. മനസ്സ് പിടിവിട്ട പട്ടം പോലെ ആകാശത്തേക്കുയർന്നു.
നന്ദി പറഞ്ഞെഴുതിയ കത്തിൽ എന്റെ ഏകദേശരൂപം ഞാൻ വർണ്ണിച്ചിരുന്നു. നീണ്ടമുടിയും താടിയുമുള്ള ഒരാളാണെന്ന് വ്യക്തമാക്കി. പറ്റുമെങ്കിൽ കാണാത്ത എന്നെ ഒന്നു വരച്ചു തരാമോ ? എന്നും ചോദിച്ചു. അവൾ എത്രത്തോളം എന്നെ മനസ്സിൽ കണ്ടിരിക്കുന്നു എന്നത് അറിയില്ലല്ലോ ? ഒരു സ്വാർത്ഥത. ബന്ധങ്ങളുടെ പവിത്രതക്ക് അളവുകോലുകളില്ല.
ചിന്തകൾ മുറിഞ്ഞു. മുന്നിലിരിക്കുന്ന കുട്ടി എന്നെനോക്കി ചിരിച്ചു. ഞാൻ ബിസ്കറ്റ് എടുത്ത് അവൾക്കുനേരെ നീട്ടി. അവൾ വേണ്ടെന്നു പറഞ്ഞു. കുടിക്കാൻ വെള്ളം കൊടുത്തു. അതും വേണ്ടെന്ന അർത്ഥത്തിൽ തലയാട്ടി. വീണ്ടും അവളുടെ പ്രസന്നമായ മുഖത്തേക്കുനോക്കി. അവൾ തിരിച്ചും.
‘ മോളുടെ കൂടെ ആരും വന്നില്ലേ..?’
‘ ഇല്ല.. ഞാൻ ഒറ്റയ്ക്കാണ്. അടുത്ത സ്റ്റോപ്പിൽ ഇറങ്ങും. അവിടെ ആളുണ്ടാവും.’
മനസ്സ് വീണ്ടും മുറുകി വലിഞ്ഞു. എന്തെങ്കിലും ചോദിക്കണം അവളോട്. അല്ലെങ്കിൽ പിരിമുറുക്കത്തിന് അയവുണ്ടാകില്ല. വീട് എവിടെയാണെന്നും, ആരൊക്കെയുണ്ടെന്നും, എവിടെയാണ് പഠിക്കുന്നതെന്നും, എല്ലാം ചോദിക്കണം എന്നു മനസ്സിൽ കരുതി. അടുത്ത സ്റ്റോപ്പിൽ ഇറങ്ങും എന്നു പറഞ്ഞതുകൊണ്ട് ധൃതിയും ഉരുണ്ടുപിടഞ്ഞ ആകാംക്ഷയും ഇരട്ടിച്ചു. അച്ഛന്റെയും അമ്മയുടേയും പേര് എന്തായാലും ചോദിക്കണം എന്നാണ് കരുതിയത്. പക്ഷെ, പുറത്തുവന്ന വാക്കുകൾ വേറെയായിരുന്നു.
ഒരു ചോദ്യമാണ് ചോദിച്ചത്.
‘ മോൾടെ അമ്മയുടെ പേര് സ്മിത എന്നാണോ..?’
‘ എന്താ അങ്ങിനെ ചോദിച്ചത് ?’
‘ എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു വർഷങ്ങൾക്ക് മുൻപ്. മോൾടെ ഛായ ആണ് അവൾക്ക്. അതാ ചോദിച്ചത്. അവളുടെ പേരാണ് സ്മിത.’
‘ അതെ. അങ്കിളിന് എങ്ങിനെ അറിയാം എന്റെ അമ്മയെ..?’
ഗുഢ മന്ദസ്മിതം മിന്നലുപോലെ മുഖത്ത് കടന്നുപോയി. തന്റെ ഊഹം ശരിയെന്നു തെളിഞ്ഞതിന്റെ ചെറുതല്ലാത്ത സന്തോഷം. വർഷങ്ങൾക്കുശേഷം മനസ്സറിഞ്ഞ് ചിരിച്ചു.
