രാവിൻ നിശ്ശബ്ദതയിൽ രാക്കിളി
പാടിടുന്നൂ
രാക്കാറ്റിലാടി നിൽപ്പൂ മാമരങ്ങൾ
രാജീവ നയനെ നീ എങ്ങു
മറഞ്ഞുപോയീ
രാഗവിലോലയെന്നെ മറന്നുപോയോ
ഓർമ്മകൾ താലമേന്തും ഗൂഢ
ഗുഹാക്ഷേത്രം
ഓരോരോ രീതിയിൽ ഞാൻ പൂജ
ചെയ്തു
ഓടിയോടിത്തളർന്നു, നീ നിഴൽ പോൽ
മറഞ്ഞുപോയ്
ഓമലേ എന്ന വാക്കും ഞാൻ മറന്നു
നഷ്ടദുഖങ്ങളെന്റെ മന്ദഹാസങ്ങളായി
നാം കണ്ട സ്വർഗ്ഗ ലോകം
പാഴ്ക്കിനാവായ്
നവവധു പോലൊരുങ്ങി നിന്നു
ഞാനേകയായി
നാളുകൾ നാളെ നാളെ എന്ന് ചൊല്ലി
കനമേറുമെന്റെ ദുഃഖം കാണാതെ
പോയതെന്തേ
കിനാവുകൾ തന്നു പോകും സഞ്ചാരി
നീ
കവിളിലെ കണ്ണുനീരിൻ കറ എന്റെ
താലിയായി
കനവാൽ ഞാൻ നെയ്തതാണീ
വിവാഹവസ്ത്രം
എത്ര നിസ്സാരമായി യാത്ര ചൊല്ലാനായ്
വന്നു
എങ്ങിനെ നീയെല്ലാം വിസ്മരിച്ചു
എത്രയെത്ര വാക്കുകളിൽ എന്നെ നീ
കോർത്ത് വെച്ച്
എത്രയെത്ര രാവിൽ നീയെൻ
നാഥനായി
ആകാശഗംഗയിലെ താരങ്ങൾ മിന്നി
നിൽക്കേ
ആലിംഗനത്തിൽ നമ്മൾ ഒന്നുചേർന്നു
ആയിരം ചുംബനങ്ങൾ നിൻ ചുണ്ടിൽ
നൽകിയില്ലേ
ആരോരുമറിയാതെ ആ നാളിൽ
ഞാൻ
മുറ്റത്തെ പൂഴിമണ്ണിൽ നിന്റെ
കാൽപ്പാട് പോലും
മായാതെ കിടക്കുന്നു മുള്ളുകൾ
പോൽമുറിക്കുള്ളിലിന്നും തിങ്ങി
നിറഞ്ഞു നിൽക്കുന്നുണ്ടാവാം
മുല്ലപ്പൂ മണം പോലെ നിന്റെ ഗന്ധം
കാട്ടിൽ മറഞ്ഞു പോകും കാനനപ്പാത
പോലെ
നീയെന്നെ മറന്നെങ്കിലും
കാത്തിരുന്നീടും നിന്നെ
കാണാക്കിനാവ് പോലെ
കാമ്യമാംനിന്റെ രൂപം കാണുവാനായ്