Saturday, September 21, 2024
Homeകഥ/കവിതചിമ്മിണി വിളക്കും മഷിക്കുപ്പിയും (ചെറുകഥ) ✍ഉണ്ണി ആവട്ടി (ഡോ.ടി.വി. ഉണ്ണിക്കൃഷ്ണൻ)

ചിമ്മിണി വിളക്കും മഷിക്കുപ്പിയും (ചെറുകഥ) ✍ഉണ്ണി ആവട്ടി (ഡോ.ടി.വി. ഉണ്ണിക്കൃഷ്ണൻ)

ഉണ്ണി ആവട്ടി

അപ്പുക്കുട്ടൻ സ്കൂളിലേക്കിറങ്ങി. എല്ലാ ദിവസവും ഉത്സാഹത്തോടെ വിദ്യാലയത്തിലേക്ക് പോകുന്ന അവന് ഇന്ന് നല്ല മടിയായിരുന്നു പോകാൻ. കാരണം മറ്റൊന്നുമല്ല. വായിച്ചു പരിചയപ്പെടാൻ വേണ്ടി, കഴിഞ്ഞാഴ്ച മലയാളം അധ്യാപിക കൊടുത്തയച്ചിരുന്ന പുസ്തകം, വീട്ടിലെ മണ്ണെണ്ണ വിളക്ക് മറിഞ്ഞു വീണ്, മുഴുവൻ എണ്ണയിൽ കുതിർന്നിരുന്നു. പുസ്തകം കേടുവരുത്തിയതിന്ന്, ടീച്ചർ വഴക്കുപറയുമോ? മറ്റു കുട്ടികളുടെ മുമ്പിൽ വെച്ച് പരസ്യമായി ശാസിക്കുമോ? എന്താ ചെയ്യുക എന്നറിയില്ല. മടിച്ചുമടിച്ച് അവൻ പതുക്കെ നടന്നു…..

പോകുന്ന വഴിയിലും അപ്പുക്കുട്ടൻ വലിയ ഉത്ക്കണ്ഠയിലും പരിഭ്രാന്തിയിലുമായിരുന്നു. കാരണം ഇന്നത്തെ വായനദിനത്തിൽ, താൻ തന്നെ വായിച്ചവതരിപ്പിക്കേണ്ട പുസ്തകമാണ്, ഇന്നലെ രാത്രിയിൽ മണ്ണെണ്ണ വീണ്, നനഞ്ഞ്, ഒട്ടിപ്പിടിച്ച് കിടക്കുന്നത്. അതുകൊണ്ട് പുസ്തകം എടുക്കാതെ സ്കൂളിലേക്ക് പോകാനും നിവൃത്തിയില്ല. രാത്രി മുതൽ തുടരുന്ന ശക്തമായ മഴ കാരണം പുസ്തകമൊന്നുണക്കിയെടുക്കാൻ പോലും കഴിഞ്ഞതുമില്ല.

ക്ലാസിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ, അവൻ്റെ പുസ്തകത്തിൽ നിന്നും പുറത്തേക്കൊഴുകിയ മണ്ണെണ്ണയുടെ മൂക്കടപ്പിക്കുന്ന അതിരൂക്ഷമായ ഗന്ധം കാരണം മറ്റു കുട്ടികളൊക്കെ അവനെ നോക്കി ‘നാറ്റക്കേസ്സ് ‘ ‘ നാറ്റക്കേസ് ‘ എന്നുറക്കെ വിളിച്ചുകൊണ്ട് പരിഹസിച്ചു ചിരിക്കാൻ തുടങ്ങി. സങ്കടം സഹിക്കവയ്യാതെ അവൻ ക്ലാസുറൂമിലെ ബ്ലാക്ക് ബോർഡിൻ്റെ പിറകിലെ മൂലയിൽ ചെന്ന്, പൊട്ടിപ്പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.

