രണ്ടോ നാലോ മാസം മുന്‍പൊരു രാത്രിയിലാണ് ഏതോ ഒരു അജ്ഞാത പക്ഷിയുടെ കൂവലുകേട്ടത്. കേള്‍വിക്കാരില്‍ ഭയം നിറയ്ക്കുന്ന ശബ്ദം.
കുറവന്‍മലയുടെ മുകളിലെവിടയോ നിന്നാണ് കൂവല്‍. കരച്ചിലാണോ നിലവിളിയാണോ.. എന്തോ കണ്ട് ഭയന്ന് നായ മോങ്ങുന്നതു പോലെയാണോ അറിയില്ല.
പാറപ്പുറത്തെ ഷെഡില്‍ കിടന്നവരും ഏറുമാടങ്ങളില്‍ അന്തിയുറങ്ങിയവരുമെല്ലാം ആ ശബ്ദം കേട്ടു. പിറേറന്ന് രാവിലെ വിരിപാറയിലെ ഷെഡ്ഡുകടയില്‍ ചെന്നപ്പോള്‍ മത്തനും മാധവനും ഔസേപ്പും കുഞ്ഞും പാക്കരനുമെല്ലാം അതേക്കുറിച്ചാണ് സംസാരം. കടക്കാരന്‍ മമ്മത് കുറച്ചു കൂടി വ്യക്തമായിപ്പറഞ്ഞു.
കടയിലെ സാധനങ്ങളെല്ലാം കയറില്‍ കെട്ടി ഏറുമാടത്തിലേയ്ക്ക് രാത്രി കയററിവച്ചു. അല്ലെങ്കില്‍ അടുപ്പിലെ ചാരം തിന്നാന്‍ വരുന്ന ഒററകൊമ്പന്‍ കടയും തകര്‍ക്കും, സാധനങ്ങളും തിന്നും. ഒരാഴ്ച്ചയായിട്ടു വരാതിരുന്ന ഒററക്കൊമ്പന്‍ വന്ന രാത്രിയായിരുന്നത്. അവന്‍റെ ചീററലും മുറം പോലുള്ള ചെവിവീശലും കേട്ടാണ് അയാളുണര്‍ന്നത്, നോക്കുമ്പോളവന്‍ അനങ്ങാതെ കുറവന്‍ മലയുടെ ഉച്ചിയിലേയ്ക്ക് നോക്കിനില്‍പ്പാണ്,
അപ്പോളാണ് ഇരുട്ടിനെ വിറപ്പിച്ചുകൊണ്ട് ആ അലര്‍ച്ചയുയര്‍ന്നത്,
കുറച്ചുസമയത്തിനു ശേഷം ഒരു ചിറകടി ശബ്ദം . അത് കടയിരിയ്ക്കുന്ന വിരിപാറയില്‍ പറന്നിരുന്നു. ചിറകുള്ളൊരു മനുഷ്യനെപ്പോലൊരു ജീവി. അതിന്‍റെ കണ്ണുകള്‍ തീപോലെ തിളങ്ങി.
ഒന്നു പോ..മമ്മതേ..
പാക്കരന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.
എന്നിട്ട് നീ ബാക്കി പറ..
മാധവന്‍ ധൈര്യം സംഭരിച്ച് പറഞ്ഞു.
നിങ്ങള് നോക്ക്..
മമ്മത് വിരല്‍ ചൂണ്ടി ഒന്നിനേയും ഭയക്കാത്ത ഒററകൊമ്പന്‍ ഓടിയവഴിയാ…
അത് ശരിയാ..
ഇല്ലിമുള്ള് വളച്ചും പിരിച്ചും വേലികെട്ടിയ ചേമ്പും തോട്ടം അവന്‍റെ ഓട്ടത്തില്‍ പെട്ട് തവിടു പൊടിയായിക്കിടക്കുന്നു..
