പെണ്ണേ പ്രണയമേ എന്നല്ലേ നിന്നെ
ഞാൻ വിളിച്ചത്.
കാത്തു വെച്ച പ്രണയമത്രയും
തീർത്തു തന്നത് നിനക്കായിരുന്നിട്ടും,
ചേർത്തുവെച്ച ചുണ്ടിനാൽ തകർത്തു
നീയെൻ നെഞ്ചിനുള്ളിലെ കുഞ്ഞു
ഹൃദയം.
മഴ പെയ്ത നാളുകളിൽ പുഴയായി
നിന്നെ പുൽകിയപ്പോൾ,
ഞാൻ തന്ന വാക്കിന് മാറ്റമില്ലെങ്കിലും
നീ തന്ന വാക്ക്
നീ തന്നെ കട്ടെടുത്തില്ലേ.
നെഞ്ചം പൂമഞ്ചമായ രാവൊന്നിൽ
ഒന്നിച്ചുറങ്ങാനൊരിടം വേണം
മണ്ണിന്നടിയിലുമെന്ന് ഒന്നായ്
പറഞ്ഞത് മായ്ച്ചുകളഞ്ഞു നീ.
ഉള്ളം കയ്യിൽ ചേർത്തു വെച്ച
മൺതരികൾ എന്തിനാണ്
എന്നെനിക്കറിയാം.
എരിച്ചുതീർത്താൽ മതിയെന്നെ
കുഴിച്ചിടേണ്ടതില്ലെന്ന് ചിരിച്ചുകൊണ്ട്
പറഞ്ഞേൽപ്പിച്ചത് മൺകൂനയിൽ
ഞാൻ മുളച്ചു പൊന്തിയാലോ എന്ന്
പേടിച്ചു നീ ഉറക്കമിളച്ചിരിക്കേണ്ടന്നു
കരുതിയാണ് പെണ്ണേ പ്രണയമേ…