വൈകാതെതന്നെ ക്ലാസ്ടീച്ചറും മലയാളം അദ്ധ്യാപികയുമായ മാലതി ടീച്ചർ ക്ലാസിലെത്തി, ഹാജർ പുസ്തകം കയ്യിലെടുത്ത്, ഹാജർ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പുക്കുട്ടൻ… എന്നു വിളിച്ചപ്പോൾ ബോർഡിൻ്റെ പിറകിൽ നിന്നും, കരച്ചിലിൽ കുതിർന്ന ഒരു ഹാജർ വിളി കേട്ട്, ടീച്ചർ പിറകിലേക്ക് തലയുയർത്തി നോക്കി. ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായതുകൊണ്ട്, താൻ ക്ലാസിൻ്റെ മുമ്പിലത്തെ ബെഞ്ചിൽ തന്നെ സ്ഥിരമായി ഇരുത്തിയിരുന്ന കുട്ടി, ക്ലാസിൻ്റെ മൂലയിരുന്ന് വിങ്ങി വിങ്ങി കരയുന്നതു കണ്ടപ്പോൾ ടീച്ചർ ആകെ പരിഭ്രമിച്ചു. അവർ ഹാജർ വിളി നിർത്തിവെച്ച്, അപ്പുക്കുട്ടനെ അരികിലേക്കു വിളിപ്പിച്ച്, കാര്യം തിരക്കി.

അപ്പുക്കുട്ടൻ രാവിലെ ക്ലാസിൽ നടന്ന കാര്യങ്ങളോടൊപ്പം, കഴിഞ്ഞ ദിവസം രാത്രിയിൽ തൻ്റെയൊരു കയ്യബദ്ധം മൂലം പുസ്തകത്തിൽ മണ്ണെണ്ണ മറിഞ്ഞ സംഭവങ്ങളും വിതുമ്പിക്കൊണ്ടുതന്നെ വിവരിച്ചു. സംഭവങ്ങൾ കേട്ട ടീച്ചർ, ഒരു വഴക്കും പറയാതെ, അപ്പുക്കുട്ടനെ സ്നേഹപൂർവ്വം തലോടി സാന്ത്വനിപ്പിച്ച്, മുമ്പിലത്തെ ബെഞ്ചിൽ തന്നെ വീണ്ടും കൊണ്ടുപോയി ഇരുത്തിച്ചു.
അതിനുശേഷം മററു കുട്ടികളോടു ചോദിച്ചു.

“നിങ്ങളൊക്കെ ഇന്ന് അപ്പുക്കുട്ടനെ മക്കാറാക്കി ചിരിച്ചല്ലേ…. ഞാനത് അത്രയ്ക്ക് കാര്യമായിട്ടെടുക്കുന്നില്ല. പക്ഷേ…ഏഴാം ക്ലാസുകാരായ നിങ്ങളിൽ എത്ര പേർക്ക് ഈ നാറ്റക്കേസിൻ്റെ പേരറിയാം? അതെനിക്ക് എന്തായാലും ഇപ്പോൾ അറിഞ്ഞേ പറ്റൂ…”

പക്ഷേ… വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു, ശരി ഉത്തരം പറഞ്ഞത്. ആകെ അന്ധാളിച്ചു പോയ ടീച്ചർ, ഒരു ചോദ്യം കൂടി ചോദിച്ചു.

” അപ്പോൾ പലർക്കും ഇതിൻ്റെ പേരുപോലും അറിയില്ല!! പോട്ടെ. എത്ര വീടുകളിൽ ഈ നാറ്റക്കേസ് ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്.. ?”

ചോദ്യത്തിന് കൈപൊക്കിയ ഒരേയൊരു കുട്ടി അപ്പുക്കുട്ടനായിരുന്നു. കാരണം അപ്പുക്കുട്ടൻ്റേതൊഴിച്ച് മറ്റെല്ലാവരുടെയും വീടുകൾ വൈദ്യുതീകരിച്ചതായിരുന്നു.

പിന്നീടുള്ള ടീച്ചറുടെ പ്രതികരണം തീർത്തും വികാരനിർഭരമായിരുന്നു.

“ഇതു ഒട്ടും ശരിയായില്ല. വൈദ്യുതി വരുന്നതിന്നുമുമ്പ്, നമ്മളുടെ പഴയ തലമുറകളിലെ പാവപ്പെട്ടവൻ്റെയും പണക്കാരൻ്റെയും വീടുകളിൽ വെളിച്ചം വിതറിയിരുന്ന…ആധുനിക സ്റ്റൗവും വിറകും ഇല്ലാതിരുന്ന വീടുകളിൽ അടുക്കള പുകച്ചിരുന്ന പാവപ്പെട്ടവൻ്റെ സ്റ്റൗവിലെ… എന്നുവേണ്ട എന്തും ഏതും കത്തിക്കാനും ചൂടാക്കാനും ബോട്ടുകൾ ഓടിക്കാനും വരെ, വളരെ സുലഭമായി ഉപയോഗിച്ചിരുന്ന…ചുരുങ്ങിയ വിലയിൽ കിട്ടിയിരുന്ന… അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്ധനത്തെക്കുറിച്ച്… ഒന്നും അറിയാതിരിക്കുന്നത്, നാളത്തെ ഇന്ത്യൻ പൗരൻമാർക്ക് ഒട്ടും ഭൂഷണമല്ല. ഇത് ആ പഴയ തലമുറയെ മാത്രമല്ല, ആ കാലഘട്ടത്തെക്കൂടി അപമാനിക്കുന്നതിന്നു തുല്യമാണ്.