‘ ഇന്നത്തെപ്പോലെയല്ല അന്നത്തെ ലോകം. കത്തുകൾ മാത്രമേയുള്ളു ആശയ വിനിമയത്തിന്. പരസ്പരം മനസ്സിലാക്കാൻ ആളുകൾ കത്തെഴുതുമായിരുന്നു. അങ്ങനെ എന്റെ സുഹൃത്ത് സ്മിത എനിക്കെഴുതി. ഞാൻ തിരിച്ചും. ഒരു തവണ അവൾ സ്വയം വരച്ച അവളുടെ ചിത്രവും കത്തിനൊപ്പം കിട്ടി. അതിനു നിന്റെ അമ്മയുടെ ഛായയായിരുന്നു.’
അവൾ മുഖത്തേക്കുതന്നെ നോക്കിയിരുന്നു. എന്റെ ഭാവഹാവാദികളിൽ വിച്ഛേദിക്കപ്പെട്ട സ്വപ്നങ്ങളുടെ അടരുകൾ അവൾ കണ്ടുകാണണം.
‘ അപ്പോൾ അങ്കിൾ അവരെ നേരിൽ കണ്ടിട്ടില്ലേ..?’
‘ ഇല്ല. കാത്തിരുന്നു. ഒരിക്കൽ വരാമെന്നും പറഞ്ഞു. ഞാൻ ഷൊർണ്ണൂർ സ്റ്റേഷനിൽ കാത്തിരുന്നു.
പിന്നെ മെല്ലെ മടങ്ങി. ജീവിതം എവിടേയോ തടയപ്പെട്ടതുപോലെ തോന്നി. സമയമായിക്കാണില്ല.’
സന്തോഷത്തിന്റെ നിമിഷങ്ങൾ വഴിമാറുന്നതും സങ്കടപ്പെയ്ത്തിലേക്ക് മനസ്സ് ഉരുണ്ടുകയറുന്നതും അവൾ നോക്കിനിന്നു.
ശബ്ദം ചിലമ്പിച്ചപോലെ എനിക്കുതന്നെ തോന്നി. അവൾ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക എന്നോർത്തു അവളുടെ കണ്ണുകളിലേക്ക് നോക്കി.
‘ അങ്കിൾ കല്യാണം കഴിച്ചോ ? മക്കളുണ്ടോ..?’
‘ ഇല്ല. വീണ്ടും കാത്തിരുന്നു. പിന്നീട് മനസ്സ് കാടുകളിലും മേടുകളിലും അലഞ്ഞുതിരിഞ്ഞു. പ്രണയത്തിന്റെ ചിറകുകൾ ദേഹത്ത് ഒട്ടിയിരുന്നത് അപ്പോഴാണ് തിരിച്ചറിഞ്ഞത്. മനസ്സ് ഒരാൾക്കേ കൊടുക്കാൻ പറ്റു. മോൾക്ക് അതൊക്കെ മനസ്സിലാകുമോ എന്നറിയില്ല.
എപ്പോഴെങ്കിലും അവൾ തിരിച്ചു വന്നാൽ..? ഞാൻ കാത്തിരിക്കേണ്ടേ..? നര ബാധിച്ചു കഴിഞ്ഞു. മൂന്നു പതിറ്റാണ്ടിലധികം കാത്തിരുന്നില്ലേ. ഇനിയിപ്പോ അതിന്റെ സമയമൊക്കെ കഴിഞ്ഞില്ലേ ? മോൾക്ക് അതൊന്നും മനസ്സിലാവാനുള്ള പ്രായമായിക്കാണില്ല.’
‘ മനസ്സിലാവും അങ്കിൾ.. ഞാനിപ്പോ ചെറിയ കുട്ടിയൊന്നുമല്ല. മനസ്സിലാവില്ല എന്ന് അങ്കിൾ രണ്ടുപ്രാവശ്യം പറഞ്ഞു. ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പറഞ്ഞോളു..’
‘ അമ്മയിപ്പോൾ..?’
‘ മരിച്ചു..’
കാത്തിരിപ്പിന്റെ അന്ത്യം കുറിച്ച വാക്കുകൾ കേട്ടിട്ടും നിർവികാരതയിൽ നിന്നും മോചനം ലഭിക്കാതെ അവളെ നോക്കി.
‘ ഞാൻ എവിടെയും പോകാറില്ല. കാത്തിരിപ്പൊരു ശീലമായി. കഴിഞ്ഞ മുപ്പതിലേറെ കൊല്ലത്തിനു ശേഷം ആദ്യമായാണ് ഇന്ന് വണ്ടിയിൽ..’
വാക്കുകളൊന്നും അധികം പുറത്തേക്കു വന്നില്ല. എന്തൊക്കെയോ സംസാരിക്കണമെന്നും ചോദിക്കണമെന്നുമുണ്ട്. മൗനം ഉരുക്കിയൊഴിച്ചതുപോലെ ഘനീഭവിച്ചുകിടന്നു.
ചോദ്യത്തിനുള്ള ഉത്തരം മാത്രം.
‘ അങ്കിളേ.. കുറെ കാലം കത്തെഴുതിയോ..?’
‘ ഉവ്വ്.. കുറേക്കാലം. ആദ്യം കാണാനും പിന്നീട് കല്യാണം കഴിക്കാനും ആഗ്രഹിച്ചു. ഒന്നും നടന്നില്ല. ചിലർക്ക് ചിലതു വിധിച്ചിട്ടുണ്ടാവില്ല. എനിക്ക് കല്യാണവും.’
കൂടുതൽ സംസാരിച്ചതുകൊണ്ടാകും അവൾ മനസ്സിലേക്ക് കയറിക്കൂടി. ഇനി ഇറങ്ങിപ്പോകുമ്പോഴാകും വിഷമം എന്നാലോചിച്ചു അവളുടെ മുഖത്തേക്ക് വ്യസനസമേതം നോക്കി.
‘ എനിക്ക് ഇറങ്ങാറായി.. അങ്കിൾ ഇനി എങ്ങോട്ടാ..?’
‘ അറിയില്ല. ഇങ്ങനെ..പോകും.’ വാക്കുകൾ മുറിയുന്നുണ്ടെന്നു തോന്നി.
വണ്ടിയുടെ വേഗത കുറഞ്ഞുവരുന്നത് അയാൾ മനസ്സിലാക്കി. അവൾ എണീറ്റു. കൂടെ അയാളും. കമ്പാർട്ടുമെന്റിന്റെ വാതിൽക്കലേക്ക് നടന്നു. വണ്ടി നിന്നു. അവൾ പ്ലാറ്റ്ഫോമിൽ നിന്നു അയാളെ സൂക്ഷിച്ചു നോക്കി.
‘ ഞാൻ അങ്കിളിനൊരു സാധനം തരട്ടെ..?’
ആകാംക്ഷ മനസ്സിന്റെ പടിവാതിലിൽ മുട്ടിയത് അറിഞ്ഞു. തിടുക്കപ്പെട്ട് പറഞ്ഞു.
‘ തരൂ..’
സ്കർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു കഷണം കടലാസ്സ് അയാൾക്കു നേരെ നീട്ടി.
‘ ഇതൊന്നു തുറന്നു നോക്കു..’
കടലാസ്സ് നിവർത്തി അതിലേക്ക് സൂഷിച്ചുനോക്കി. കണ്ണിൽ നിന്നും അനുവാദം ചോദിക്കാതെ അടർന്നുവീണ കണ്ണുനീരിൽ കടലാസ്സു പൊള്ളി. നിറം മങ്ങിയ കടലാസ്സിൽ തന്റെ ചിത്രം. പെൻസിൽകൊണ്ടു വരച്ച് അതിനടിയിൽ ‘സ്മിത’ എന്നെഴുതിയിരിക്കുന്നു.
കടലാസ്സ് കയ്യിൽ പിടിച്ച് അയാൾ ഞെട്ടിവിറച്ചു. അവളുടെ മുഖത്തേക്കു നോക്കി.
‘ അങ്കിളിനു എന്നെ മനസ്സിലായില്ലേ ? എന്നെയൊന്നു ശരിക്കും നോക്കു.. മുഖത്തേക്ക്.’
കണ്ണുകളിലൂടെ അയാൾ സങ്കൽപ്പിപ്പെടുത്ത സ്മിത എന്ന രൂപത്തിൽ കണ്ണുകൾ തറച്ചു.
‘ മോളു.. നീ..?’
‘ ഞാൻ സ്മിതയാണ്. അങ്ങയെ കാണാൻ വരുമ്പോഴാണ് പെരുമണ്ണിൽ ട്രെയിൻ മറിഞ്ഞതും, ഞാൻ താഴേക്ക് ആണ്ടുപോയതും. പക്ഷെ, എനിക്ക് വാശിയായിരുന്നു. ഒരിക്കൽ കാണണമെന്ന്. ഞാൻ അതിനു അനുവാദം ചോദിച്ചിരുന്നു. ഏതാനും മണിക്കൂർ ഭൂമിയിൽ വരാനും അങ്ങയെ കാണാനും. ഒരിക്കൽപ്പോലും അങ്ങയെ കണ്ടെത്തിയില്ല. പെരുമൺ പാലത്തിലൂടെ പോകുന്ന വണ്ടികളിലെല്ലാം എന്റെ കണ്ണുകൾ തിരയാറുണ്ട്. സ്വകാര്യമായി അങ്ങ് ആവശ്യപ്പെട്ട ചിത്രം കേടുവരാതിരിക്കാൻ ഒരുപാടു ശ്രമിച്ചു കൊല്ലങ്ങളോളം. നനഞ്ഞിട്ടും അതുണക്കി എന്റെ ലോകത്തു ഭദ്രമായി സൂക്ഷിച്ചു. അത് കളഞ്ഞാൽ മാത്രമെ എനിക്ക് മറ്റൊരു ജന്മം സാദ്ധ്യമായിരുന്നുള്ളു. പിടിച്ചു നിന്നു ഇത്രയും കാലം. അതെന്റെ മനസ്സിന്റെ തീരുമാനമായിരുന്നു. മറ്റൊരു ജന്മം മോഹിച്ചില്ല. ഇനിയെനിക്ക് സമാധാനമായി പോകാം. ജന്മങ്ങളെടുക്കാം. ഭൂമിയിലെ സന്ദർശനങ്ങൾക്ക് പരിധിയുണ്ട്. ഇനി ചിലപ്പോൾ പറ്റിയില്ലെന്നും വരാം. നിങ്ങളുടെ ഒരു കൊല്ലം ഞങ്ങൾക്ക് ഒരു ദിവസമാണ്. മുപ്പത്തിനാലു ദിവസങ്ങൾക്കു ശേഷം ഞാൻ അങ്ങയെ കാണുന്നു. പ്രണമിക്കുന്നു. കാത്തിരിപ്പ് അവസാനിപ്പിക്കണം. വൈകിയിട്ടില്ല. ഇഷ്ടപ്പെടുന്ന ഒരാളെ കല്യാണം കഴിക്കണം. അപ്പോൾ ഞാൻ വരും. അങ്ങയുടെ മകളായി. ഉറപ്പ്.’
ആകാശത്തു പുഷ്പവൃഷ്ടിയുണ്ടായി. പകലിന്റെ നിറം നേർത്തുപോയിരുന്നു. കണ്ണകൾ നിറഞ്ഞു മൂടപ്പെട്ടിരുന്നു. വണ്ടിയുടെ സൈറൺ മുഴങ്ങി. മെല്ലെ മെല്ലെ ചലിക്കാൻ തുടങ്ങി. അവൾ നിന്നിടത്തു തന്നെ നിന്നു. അവളുടെ നോട്ടത്തിൽ ഞാൻ സ്മിതയെ കണ്ടു. കുഞ്ഞു ശരീരം വലുതായി യുവതിയായി സാവധാനം വായുവിൽ ലയിച്ചു മുകളിലേക്ക് പൊങ്ങിപ്പോകുന്നത് നോക്കി നിന്നു. ആശ്ചര്യത്തിന്റെ പടവുകൾ സ്വയം കയറിപ്പോകുന്നത് അയാളറിഞ്ഞു.
അവൾ കൊടുത്ത കടലാസ്സിൽ അയാളുടെ രൂപം വ്യക്തയായും കൃത്യമായും വരച്ചിരുന്നു. ചില ആത്മബന്ധങ്ങൾക്ക് നിർവ്വചനങ്ങളില്ല. കണ്ണുനീർ വീണു നനഞ്ഞ നിറം മങ്ങിയ കടലാസ്സ് ഭദ്രമായി ഹൃദയത്തോടു ചേർത്തു.
വണ്ടിയുടെ ചൂളം വിളി അകന്നുപോയിരുന്നു.