ആയിരം വേനലുകളെരിയിച്ചു
പൊള്ളിച്ചൊരീ ഹൃദയങ്ങളിൽ
വേനൽമഴയായിനീ പെയ്തിറങ്ങി
കേവലംരണ്ടുനാൾകൊണ്ടിതാ
തപ്തസഹനങ്ങളിൽ
സ്നേഹോഷ്മള രാഗങ്ങളെന്നപോലെ
പ്രണയവായ്പ്പിൻ
കുളിരെന്നുള്ളപോലെയും
ഉയിരുവറ്റുംതാടാകത്തിൽ
പെയ്തുനിറയുന്നനിറവായി
വർഷിച്ചു തിമിർക്കുമീ
മാരിമുകിൽകുളിർസാന്ത്വനങ്ങൾ..
ദാഹനീരില്ലാതുരുകുന്നവേരുകൾ
മണ്ണിന്റെയുഷ്ണമറിഞ്ഞുമാഴ്കേ
വേനൽപ്പുതുമഴയിങ്കലുണരുന്ന
രാഗാനുഭൂതികൾ മണ്ണിലുംമനസ്സിലും
തണ്ണീർത്തടങ്ങൾനിറഞ്ഞു
പെയ്തുപെയ്തങ്ങനുഗ്രഹിക്കേ
മാറുന്നുശീഘ്രമേ പുഞ്ചിരിമായുന്നു
വൃഷ്ടിതൻ
സൗമ്യമാംമുഖംരൗദ്രമാവുന്നുവോ
ഭീതിയിലോർത്തീടുകയാണൊരു
പോയപ്രളയകാലമെത്രവേഗം
പ്രകൃതിയുടെ രാഗലയതാളങ്ങൾ
മാറീമനങ്ങളിൽ
മൃത്യുവന്നെത്തിമുഖംനോക്കവേ..
ചൊല്ലട്ടെയമ്മയാം പ്രകൃതീശ്വരീ
നിന്നോടുപിഴചെയ്തവർ ഞങ്ങളെല്ലാം
ഭൂമിയുടെകരചരണങ്ങൾ ഛേദിച്ചു
ഗരളധൂമത്താൽഭൂവിന്റെ
ശ്വാസകോശങ്ങൾ ഞെരിപ്പവരെങ്കിലും
ഞങ്ങളെ കൊന്നൊടുക്കുന്ന
പ്രളയമാരിയാവാതെയിപ്പോൾ
ഞങ്ങളെതുണക്കേണം
തൊടിയിലുംപുഴയിലുംപെയ്യുന്നനിൻ
പെയ്ത്തുകളിലുന്മാദംനിറക്കാതെ
തരുലതകളുംമാമരങ്ങളും
കടപുഴകാതെചെടികളുടെ
വേരുകളെമുക്കി നീകൊല്ലാതിരിക്കണം
മണ്ണിന്റെ പാളികൾതെന്നിമാറീടാതെ
കാക്കണം സ്വസ്ഥമുറങ്ങുന്ന
കൃഷീവലകുഞ്ഞുങ്ങൾ
നാടിൻ നവങ്ങളാംമോഹങ്ങൾ
നെയ്തുറങ്ങുമമ്മമാർ
മണ്ണിന്റെ സൗഹൃദങ്ങൾ
ഇനിയുമൊരു പുതുപുലരി
കണികണ്ടുണരട്ടേ
അവരല്ലപാതകം ചെയ്യുന്നകൂട്ടർ..
നോക്കുകീ കെടുതികൾ
വല്ലായ്മകളേറെയുണ്ടെന്നാകിലും
ഭൂമിയിലെ ദുഖങ്ങളറിയാതെ
പുഞ്ചിരിതൂകുന്ന
പുതുവസ്ത്രങ്ങൾ പുസ്തകം
അദ്ധ്യയനോത്സവം ത്രസിക്കുന്ന
ഞങ്ങടെ പൂക്കളെകണ്ടുവോയെത്ര
ശീഘ്രംമിഴിതുറക്കുന്നു മണ്ണിന്റെ
ജൈവമോഹങ്ങളായൊരു
പച്ചപ്പരവതാനി വിരിക്കുമീ
തൃണസഞ്ചയങ്ങൾ പോലുമിന്നെത്ര
ഊഷ്‌മളമാണെന്നു കണ്ടുനോക്കൂ..
ഇവിടെയീമനസ്സുകളിൽ
സ്വപ്‌നങ്ങൾ കാണുന്ന
സുരഭിലമോഹങ്ങളെത്രയെത്ര
കൊത്തിയുടക്കാതെ വസുധയുടെ
പുഞ്ചിരിതൂകുന്ന നക്ഷത്രക്കണ്ണുകൾ
നീ കാത്തിടേണമമ്മേ പ്രകൃതീശ്വരീ…