അതു കൊണ്ട്… ടീച്ചർ തടർന്നു..
” ഞാൻ ഇന്നത്തെ എൻ്റെ മലയാളം ക്ലാസ്, സാമാന്യശാസ്ത്രത്തിന് വഴി മാറ്റുകയാണ്. ഇന്ന് നമുക്ക് മണ്ണിൽ നിന്നും കുഴിച്ചെടുക്കുന്ന എണ്ണയായ മണ്ണെണ്ണയുടെ ചരിത്രം ചെറുതായൊന്നു പഠിക്കാം.”
തുടർന്ന് ടീച്ചർ, ഗ്രീക്കിലെ കെറോസ് എന്ന വാക്കിൽ നിന്നും മണ്ണെണ്ണക്ക്, കെറോസിൻ എന്ന ആംഗലേയ നാമം വന്ന കാര്യം പറഞ്ഞു. വൈദ്യുതി ഇല്ലാതിരുന്ന പഴയകാലത്ത് നാട്ടുമ്പുറങ്ങളിൽ വെളിച്ചം വിതറിയിരുന്ന ചിമ്മിണി വിളക്കിനെക്കുറിച്ചും, അതിൽ ഒഴിച്ചിരുന്ന എണ്ണയായതുകൊണ്ട്, മണ്ണെണ്ണക്ക് ചിമ്മിണി എണ്ണ എന്ന വിളിപ്പേരു കൂടിയുള്ള ചരിത്രവും വരെ, വളരെ വിസ്തരിച്ചു തന്നെ പറഞ്ഞു.

അതിനുശേഷം ടീച്ചർ, വായന ദിനത്തിൻ്റെ കൂടെ ഭാഗമായി, താൻ നേരത്തെ പറഞ്ഞ് ഏല്പിച്ചിരുന്നതുപോലെ, അപ്പുക്കുട്ടനെക്കൊണ്ടു തന്നെ, മണ്ണെണ്ണയിൽ കുതിർന്ന അതേ പുസ്തകത്തിൽ നിന്നുള്ള കുറച്ചുഭാഗങ്ങൾ വായിപ്പിക്കുകയും ചെയ്തു. ടീച്ചർ, അന്നത്തെ തൻ്റെ ക്ലാസ് അവസാനിപ്പിക്കുമ്പോൾ, ഒരു അടി ശിക്ഷ പേടിച്ചിരുന്ന പല കുട്ടി മുഖങ്ങളിലും വിടർന്നത്, ആശ്വാസത്തിൻ്റെയും സമാധാനത്തിൻ്റെയും തെളിച്ചമായിരുന്നു. അപ്പുക്കുട്ടനും അപ്പോഴേക്കും കരച്ചിലൊക്കെ വിട്ടു മാറി സാധാരണനില കൈവരിച്ചിരുന്നു.

ക്ലാസു വിട്ടിറങ്ങുന്നതിന്നുമുമ്പേ ടീച്ചർ അപ്പുക്കുട്ടനോടു മാത്രമായി പറഞ്ഞു.

” വൈകുന്നേരം ക്ലാസു കഴിഞ്ഞ് സ്റ്റാഫ് റൂമിൽ വന്ന് എന്നെ കണ്ടിട്ടേ വീട്ടിലേക്കു പോകാവൂ… കേട്ടോ… ”

എന്തിനായിരിക്കും ടീച്ചർ തന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചത്? ക്ലാസിൽ വെച്ച് വഴക്കൊന്നും പറഞ്ഞില്ലെങ്കിലും, പുസ്തകത്തിൽ മണ്ണെണ്ണ മറിഞ്ഞതിന്ന് പ്രത്യേകം വിളിച്ച് ശിക്ഷിക്കാനാണോ? സ്കൂളിലേക്ക് പകരം വേറൊരു പുതിയ പുസ്തകം തന്നെ വാങ്ങിച്ചു കൊടുക്കണമെന്നു പറയാനാണോ? ഇനി അതും അല്ല, ശരിയായ കാരണമറിയാൻ രക്ഷിതാവിനെ വിളിച്ചു കൊണ്ടു വരണമെന്നോ മറ്റോ പറയാനായിരിക്കുമോ? ആകുലചിന്തയാൽ അന്നു വൈകുന്നേരം വരെ അപ്പുക്കുട്ടൻ്റെ കുഞ്ഞുമനസ്സ് ആകെ ആശങ്കയിലും ഉത്ക്കണ്ഠയിലും കലുഷമായിരുന്നു.

നാലുമണിയുടെ കൂട്ട മണിയടി കേട്ടയുടനെ അവൻ തൻ്റെ പുസ്തകക്കെട്ടുമായി സ്റ്റാഫു റൂമിലെക്കോടിയെത്തി. മാലതി ടീച്ചറെ കണ്ടയുടനെ അവരുടെ കാൽക്കൽ വീണ്, കരഞ്ഞുകൊണ്ട് പറഞ്ഞു.

” പുതിയ പുസ്തകം വാങ്ങിച്ചു തരാനൊന്നും പറയല്ലേ ടീച്ചറേ… ഒരു നിവൃത്തിയുമില്ല ടീച്ചറേ… വീട്ടിൽ തനി പട്ടിണിയാണ് ടീച്ചർ… അതുപോലെ ഒരിക്കലും അച്ഛനെ കൂട്ടിക്കൊണ്ടു വരാനൊന്നും പറയല്ലേ… ഇന്നലെ മദ്യപിച്ച് രാത്രി കേറി വന്ന അച്ഛൻ ചവിട്ടിത്തെറിപ്പിച്ചതു കൊണ്ടാണ്…. ”

താൻ പുറത്തു പറയാൻ പാടില്ലാത്തതായ ഒരു കാര്യമാണ് പറയാൻ തുടങ്ങിയതെന്ന്, മനസ്സിലാക്കിയ അപ്പുക്കുട്ടൻ പിന്നീട് തൻ്റെ വാക്കുകൾ പൂർത്തിയാക്കിയില്ല.

പക്ഷേ… അപ്പോഴേക്കും തൻ്റെ ഉള്ളിലെ സങ്കടം സഹിക്കവയ്യാതെ മാലതി ടീച്ചർ അരുമശിഷ്യനെ തൻ്റെ മാറോടു ചേർത്തിരുന്നു.

” അപ്പുക്കുട്ടാ… ബാക്കി നീ പറയേണ്ട… കാരണം നീ പറയാതെ തന്നെ പലതും എനിക്ക് നിൻ്റെ മുഖത്തിൽ നിന്നും ഊഹിച്ചെടുക്കാൻ കഴിയും. ഞാൻ ഈ നാട്ടുകാരിയാണ്. ഇരുപത് വർഷത്തിലധികമായി ഈ സ്കൂളിൽ ജോലിയും ചെയ്യുന്നു. ഒരു ടീച്ചർക്ക് തൻ്റെ കുട്ടികളുടെ മനസ്സു കൂടി നല്ലതുപോലെ വായിച്ചെടുക്കാൻ കഴിയും. കൂടാതെ ഞാനും ഏതാണ്ട് നിൻ്റെ ഇതേ സാഹചര്യത്തിൽ തന്നെ ജനിച്ച്, വളർന്നു വന്ന ഒരാളുമാണ്.

വീട്ടിൽ ആകെക്കൂടി ഒരു ചിമ്മിണി വിളക്കിൻ്റെ വെട്ടം. പകലന്തിയോളം അദ്ധ്വാനിച്ച് വീട്ടിലെത്തുന്ന അമ്മ. വീട്ടിലെ അത്യാവശ്യ കാര്യങ്ങളെല്ലാം എങ്ങിനെയൊക്കെയോ ഒരുവിധം പരക്കം പാഞ്ഞ് തീർത്ത്, അർദ്ധരാത്രിയോടെ മാത്രമാണ് വാത്സല്യനിധിയായ ആ അമ്മക്ക്, നിൻ്റെ പഠനത്തിനും വായനക്കും വേണ്ടി മാത്രമായി, ആ വിളക്ക് നിനക്ക് വിട്ടുതരാൻ പറ്റുന്നത്. ആ വിളക്കിൻ്റെ ഇത്തിരി മിന്നാംമിനുങ്ങുവെട്ടത്തിൽ നീ വായന തുടങ്ങുന്നു. അപ്പോഴേക്കും എന്നും പതിവുള്ളപോലെ അന്നും മദ്യപിച്ച് നാലു കാലിൽ എത്തുന്ന അച്ഛൻ, കലിതുള്ളി, തടയാൻ ശ്രമിക്കുന്ന അമ്മയെ ചവിട്ടി താഴേക്കിട്ട്, ആ വിളക്ക് ചവിട്ടിത്തെറിപ്പിച്ച് ആക്രോശിക്കുന്നു.

“നായിൻ്റെ മോനേ.. നിൻ്റെയൊരു അർത്ത രാത്രീലേ പടിത്തം. പടിച്ചിറ്റ് നീ ബല്യ അയിസനോറാവാൻ… മയിസ്ട്രേറ്റാവാൻ… ഞാൻ നയിച്ചിറ്റ്ണ്ടാക്ക്ന്ന പൈസേല്ലാം നെനക്ക് മണ്ണെണ്ണ ബാങ്ങിക്കാൻ എട്ക്കണംന്ന് ബെച്ചാല് അത് ഈട നടക്കൂല. പോയി കെടക്കെടാ അറാംപിറന്ന പന്നീൻ്റെ..”

കൂടുതൽ പറയേണ്ടല്ലോ… ഇതു തന്നെയല്ലേ.. അപ്പുക്കുട്ടൻ്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ..? ഇതു തന്നെയല്ലേ ഇന്നലെ രാത്രിയിലും സംഭവിച്ചത്?

അപ്പുക്കുട്ടന് ഒന്നും മറുത്തു പറയാനുണ്ടായിരുന്നില്ല. അവൻ ടീച്ചറെയും കെട്ടിപ്പിടിച്ച് പിന്നേയും കുറെയേറെ സമയം കരഞ്ഞു.

ഇറങ്ങാൻ തുടങ്ങുന്ന നേരം ടീച്ചർ അവനോടു ശാന്തമായി പറഞ്ഞു.

” വീട്ടിലെ പ്രശ്നങ്ങളുമായി നിൻ്റെ ജീവിതം ഒരിക്കലും കൂട്ടിക്കലർത്തരുത് കുട്ടീ…. നിനക്ക് ജന്മസിദ്ധമായ കഴിവും വാസനയും ഭാവനയും ധാരാളമായുണ്ട്. ഇഷ്ടം പോലെ വായിക്കണം. ഒപ്പം എഴുതുകയും വേണം. ഇത് നിന്നെ പ്രത്യേകമായൊന്നു വിളിച്ച് പറയണമെന്നു തോന്നിയാണ് വിളിപ്പിച്ചത്. അല്ലാതെ മണ്ണെണ്ണ മറിഞ്ഞതിന്ന് ശാസിക്കാനൊന്നും അല്ല.”

പിന്നീട് മേശവലിപ്പ് തുറന്ന് ഒരു മഷിക്കുപ്പിയും പേനയുമെടുത്ത് അപ്പുക്കുട്ടനു നല്കിയതിന്നുശേഷം ടീച്ചർ വീണ്ടും പറഞ്ഞു.

” ഇത് ഞാൻ ഉപയോഗിക്കുന്നതാണ്. കയ്യിൽ വെച്ചോളൂ. ഞാൻ നാളെ നിനക്ക് ഒരു പുതിയ ചിമ്മിണി വിളക്കു കൂടി വാങ്ങിച്ചു തരാം. പിന്നെ… മണ്ണെണ്ണ നനഞ്ഞ പുസ്തകം നിൻ്റെ കയ്യിൽ തന്നെ വെച്ചോളൂ. ആ പുസ്തകം മുഴുവനായും വായിക്കാൻ നിനക്കിതേവരെ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിലും ആ പുസ്തകം എത്ര പ്രാവശ്യം വായിച്ചാലും അതൊട്ടും അധികവുമാകില്ല. അതുകൊണ്ട് ഇടക്കിടെ ആ പുസ്തകം വായിച്ചു നോക്കണം. ഉടനെയൊന്നും തിരിച്ചു തരേണ്ട. അതിൻ്റെ പണം ഞാൻ ഇന്നുതന്നെ സ്കൂൾ ലൈബ്രറിയിൽ അടച്ചോളാം. ഇനിയിപ്പം നീയായിട്ട് എന്നെക്കൊണ്ട് പണം അടപ്പിച്ചെന്ന്, ചിന്തിച്ച് ചിന്തിച്ച് വെറുതെ മനസ്സു പുണ്ണാക്കണ്ട. മനസ്സമാധാനത്തിന് വേണമെങ്കിൽ ഇതൊരു കടമായിട്ടു തന്നെ കൂട്ടിക്കോളൂ… തിരിച്ചു വീട്ടാനുളള കെല്പ് നിനക്കായെന്ന് എനിക്കു തോന്നിയാൽ, ഞാൻ തന്നെ നിന്നോട് അങ്ങോട്ട് ആവശ്യപ്പെട്ട് ഈ പുസ്തകം തിരിച്ചു വാങ്ങിച്ചു കൊള്ളാം. എന്താ.. പോരേ….?
വ്യസനിക്കാതെ പോയ്ക്കോളൂ… പിന്നേ…എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ ഒരു മടിയും കാണിക്കേണ്ട. ”

“ഇന്ന്, വായന ദിനത്തിൽ, സുപ്രസിദ്ധ സാഹിത്യകാരനും കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ് ജേതാവും സർവ്വോപരി കഴിഞ്ഞ വർഷത്തെ, സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനുവരെ പരിഗണിക്കപ്പെട്ടവരിൽ ഒരാളുമായ ശ്രീ എ.കെ. മതിലകത്തിൻ്റെ ‘ചിമ്മിണി വിളക്കും മഷിക്കുപ്പിയും ‘എന്ന പേരിലുള്ള കൃതിയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചുകൊണ്ട്, അതിലെ കുറച്ചു ഭാഗങ്ങൾ നിങ്ങൾക്കു മുമ്പിൽ ഇപ്പോൾ വായിച്ചവതരിപ്പിച്ചത്, നമ്മുടെയൊക്കെ ആദരണീയയായ ഗുരുവന്ദ്യ ശ്രീമതി മാലതി ടീച്ചറാണ്. അടുത്തതായി നമ്മളോട് സംസാരിക്കുന്നത്, രചയിതാവായ ശ്രീ മതിലകം തന്നെയാണ്.”

ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചിരുന്ന പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പത്മനാഭൻ നായരുടെ ഉച്ചത്തിലുള്ള മൈക്ക് അനൗൺസ്മെൻ്റ് കേട്ടപ്പോഴാണ്, നിർന്നിമേഷരായി നിശബ്ദതയിൽ ലയിച്ചിരുന്ന സദസ്സിന്, തങ്ങൾ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയാണെന്ന ബോധം പോലും വീണ്ടുകിട്ടിയത്.

” ശ്രീ മതിലകത്തിന് ഈ വേദിയിൽ സംസാരിക്കാൻ ഒരു മുഖവുരയുടെയും ആവശ്യമില്ലാത്തതു കൊണ്ടുതന്നെ, നമ്മളെ നേരിട്ട് അഭിസംബോധന ചെയ്ത് സംസാരിക്കാൻ, അദ്ദേഹത്തെ സ്നേഹപൂർവ്വം ബഹുമാനപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. ”
പ്രസിഡണ്ട് തുടർന്നു.

മൈക്കും കയ്യിൽ പിടിച്ച്, കുറച്ചു സമയം വികാരവിക്ഷോഭങ്ങളാൽ സംസാരിക്കാൻ ബുദ്ധിമുട്ടിയ മതിലകം പിന്നീട് ഗദ്ഗദ കണ്ഠനായി.

” അതിനു ശേഷവും ഒരുപാട് ചിമ്മിണി വിളക്കുകളും മഷിക്കുപ്പികളും അച്ഛൻ്റെ കാലുകളാൽ തകർക്കപ്പെട്ടിട്ടുണ്ട്. പല പുസ്തകങ്ങളും മണ്ണെണ്ണയിൽ കുതിർന്നിട്ടുമുണ്ട്. പക്ഷേ… ഞാൻ എഴുത്തും വായനയും നിർത്തിയില്ല. കാരണം നശിപ്പിക്കപ്പെട്ട ഓരോന്നിനും പകരം വെക്കാൻ പുതിയവയുമായി, എന്നും എപ്പോഴും എന്നരികെ മാലതി ടീച്ചർ ഉണ്ടായിരുന്നു.

എ.കെ എന്ന തൂലികാനാമത്തിലാണ് എഴുതുന്നതെങ്കിലും, ഞാൻ നിങ്ങളുടെയൊക്കെ പഴയ അപ്പുക്കുട്ടൻ തന്നെയാണ്. എഴുത്തുകാരൻ ആയതിന്നുശേഷമുള്ള എൻ്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. നാട്ടുകാരായ നിങ്ങളുടെ മുന്നിൽ അതൊക്കെ ചർവ്വിത ചർവ്വണം ചെയ്യുന്നതിലെ ഔചിത്യക്കുറവ് നല്ലതുപോലെ അറിയാവുന്നതുകൊണ്ട്, ഞാൻ അതിലേക്കൊന്നും കടക്കുന്നില്ല.

എൻ്റെ ബാല്യകാല സ്മരണകൾ… എനിക്ക് ഏറ്റവും പ്രിയങ്കരിയായ മാലതി ടീച്ചറുടെ ശബ്ദത്തിലൂടെ തന്നെ കേട്ടപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു പോയി. ടീച്ചർ നല്കിയ മഷിക്കുപ്പിയും പേനയും ചിമ്മിണി വിളക്കും കൊണ്ടു തന്നെയാണ്, ഞാൻ എൻ്റെ എഴുത്തു ജീവിതം പിന്നീട് മുന്നോട്ടു കൊണ്ടുപോയത്. ഇപ്പോഴും അതേ പേനയും മഷിയും കൊണ്ടു തന്നെയാണ് ഞാനെഴുതുന്നതും. ചില ബാല്യകാല സ്മരണകൾ മനസ്സിനെ നീറ്റുമ്പോൾ… ഞാൻ ആ പഴയ ചിമ്മിണി വിളക്കെടുത്ത് കത്തിച്ചു വെക്കും. ആ പഴയ പുസ്തകത്താളുകൾ മറിച്ചു നോക്കും. അവയിൽ നിന്നും ഉയരുന്ന മണ്ണെണ്ണയുടെ പുകയും രൂക്ഷഗന്ധവും എൻ്റെ സിരകളേയും ധമനികളേയും തിളപ്പിച്ച്, എന്നെ പൂർവ്വാധികം ഊർജസ്വലനാക്കും. ഞാൻ വീണ്ടും എഴുത്തിൻ്റെ ലോകത്തേക്ക് മടങ്ങും.

വിതുമ്മിക്കൊണ്ട് എ.കെ തുടർന്നു. “എൻ്റെ ഈ രചന മാലതിടീച്ചറുടെ കൈകൾ കൊണ്ടുതന്നെ പുറം ലോകം അറിയണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. നിർബ്ബന്ധമുണ്ടായിരുന്നു. അതുപോലെ പ്രകാശനകർമ്മം ഒരു വായനദിനത്തിൽ നടത്തണമെന്നും മനസ്സിൽ തീരുമാനിച്ചിരുന്നു. അസുഖബാധിതയായിരുന്ന ടീച്ചർ ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി ഞാൻ കുറച്ചു വർഷങ്ങളായി കാത്തിരിക്കുകയായിരുന്നു.

ഇന്ന് എല്ലാം ഒത്തുവന്നു. പ്രായാധിക്യത്തിൻ്റെ അസ്ക്യതകളെല്ലാം മറന്നുകൊണ്ട്, ഇവിടേയ്ക്കെത്തിയ മാലതി ടീച്ചറോട് എങ്ങിനെ നന്ദി പറയണമെന്നറിയില്ല. ടീച്ചറുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും എന്നോടൊപ്പമുണ്ടാകുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവുമില്ല.”

അതും പറഞ്ഞ് അപ്പുക്കുട്ടൻ ടീച്ചറെ സാഷ്ടാംഗം നമസ്കരിച്ചു. തൻ്റെ വത്സല ശിഷ്യനെ എഴുന്നേല്പിച്ച് മാറോടു ചേർത്തു നിർത്തി മാലതി ടീച്ചർ പറഞ്ഞു.

” അപ്പുക്കുട്ടാ… ഇന്നു വേണമെങ്കിൽ നിനക്ക്, നിൻ്റെ ആ പഴയ കടം വീട്ടാം. ഇതിനു മുമ്പൊക്കെ ചെയ്തതുപോലെ ഇപ്രാവശ്യം ഞാൻ നിരസിക്കില്ല. നീയിപ്പോൾ എൻ്റെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു. ധൈര്യമായിട്ട് തന്നോളൂ…”

