കനത്ത ഇരുട്ടിൽ ഒറ്റയ്ക്കായ കാലത്ത്
ഒരു കാറ്റ് ജനൽച്ചില്ലിൽ വന്ന്
മുട്ടിവിളിച്ചിരുന്നു.
എന്തുകൊണ്ടോ കാണാൻ
മറന്നുപോയ
ഒരു ചില്ലയുമായി,
അല്ലെങ്കിൽ, എപ്പോഴെങ്കിലും
വരാനുണ്ടെന്ന് നിനച്ചൊരു പച്ചപ്പ്,
അകത്തൊരു വെളിച്ചമില്ലാത്തതിനാൽ
പുകയുന്ന ശൂന്യതയിലേയ്ക്കൊരു
തലോടൽ.
തുറന്ന വാതിലിലൂടെ
പുറത്തേയ്ക്ക് കൈപിടിച്ച ചില്ല
നീട്ടിത്തന്ന ഇലകളിൽ
എഴുതിക്കൊണ്ടിരുന്നു പിന്നീടെപ്പോഴും
മറിഞ്ഞുപോയ താളുകളിലെ
മരിച്ചുപോയ സ്വപ്നങ്ങളെ ജീവൻ
കൊടുക്കുന്ന വാക്കുകളായി.
ചില അടയാളപ്പെടുത്തലുകൾക്ക്
ഭാഷയില്ലാത്തതിനാൽ,
ഞാനാരെന്നോ അത് എന്തെന്നോ
എന്ന ചോദ്യം
സമാധിയിൽത്തന്നെയായിരുന്നു.
സങ്കടവും സന്തോഷവും
ഇടകലർന്ന ഇടങ്ങളിലേയ്ക്ക്
കാഴ്ചയും കേൾവിയുമായതേ
ഓർത്തുവെക്കാനുള്ളൂ.
തിരികെ പോകില്ലന്നോ
പോകരുതെന്നോ
പറയാനൊരു ശബ്ദം,
വീര്യമില്ലാത്ത വാറ്റായി
തണുത്ത് കിടന്നു.
പറഞ്ഞുപഴകുന്ന വാക്കിനപ്പുറം
ഭാഷയില്ലാതെ വരച്ചിട്ട
വലിയൊരു മരത്തിൻ തണലിപ്പോഴും
പരസ്പരം തേടുന്നുണ്ട്,
ഇനിയുമൊരു ശൂന്യത
തിരികെയെത്തിയാലും
ആരവങ്ങൾക്കുശേഷം
കെട്ടടങ്ങുന്ന
നിശ്ചലതയിലേയ്ക്ക് അടയാളമാവാൻ.
മിനി സുരേഷ്. എം. വി✍