കദനങ്ങളേറെയുണ്ടുള്ളിൽ
കുമിയുന്നു,
കടലല ഞൊറിയുന്ന തിരമാലകൾ
പോലെ.
കരിങ്കല്ലുപാറയായ് ഉറച്ച ഹൃദയത്തിൽ
കര കവിയാത്ത പുഴകളായ് ഇമകളും.!
കർത്തവ്യബോധത്തിൽ
നിലയുറച്ചീടവേ
കർക്കശഭാവങ്ങൾ കനലായി
എരിയുന്നു..
കരിപുരണ്ടുള്ളൊരാ ഹൃദയ
കവാടത്തിൽ
കരിന്തിരി കത്തുന്നു കാഴ്ചകൾ
മങ്ങുന്നു.!
കരുതലും കാവലുമേകി
കുടുംബത്തിൽ
കരടായി മാറുന്നു ബന്ധങ്ങൾ
അകലുന്നു…
കരകവിഞ്ഞൊഴുകുവാൻ
വെമ്പിനിന്നീടുന്ന
കണ്ണുകൾ വറ്റിയ പുഴയായി മാറുന്നു.!
കരിപ്പോടിന്നുള്ളിലെ
കനൽജ്വാലയുയരുംപോൽ
കദനങ്ങൾ ഉരുകിയെൻ നെഞ്ചകം
നീറവേ..
കരുണയില്ലാത്തതാം
ബന്ധുമിത്രാദികളേം
കറ കളയും വിധം
പിഴുതങ്ങെറിയുന്നു …!
കനവുകൾ പലതുമായ്
കണ്ടങ്ങുറങ്ങവേ,
കരകേറുവാനുള്ള ചിന്തകൾ പൊങ്ങി..
കരകവിയാത്തൊരു പുഴയിൽ
നിലാവിന്റെ,
കമനീയമാം തോണി തുഴയൊരുക്കി..!