ദീർഘനാളത്തെ തൻ്റെ കാത്തിരിപ്പ്, സഫലമായതിൻ്റെ ചാരിതാർത്ഥ്യത്തോടെ, ഒരമൂല്യനിധിയായി വളരെ ഭദ്രമായി തൻ്റെ ബ്രീഫ് കേസിൽ പൊതിഞ്ഞു സൂക്ഷിച്ചു വെച്ചിരുന്ന ഒരു പൊതി അപ്പുക്കുട്ടൻ പുറത്തെക്കെടുത്തു. വളരെ ശ്രദ്ധാപൂർവ്വം അതിൻ്റെ കെട്ടഴിച്ചു. സദസ്സ് എല്ലാ രംഗങ്ങളും വളരെ ആകാംക്ഷപൂർവ്വം വീക്ഷിക്കുന്നുണ്ടായിരുന്നു. പൊതിക്കുള്ളിൽ ഒരു പുസ്തകമായിരുന്നു. മതിലകം ആ പുസ്തകമെടുത്ത് തൻ്റെ നെഞ്ചോട് ചേർത്തുപിടിച്ച് ഒരു നിമിഷം ധ്യാന നിർന്നിമേഷനായി നിന്നു. പിന്നീട് ആ പുസ്തകം ടീച്ചർക്കു നല്കി. കണ്ണു നിറച്ചുകൊണ്ട് ഏറ്റുവാങ്ങിയ പുസ്തകം, ടീച്ചർ സദസ്സിനു കാണിച്ചു കൊടുത്തു.
സദസ്സ് ഉറക്കെ വായിച്ചു… ‘എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’

കരച്ചിലടക്കാൻ പാടുപെട്ടുകൊണ്ട് മതിലകം പറഞ്ഞു.

” ഇത് എനിക്ക് ഒരമൂല്യ നിധിയായത് ഇത് മഹാത്മാവെഴുതിയ പുസ്തകമായതുകൊണ്ടു മാത്രമല്ല. ഈ പുസ്തകമായിരുന്നു, ഞാനന്ന് വായനദിനത്തിന് സ്കൂളിലേക്കു കൊണ്ടുപോയ മണ്ണെണ്ണയിൽ കുതിർന്ന പുസ്തകം.”

ടീച്ചറുടെ കണ്ണുകളും നിറഞ്ഞു കവിഞ്ഞിരുന്നു. അവർ ഒന്നുകൂടെ തൻ്റെ അരുമശിഷ്യനെ അരികിലേക്കു ചേർത്തുനിർത്തി. മൂർദ്ധാവിൽ ചുംബിച്ചതിന്നുശേഷം പറഞ്ഞു.

” ഒരു കടം കൊണ്ടു നടക്കുന്ന മനോവിഷമം, പ്രശസ്തനായ ഒരു എഴുത്തുകാരൻ്റെ എഴുത്തിനെ ബാധിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ പുസ്തകം തിരികെ വാങ്ങിയത്. ഈ പുസ്തകം നിനക്ക് എന്തുമാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന്, വിലപ്പെട്ടതായിരുന്നുവെന്ന്, നീ തന്നെ ഇപ്പോൾ സ്വന്തം അനുഭവത്തിലൂടെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ പുസ്തകം, എൻ്റെ ഒരു ചെറിയ സമ്മാനമായിട്ട്, നിനക്കു തന്നെ, ഞാൻ തിരിച്ചു നല്കുന്നു.”

ടീച്ചർ നല്കിയ വിലമതിക്കാനാവാത്ത ആ സമ്മാനം സ്വീകരിക്കാതിരിക്കാൻ അപ്പുക്കുട്ടനും കഴിയുമായിരുന്നില്ല.

പതുക്കെ പതുക്കെ ആ പുസ്തകത്തിൽ നിന്നും മണ്ണെണ്ണയുടെ രൂക്ഷഗന്ധം അരിച്ചരിച്ച്, വേദിയിൽ നിന്നും താഴേക്കിറങ്ങി. പക്ഷേ.. ഹാളിനെ തഴുകി സദസ്സിലേക്കെത്തിയപ്പോഴേക്കും ആ ഗന്ധത്തിന് രൂപപരിണാമം സംഭവിച്ചിരുന്നു. പരിമളവും സുഗന്ധവും നറുമണവും ചേർന്ന ഒരു ചന്ദനഗന്ധം തങ്ങളുടെ നാസാരന്ധ്രങ്ങളെ തഴുകിയുണർത്തിയപ്പോൾ, സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈകൾ കൂപ്പി. മാലതി ടീച്ചറെയും ചേർത്തുപിടിച്ചു കൊണ്ട്, അപ്പുക്കുട്ടൻ വേദിയിൽ നിന്നും താഴേക്കിറങ്ങുമ്പോൾ കൂപ്പിയ കൈകളെല്ലാം കരഘോഷത്തിലേക്കു കടന്നിരുന്നു.

✍ഉണ്ണി ആവട്ടി (ഡോ.ടി.വി. ഉണ്ണിക്കൃഷ്ണൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments