Sunday, November 24, 2024
Homeകഥ/കവിത"മാഹേശ്വരസൂത്രങ്ങൾ" (കവിത) ✍ വിവേകാനന്ദൻ

“മാഹേശ്വരസൂത്രങ്ങൾ” (കവിത) ✍ വിവേകാനന്ദൻ

വിവേകാനന്ദൻ

ദക്ഷപുത്രീ….ദാക്ഷീ
നിന്റെ ഉൾത്തടത്തിൽ
പിറന്നവൻ!
മഹാ ജ്ഞാനിയം പാണിനി,
അഷ്ടഗന്ധം പരക്കും
മഹാശൈലത്തിൽ,
ഉത്തുംഗത്തിലർദ്ധകീലം
തളിച്ചർച്ചിച്ചഹോരാത്രം
മഹേശ്വര സൂത്രംവരമായ്
ഗ്രഹിക്കുവാൻ കാലങ്ങളോളം
ശിവനെ ഭജിച്ചവൻ*

അഷ്ടകഷ്ടങ്ങളൊക്കെയും
ഒതുക്കി,നീ…നിന്റെ
മനോമണ്ഡലത്തിൽ
അർക്കരശ്മിപോൽ
അയനംനടത്തി,
ഓങ്കാര മന്ത്രം
രുദ്രപാദങ്ങളിൽ
സാഷ്ടാഗം….അർപ്പിച്ചു,
ജ്ഞാനശുദ്ധിക്കായി,
ഉൾകരുത്താർന്നവൻ.

ഘോരമാം
തപത്തിന്നൊടുവിൽ
അലിയാണ്ടിരിക്കുമോ
ഭക്തവത്സലൻ
ജഗന്നാഥനാഥൻ,
മുക്കണ്ണൻ ശ്യാമകണ്ഠൻ.

ധ്യാനംവെടിഞ്ഞുണർന്നു,
നയന പത്മങ്ങളാൽ
ഈ അണ്ഡകടാഹത്തേ
ദർശിച്ച മാത്രയിൽ,
സൗരയൂഥങ്ങൾ പോലും ,
ഒരുനിമിഷം നിന്നു ഭ്രമിച്ചു..
അഥ!ഭ്രമണം തുടരവേ…
മഞ്ഞപ്പൂന്തുകിൽ അണിഞ്ഞ
ദിവാകരൻ അല്പമാത്ര,….
മന്ദസഞ്ചാരിയായി,
നിന്നു നമിപ്പതു,
കണ്ടന്തരംഗം,
അർദ്ധനാരീശ്വരരൂപം ത്യജിച്ചു,
ആനന്ദനൃത്തത്തിനായോരു,
ആദിതാളം മുഴക്കീ…..
പ്രപഞ്ചേശരൻ .

മഹാസനത്തിൽ
നിന്നുമുയർത്തിയവലംകാൽ
പതിച്ച കൈലാസപർവ്വതം,
ഉണർന്നെണീറ്റു
പ്രകാശിച്ചുനിൽക്കവേ,
ശേഷശായിയും….തിരുരൂപം കണ്ടു
നാന്മുഖനൊപ്പം വണങ്ങിനാൻ.

പാണിനീ……നിന്നിൽ
പ്രസീതനാം നടരാജ രാജൻ,
ഡമരുവിൽ നിന്നും മുഴക്കീ
നിനക്കായറിവിൻ മഹാനാദമാം
ചതുർദശ താളങ്ങൾ.

അ ഇ ഉണ്,ആദി തൊട്ട്
ഹല്,അന്ത്യംവരെയും
തുടി കൊട്ടി പ്രകമ്പനം
ചെയ്തൊരാ
താളങ്ങളോരോന്നും
ശ്രാവണം കൊണ്ടു നീ
മനനം നടത്തി
മഹാ നിയമങ്ങളാക്കി,
വ്യാകരിച്ചൊടുവിൽ
അഷ്ടാദ്ധ്യായിയ്ക്കു,
പ്രണേതാവായിതോൻ.

പാണിനീ….നമിക്കുന്നു
നിന്നെയും,
പതഞ്ജലിക്കൊപ്പം,
വരരുചി പാദങ്ങൾ.

✍ വിവേകാനന്ദൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments