പാടി പതിഞ്ഞൊരീണം പോലെ
മഴയിന്നു നിന്നു പെയ്യുന്നില്ല
കവിതയുടെ കുളിരുമായങ്ങനെ
കുണുങ്ങി പെയ്യുന്നില്ല
മഴയാകെ മാറിയിരിക്കുന്നു
മനുഷ്യമനസ്സുപോലെ കുഴമറിയുന്നു
ഒറ്റപ്പെട്ട മഴ ഒച്ചവച്ചു കൊണ്ട്
ഓടി വീഴുന്നു
തൊടിയിൽ തളംകെട്ടി കിടക്കുന്നു
മഴയെന്നാണിനി ഗസലു പെയ്യുക
ഗസലിൻ്റെ ഗരിമ എന്നാണെന്നെ
തൊട്ടുണർത്തുക
എന്നാണു നിൻ്റെ നിഷ്കളങ്കത
വറ്റിപ്പോയത് !
വന്യമായ ഉന്മാദത്താൽ എല്ലാം
തച്ചുടക്കാൻ തുടങ്ങിയത്
ഇടവപ്പാതിയിൽ ഇടമുറിയാതെ
കർക്കിടകത്തിൽ കള്ളക്കണ്ണാലെ
ചിങ്ങത്തിൽ ചിരിമണികളുതിർത്ത്
കന്നിയിൽ നാണംകുണുങ്ങി
നിന്നെയെനിക്കൊന്നു കാണണം
പുതുപ്പെണ്ണിൻ്റെ സ്പർശംപോലെ
കുളിരുള്ള ചാറ്റലേറ്റ്
വരാന്തയുടെ അങ്ങേയറ്റത്ത്
ചാരുകസേരയിൽ മലർന്നു കിടന്നു
മയങ്ങണം
മഴയേ……..,
സ്നേഹത്തിൻ്റെ
സഹ്യനായി നീയൊന്നു കൂടിയെന്നിൽ
പെയ്തിറങ്ങിയെങ്കിൽ