ചിങ്ങപ്പുലരി പുടവയണിഞ്ഞെത്തി
മലയാള നാട്ടിൽ മലനാട്ടിൽ
പൂനിലാവൊഴുകുന്ന ആകാശമേടയിൽ
തിങ്കളും താരവും കണ്ണുചിമ്മി
പാണന്റെ നന്തുണി പാടാത്തതെന്താണ്
പഴമതൻ ഗരിമയും പോയ്‌മറഞ്ഞോ
വരണ്ടു കിടക്കുന്ന പാടത്തിൻ ഹൃത്തടം
ഗതകാല സ്‌മൃതിയിൽ മയങ്ങിയെന്നോ
ഉണ്ണിക്കു പൂനുള്ളാൻ പൂക്കൂട തായോ
ഇച്ചേച്ചിയുമൊന്നു കൂടെ വായോ
പൂത്തുമ്പി പെണ്ണാള് പാറി പറക്കുന്നു
വയലായ വയലൊക്കെ പാട്ടുമൂളി
പൂവാംകുരുന്നില പായാരം ചൊല്ലുന്നു
പൂനുള്ളാനായാരും വരുന്നതില്ലേ
ഉണ്ണികൾ ആർപ്പുവിളിയുമായെത്തുന്നു
ഊഞ്ഞാലിലാടി രസിച്ചിടുന്നു
അത്തക്കളത്തിലിരുന്നൊരു മുക്കുറ്റി
തുമ്പയോടെന്തോന്നു കുശലം
പറഞ്ഞത്?
ഓണത്തപ്പന് നെറുകയിൽ ചൂടുവാൻ
രാമകിരീടമണഞ്ഞതില്ലേ
മന്ദാരകാവിലെ കുഞ്ഞാറ്റ പെണ്ണാള്
കതിർമണി കൊയ്യുവാൻ
പോണതില്ലേ?
ഓണപ്പൊട്ടൻ വരണത് കണ്ടോ
ഓടിയണഞ്ഞിതാ ഓണകാലം..