ഒരു ഭയാനകമായ മൂകത അവിടെ പടര്‍ന്നു.അപ്പോളാണ് കുഞ്ഞാപ്പനങ്ങോട്ട് വന്നത്. ചൂടന്‍ വാര്‍ത്തയുമായാണയാള്‍ വന്നത് കൊയ്യാറായി വിളഞ്ഞു കിടന്നിരുന്ന കരനെല്ലിന്‍ കണ്ടം പകുതിയിലേറെ കൊടും കാററടിച്ചപോലെ തകര്‍ന്നു കിടക്കുന്നു. പലരുടേയും കപ്പ ചേന വാഴ ഇഞ്ചി എന്നു വേണ്ട,,, കൃഷിയില്‍ പകുതിയിലേറെയും നശിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഒരിടത്തും മൃഗങ്ങളോ മനുഷ്യനോ ഇറങ്ങിയ ഒരു അടയാളവുമില്ല. കുടിയേററ ഗ്രാമമാകെ മൂകതയിലാണ്ടു. ആര്‍ക്കും ഒന്നും പിടികിട്ടിയില്ല.
ഒരു കുഴപ്പവുമില്ലാതെ ഒരാഴ്ച്ച കടന്നു പോയി . വീണ്ടും രാത്രിയിലും അതേ അലര്‍ച്ച കേട്ടു. പിറേറന്ന് നേരം വെളുത്തപ്പോള്‍ പെരുമാളണ്ണാച്ചിയുടെ തൊഴുത്തിലെ നിറകറവയുള്ള എരുമ ചത്തുകിടക്കുന്നു. അതിന്‍റെശരീരമാകെ നീലനിറം കഴുത്തൊടിഞ്ഞതു പോലെ…
ആന കയറിയ പോലെ കൃഷി നാശം…
ഒരു മാസത്തിനു ശേഷമാണവര്‍ക്ക് അത് മനസ്സിലായത്. എല്ലാ വെള്ളിയാഴ്ച്ച ദിവസങ്ങളിലുമാണ് ഈ കരച്ചിലും നാശ നഷ്ടങ്ങളുമുണ്ടാകുന്നതെന്ന്…
പിന്നെ പിന്നെ വെള്ളിയെന്നോ ശനിയെന്നോ ഇല്ലാതായി. ചില രാത്രികളില്‍ കസേരക്കല്ലിനു മുകളില്‍ ഒരു നിഴല്‍ രൂപം താഴ് വാരത്തിലേയ്ക്കും പെരിയാററിലേയ്ക്കും നോക്കി നില്‍ക്കുന്നതു കാണാം.. നിലാവുള്ള രാത്രികളിലും നട്ടുച്ച നേരത്തും പുഴയിലെ കയത്തില്‍ എന്തോ ചാടുന്നതും നീന്തി തുടിയ്ക്കുന്നതുമായ ശബ്ദം കേള്‍ക്കാം…
ഒരു ദിവസം പകല്‍ കയത്തില്‍ കുളിയ്ക്കാനിറങ്ങിയ ശങ്കരന്‍ ശ്വാസം കിട്ടാതെ പിടഞ്ഞാണ് മണല്‍പ്പരപ്പിലേയ്ക്ക് ഇഴഞ്ഞു കേറിയത് .
തെളിഞ്ഞ,, അടിയിലെ മണല്‍ കാണാവുന്ന അടിത്തട്ടില്‍ നിന്ന് എവിടുന്നോ ഒരു വലിയ കറുത്ത കൈ, മുഷ്ടി ചുരുട്ടി അയാളുടെ നെഞ്ചിലിടിച്ചത്രേ..
മണലില്‍ കിടന്ന അയാളുടെ കടവായിലൂടെ ഒഴുകിയ ചോര വീണ് പഞ്ചാരമണലിന് ചുവപ്പു നിറമായി.
പുഴയുടെ തീരത്തെ പുല്ലാനിക്കാടിനടുത്താണ് ശങ്കരനെ ദഹിപ്പിച്ചത്, ചിതയാളിയപ്പോള്‍ ഉയര്‍ന്ന പുകയിലൂടെ ഏതോ ഒരു ഇരുണ്ടപക്ഷി ചിറകടിച്ചു പറന്നു നടന്നു.
രണ്ട് ദിവസം കഴിഞ്ഞ് പുഴയിലൂടെ, ആലാംമ്പുഴകയത്തിലൂടെ, ഇല്ലിചെങ്ങാടം തുഴഞ്ഞ് ആദിവാസി മൂപ്പന്‍ മുത്തനെത്തിയത്, വിവരങ്ങളറിഞ്ഞ മൂപ്പന്‍ പ്രദേശമെല്ലാം നോക്കി കണ്ടു. തലയാട്ടി മുറുക്കാന്‍ കല്ലിലിടിച്ചുകൂട്ടി ചവച്ച് നീട്ടിതുപ്പി.
അതുകണ്ടപ്പോളവര്‍ക്ക് പഞ്ചാരമണലിനെ ചുമപ്പിച്ച ശങ്കരന്‍റെ ചോര ഓര്‍മ്മവന്നു.
കുഴപ്പമാണ്…
അവന്‍ വീണ്ടും വന്നു..
ആര്..?
അത് ആയിരത്താണ്ടുകള്‍ക്ക് മുന്‍പ് ഞങ്ങളുടെ പൂര്‍വ്വികരും തമിള്‍ നാട്ടില്‍ നിന്നും കുടിയേറിയവരുമായി പോരുണ്ടായി . വര്‍ഷങ്ങള്‍ നീണ്ടുനിന്ന പോര്…അവസാനം അവര് തോല്‍ക്കും തിരിച്ചു പോകണമെന്ന സ്ഥിതി വന്നപ്പോള്‍ കൊടിയ മന്ത്രം ചെയ്ത് ഒരൂ ആവിയെ കൊണ്ടുവന്നു.
അത് ഞങ്ങളുടെ കുലംമുടിയ്ക്കുമെന്ന സ്ഥിതി വന്നപ്പോ ഞങ്ങളുടെ മൂപ്പന്‍മാരു കൂടി കൊടും ക്രിയചെയ്താണ് അവനെ തളച്ചത്… ആയിരമാണ്ടു കഴിഞ്ഞാലവന് തറച്ചീടത്തു നിന്നും പുറത്തുവരാം പിന്നൊരു നൂറ് വര്‍ഷം അവന് സ്വതന്ത്രമായി നടക്കാം..അവനീ നാടുമുടിയ്ക്കും …
ഇനി നമ്മളെന്തു ചെയ്യും..?
ഇനിയവനെ തളയ്ക്കാനറിയാവുന്നവരാരുണ്ട്..
ആരും ഇല്ല…
ഒന്നുകിലവനെ തളയ്ക്കണം…അല്ലേല്‍ എല്ലാവരും മലയിറങ്ങണം…
മൂപ്പന്‍ നീണ്ട ഇല്ലിക്കമ്പ് വെള്ളത്തിലൂന്നി താഴേയ്ക്ക് പോയി..
രാത്രികള്‍ ഭീകര രാത്രികളായിമാറി…
മലകയറി കാടു ചവിട്ടി തോട്ടാപ്പുഴുക്കള്‍ക്ക് രക്തം കുടിയ്ക്കാന്‍ കൊടുത്തു പല മന്ത്രവാദികളും കൂടോത്രക്കാരും വന്നു. പക്ഷേ ആരും അവരെ രക്ഷിച്ചില്ല.
അങ്ങിനെയിരിയ്ക്കയാണ് പിലിപ്പോസിന്‍റെ വല്യമ്മ മലകേറി വന്നത്..
പുള്ളിക്കാരിയാണ് പറഞ്ഞത് പാലാ നാട്ടിലെ കൊഴുവനാലിലുള്ള ജിയോ അച്ചനെ കാണാമെന്ന്…
അച്ചന്‍ ഭൂതപ്രേതങ്ങളെ ഓടിയ്ക്കുന്നതില്‍ കടമററത്തച്ചനെപ്പൊലെ മിടുക്കനാണ് പോലും.
രണ്ട് ദിവസത്തെ നടപ്പും ഒരു ദിവസത്തെ കാളവണ്ടി യാത്രയ്ക്കും ശേഷമവര്‍ കൊഴുവനാലെത്തി. ആശ്രമത്തില്‍ അച്ചനെക്കാണാന്‍ നല്ല തിരക്കുണ്ട്.
പിലിപ്പോസിന്‍റെ വല്യമ്മയുടെ മകനാണച്ചന്‍റെ കുശിനിക്കാരന്‍.
അയാളുടെ ശുപാര്‍ശ്ശ കേട്ടയച്ചന്‍ വരെ നേരെ മുറിയിലേയ്ക്കുവിളിപ്പിച്ചു.
എല്ലാം വിശദമായിക്കേട്ടു. അദ്ധേഹം ദീര്‍ഘനിശ്വാസം വിട്ടു. നിങ്ങളു പറഞ്ഞ തനുസരിച്ച് ഇതൊരു നിസ്സാര കാര്യമല്ല. നിങ്ങള്‍ പുറത്തിരിയ്ക്കു ഞാനൊന്നു പ്രാര്‍ത്ഥിക്കട്ടെ..
അരമണിക്കൂര്‍ കഴിഞ്ഞച്ചനവരെ മുറിയിലേയ്ക്കു വിളിച്ചു.
ഇതൊരു പുണ്യാളന്‍റെ രൂപമാണ് ഇത് അവിടെ ചെന്നിട്ട് എററവും ഉയര്‍ന്ന സ്ഥലത്ത് വയ്ക്കണം. അതായത് ഏററവും പൊക്കമുള്ള മരത്തിന്‍റെ ഉയരത്തില്‍ താഴെപ്പോകാതെ കെട്ടിയുറപ്പിക്കണം. അവിടെ നിന്നു നോക്കിയാല്‍ എല്ലായിടവും കാണാന്‍ പററണം. അവിടെ ചെന്നിട്ടെ പൊതിയഴിക്കാവൂ..
ഒരു ദിവസത്തെ കാളവണ്ടി യാത്രയും ഒന്നര ദിവസത്തെ നടപ്പും കൊണ്ടവര്‍ തിരിച്ചത്തി..
അപ്പോള്‍ സന്ധ്യയായിരുന്നു.
പിറേറന്നുരാവിലെ മലയുടെ മുകളിലെ മുത്തന്‍ മരുതിന്‍റെ ഏററവും മുകളിലെ ശിഖരം വട്ടം മുറിച്ചു .പൊതിയഴിച്ച് നോക്കുമ്പോളൊരു ചെറിയ ഗീവര്‍ഗ്ഗീസ് സഹദായുടെ രൂപം..
പാമ്പിന്‍റെ വായിലേയ്ക്ക് കുന്തം തിരുകി വെള്ളക്കുതിരമേലിരിയ്ക്കുന്ന തിരുസ്വരൂപം…
അന്നൊരു വെളുത്തവാവായിരുന്നു. പോരാഞ്ഞ് വെള്ളിയാഴ്ച്ചയും, നേരമിരുട്ടിയതേ എല്ലാവരും ഷെഡ്ഡുകളിലും ഏറുമാടങ്ങളിലും കയറി പററി. വാതിലുകള്‍ ബന്ധിച്ചു വിളക്കണച്ചു. ഏറുമാടത്തിന്‍റെ കിളിവാതിലിലൂടെ ദൂരേയ്ക്ക് നോക്കി ശ്വാസമടക്കിയിരുന്നു.
വനത്തിനു മേലെ പെരിയാറിനു മേലെ… കുറവന്‍ കുറത്തിമലയ്ക്കുമേലെ… നിലാവ് പാല്‍കമ്പളം വിരിച്ചു കിടന്നു. രാത്രിയുടെ പാട്ടുകാരായ ചീവിടുകള്‍ രാഗാലാപനം തുടങ്ങി . പുഴയ്ക്കക്കരെ വെള്ളിലാവിന്‍റെ തുഞ്ചത്തിരുന്ന് കാടിന്‍റെ പോലീസായ മൂങ്ങാ മൂളി..
പെട്ടന്നു ചീവീടുകള്‍ പാട്ടു നിര്‍ത്തി . കാടും താഴ് വാരവും നിശബ്ദ്ധതയിലായി. ഏതോ ഹിംസ്ര മൃഗം വേട്ടയ്ക്കിറങ്ങുന്ന പ്രതീതി.
അങ്ങകലെ കുറവന്‍മലയ്ക്കും അപ്പുറത്തുനിന്ന് നീണ്ട നിലവിളി കേട്ടു. നിശബ്ദ്ധമായ കാടിനു മുകളിലൂടെ തണുപ്പും തേരോട്ടം തുടങ്ങി.
ഏറുമാടത്തിലിരുന്നു പുറത്തേയ്ക്കു നോക്കിയവര്‍ കണ്ടു കസേരക്കല്ലിന്‍റെ ഉച്ചിയില്‍ ചിറകുവിരിച്ചു നില്‍ക്കുന്നൊരു രൂപം.. അതവിടെ നിന്ന് ഒന്നു കൂടി അലറി.
പെട്ടന്ന് മുത്തന്‍ മരുതിയുടെ മുകളില്‍ നിന്നൊരു കുതിര ചിനയ്ക്കുന്ന ശബ്ദമുയര്‍ന്നു. കുറവന്‍മലയുടെ മുകളില്‍ നിന്ന ഇല്ലിതുറുവിലേയ്ക്ക് ആകാശത്തു നിന്ന് ഒരു വെള്ളിടി പുളഞ്ഞിറങ്ങി.
താഴ് വാരത്തിലേയ്ക്കതിന്‍റെ തീയും തീപ്പൊരിയും ചിതറി …
അന്തരീക്ഷത്തെ ഞെട്ടിച്ചുകൊണ്ടൊരു കുതിരക്കുളമ്പടിയുയര്‍ന്നു. നിലാവിലത് കസേരക്കല്ലിനെ ലക്ഷ്യമാക്കി കുതിച്ചു.
നിലാവുമങ്ങി. നേരിയ ഇരുള്‍ ഭൂമിയെ പൊതിഞ്ഞു. വലിയ അലര്‍ച്ചകളും കുതിരക്കുളമ്പടിയും ചിറകടി ശബ്ദവും മിന്നലും അന്തരീക്ഷത്തിലുയര്‍ന്നു.
ചിറകടിശബ്ദം കുറവന്‍ കുറത്തിമലയുടെ ഇടയിലൂടെ പിറകെ…. കുളമ്പടി ശബ്ദവും അകന്നു പോയി.
അത് പുഴയ്ക്കുമേലെ തുരുത്തുകള്‍ക്കു മേലെ പാഞ്ഞു
കുറച്ചു സമയത്തിനുശേഷം ആ പാച്ചില്‍ നിലച്ചു. ദൂരെ അയ്യപ്പന്‍ കോവില്‍ ക്ഷേത്രത്തിലെ കല്‍വിളക്കിലെ തിരിനാളം കാണാം.
അദൃശ്യമായൊരു ഭിത്തിയിലിടിച്ച പോലെ….
ആ പാച്ചിലൊരു പോരാട്ടത്തിലേയ്ക്ക് കടന്നു. സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.
കുറേ സമയത്തിനുശേഷം താഴ് വാരത്തില്‍ നിലാവുദിച്ചു. ചീവീടുകള്‍ ഗാനാലാപം തുടങ്ങി. രാത്രിയുടെ കാവലാളായ മൂങ്ങ വീണ്ടും മൂളാന്‍ തുടങ്ങി.
മുത്തന്‍ മരുതിനു മുകളില്‍ നിന്നും കുതിര ചിനയ്ക്കുന്ന ശബ്ദം കേട്ടു. നേരം പുലര്‍ന്നു. എല്ലാവരും വിരിപാറയിലെത്തി മുത്തന്‍ മരുതിലേയ്ക്ക് നോക്കി.അവിടാ രൂപമില്ല.
എല്ലാവരും അരുവിത്തുറപ്പളിയിരിയ്ക്കുന്ന ദിക്കിലേയ്ക്കു നോക്കി. ആരോടെന്നില്ലാതെ പറഞ്ഞു.
വല്യച്ചന്‍ കാത്തു..
പെരിയാര്‍ ശാന്തമായിയൊഴുകി പിന്നീട് എന്തു വിഷമം വന്നാലും അപ്പനമ്മമാര്‍ മക്കളെ അരീത്ര പള്ളിയിലെത്തിച്ച് അടിമവച്ചു.
പെരുന്നാളിന് ചക്കയും കപ്പയും കാച്ചിലും കുരുമുളകും പള്ളിയില്‍ കാഴ്ച്ചവച്ചു. കൂടടച്ചും വീടടച്ചുമവര്‍ പെരുന്നാളാഘോഷങ്ങളില്‍ പങ്കുകൊണ്ടു പുണ്യാളന്‍റെ,അനുഗ്രഹം വാങ്ങി
ഹൈറേഞ്ചിലെ കറുത്തമണ്ണിലവര് പൊന്നു വിളയിച്ചു.