എന്റെ പ്രിയ കൂട്ടുകാരി മേരി ജോസിയുടെ പിറന്നാൾ ആയിരുന്നു ജൂൺ 22 ന്. ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം ആണ് ഈ കാര്യം ഞാൻ ഓർക്കുന്നത്. മകളോട് പറഞ്ഞു ഒരു ആശംസ എഴുതാൻ സഹായിക്കണമെന്ന്. രാത്രി 10.45 വരെ ഞാൻ കാത്തിരുന്നു. 10.45 ആയപ്പോൾ രണ്ട് സൈഡിലും കരയുന്ന ഓരോ കുഞ്ഞുങ്ങളുമായി അവൾ വന്നു. പിള്ളേര് രണ്ടുപേരും മത്സരിച്ച് സൈറൺ മുഴക്കുന്നതിനിടയിൽ ഞാൻ അവൾക്ക് വാചകങ്ങൾ പറഞ്ഞുകൊടുത്തു കൊണ്ടിരുന്നു. ഞങ്ങളുടെ ഈ ദയനീയാവസ്ഥ കണ്ടിട്ടാവണം, ഒരു സൈറൺ മരുമകൻ തോളത്തെടുത്തു കൊണ്ടുപോയി. മറ്റേ സൈഡിൽ കച്ചേരി തുടരുന്നതിനിടയിൽ പരിമിതമായ വാക്കുകളിൽ ഒരു ആശംസ എഴുതി. എന്തിനും ഏതിനും കൂടെ നിൽക്കുന്ന സഹയാത്രികയ്ക്ക് ഒരു സമ്മാനം കൊടുക്കാൻ കഴിയാത്തതിൽ എനിക്ക് ദുഃഖം. മോൾ പറഞ്ഞു, “അമ്മ വിഷമിക്കേണ്ട നമുക്ക് എന്തെങ്കിലും ഓർഡർ ചെയ്യാം.” പക്ഷേ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അവസാനം ഒരു കേക്ക് ഓർഡർ ചെയ്യാനുള്ള ശ്രമം നടത്തി. എന്റെ മകൾ പറയാറുണ്ട് തിരുവനന്തപുരത്തെ കുറിച്ച്, തലസ്ഥാന ഗ്രാമം എന്ന്, ആവശ്യമുള്ളതൊന്നും കിട്ടില്ല.
അവസാനം മകൾ ഒരു ഐഡിയ പറഞ്ഞു. അവളുടെ ഭർത്താവിന്റെ കസിൻ തിരുവനന്തപുരത്തുണ്ട് അദ്ദേഹത്തെ വിളിക്കാം. ആളിന്റെ പേര് ‘ജീവൻ’ എന്നാണ്. കേക്ക് ഓർഡർ ചെയ്ത് കൃത്യസമയത്ത് എത്തിക്കുന്ന കാര്യം ജീവൻ ഏറ്റു. തിരുവനന്തപുരത്തു മണക്കാടുള്ള ‘മഫിൻ ഹൗസ്’ എന്ന ഷോപ്പിൽ ജീവൻ കേക്ക് പറഞ്ഞേർപ്പാടാക്കി. സന്തോഷത്തോടെ മേരിയുടെ “ഹാപ്പി ബർത്ത് ഡേ” സ്വപ്നം കണ്ട് ഉറങ്ങി.
പിറ്റേദിവസം ഉച്ചയ്ക്ക് മുൻപായി മേരി എന്നെ വിളിച്ചു. ഞങ്ങൾ കുറെ നേരം സംസാരിച്ചു. കേക്കിനെ കുറിച്ചുള്ള സൂചന പോലും ഞാൻ കൊടുത്തില്ല. മൂന്നു മണിയാകുമ്പോൾ കേക്ക് ഡെലിവറി ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇലക്ഷന്റെ റിസൾട്ട് അറിയാൻ കാത്തിരിക്കുന്ന സ്ഥാനാർത്ഥിയെ പോലെ മേരിയുടെ വിളിയും കാത്ത് ഫോണും കയ്യിൽ പിടിച്ച് ഞാനിരുന്നു. നാലു മണിയായിട്ടും വിളി വന്നില്ല. മകൾ പറഞ്ഞു കേക്ക് ഡെലിവറി ചെയ്തു എന്ന്.. അഞ്ചുമണി വരെ ഞാൻ ക്ഷമിച്ചിരുന്നു. പിന്നെ എന്റെ ക്ഷമ നശിച്ചു. പിന്നെ ഞാൻ അങ്ങോട്ട് വിളിച്ചു. പരിഭ്രമ സ്വരത്തിൽ മേരി ഫോൺ എടുത്തു. സ്വരം കേട്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഞാൻ തപ്പിത്തടഞ്ഞ് അങ്ങോട്ട് ചോദിച്ചു… “അവിടെ ആരെങ്കിലും വന്നിരുന്നോ?” “സുജേ ഒരു കേക്ക് ഒരാൾ ഇവിടെ കൊണ്ടുവന്നു സത്യം പറ സുജയാണോ ഇതിന്റെ പിന്നിൽ? മേരിയുടെ പേടിച്ച സ്വരം കേട്ടതും ഞാൻ ചിരിച്ചു. “എന്റെ സുജേ…. ഇപ്പോഴാണ് ശ്വാസം നേരെ വീണത്.” മേരി ആശ്വാസത്തോടെ പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് വെച്ചാൽ കേക്ക് കൊണ്ടുവന്നപ്പോൾ സന്തോഷത്തോടെ വാങ്ങി മേശപ്പുറത്ത് വച്ചു. അങ്കിൾ ഓർഡർ ചെയ്തതാണ് എന്നാണ് മേരി കരുതിയത്. അങ്കിളിനെ വിളിച്ചപ്പോൾ അദ്ദേഹം കൈമലർത്തി. അയക്കാൻ സാധ്യതയുള്ള എല്ലാവരെയും വിളിച്ചു ആർക്കും അറിയില്ല. പാഴ്സലിന്റെ പുറത്താണെങ്കിൽ ഫ്രം അഡ്രസ്സും ഇല്ല. അവസാനം ഡെലിവറി ചെയ്തവരെ വിളിച്ചു, ജീവൻ എന്നൊരാളാണ് ഓർഡർ ചെയ്തത് എന്ന് പറഞ്ഞു. മലയിൽ കുടുംബത്തിലും, തെക്കേത്തല കുടുംബത്തിലും, സുഹൃത്തുക്കളുടെ ഇടയിലും, ജീവൻ എന്ന പേര് ആർക്കും ഉള്ളതായി അറിയില്ല. മകൻ പറഞ്ഞു അവന് ജീവൻ എന്ന് പേരുള്ള ഒരു ഫ്രണ്ട് ഉണ്ട്. പക്ഷേ എന്റെ പിറന്നാളിനു പോലും അവൻ കേക്ക് വാങ്ങി തരില്ല, പിന്നല്ലേ മമ്മിക്ക്…. അതോടെ സന്തോഷത്തോടെ വാങ്ങിവെച്ച പാഴ്സലിലേക്ക് നോക്കാൻ തന്നെ പേടിയായി, വല്ല ബോംബോ മറ്റോ ആണോ. ടിഫിൻ ബോക്സിൽ വരെ ബോംബ് പൊട്ടിത്തെറിക്കുന്ന നാടാണ്. പോരാഞ്ഞിട്ട് മേരി ഒരു എഴുത്തുകാരിയും. എഴുതിയത് വല്ലതും ഇഷ്ടപ്പെടാഞ്ഞ ആരെങ്കിലും പണി തന്നതാണോ? ഇനി ആരാധകർ വല്ലവരും അയച്ചതാണോ.. അതും മേരിക്ക് സംശയം തോന്നാതിരുന്നില്ല. ഈ ‘ജീവൻ’ എന്ന പേര് പറഞ്ഞത് വല്ല മുന്നറിയിപ്പും ആണോ.
കേക്ക് ആണെങ്കിൽ, എന്നെ മുറിച്ച് തിന്നുന്നെങ്കിൽ തിന്ന് അല്ലെങ്കിൽ വേണ്ടുന്ന ആർക്കെങ്കിലും കൊടുക്ക് എന്ന മട്ടിൽ മേശപ്പുറത്ത് അവരെയും നോക്കി ഇരിക്കുന്നു. ഇങ്ങനെ വീട്ടിലെ അന്തരീക്ഷം ചൂടുപിടിച്ച് നിൽക്കുന്ന സമയത്താണ് എന്റെ വിളി ചെല്ലുന്നത്. കാര്യം അറിഞ്ഞതും ഭയം പൊട്ടിച്ചിരിക്ക് വഴി മാറി. വൈകുന്നേരം കുടുംബസമേതം കേക്ക് മുറിക്കൽ മാത്രമല്ല, തിരുവനന്തപുരത്ത്
ഇത്രയും രുചിയുള്ള കേക്ക് കിട്ടി എന്നത് അവിശ്വസനീയം എന്നും പറഞ്ഞു. കഴിച്ചിട്ടും, കഴിച്ചിട്ടും നിർത്താൻ പറ്റാത്ത അത്ര സ്വാദ്. ജോസി നമ്പർ ഒക്കെ എടുത്ത് സൂക്ഷിച്ച് വച്ചിട്ടുണ്ട് എന്നും പറഞ്ഞു. അതു കേട്ടപ്പോൾ എന്റെ മനസ്സിലും സന്തോഷത്തിന്റെ പൂത്തിരി കത്തി. ധൃതിപിടിച്ച് ഞാൻ ഇത് എഴുതുന്നത് ഞാൻ എഴുതിയില്ലെങ്കിൽ ഇതിലും മനോഹരമായി മേരി ഇതെഴുതും എന്നറിയാവുന്നതുകൊണ്ടാണ്. ഏതായാലും മേരിയുടെ ഇത്തവണത്തെ പിറന്നാൾ അവിസ്മരണീയം ആക്കാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം..