Sunday, December 22, 2024
Homeകഥ/കവിതബ്രാൻഡ് അംബാസിഡർ (കഥ) ✍ വി.കെ. അശോകൻ

ബ്രാൻഡ് അംബാസിഡർ (കഥ) ✍ വി.കെ. അശോകൻ

വി.കെ. അശോകൻ

അയാൾ അണക്കെട്ടിന്റെ കവാടത്തിനരികിൽ നിൽക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി.

അവധി ദിവസ്സമായതിനാൽ അനേകം പേർ അവിടേക്ക് എത്തിക്കൊണ്ടിരുന്നു.

അണക്കെട്ടിലെ ജലാശയത്തെ തഴുകി വരുന്ന കുളിർ കാറ്റും അയാൾക്ക് ആശ്വാസമായി തോന്നിയില്ല.

പൂർണ്ണമായും നരച്ച, നീണ്ട താടിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങി. തോളിൽ കിടന്ന തോർത്ത് കൊണ്ട് മുഖം അമർത്തി തുടച്ചു. പിന്നെ കൈ വിരലുകൾ കൊണ്ട് താടിയും മീശയും തടവി ഒതുക്കി.

വാഹനങ്ങളുടെ എണ്ണം കൂടി കൂടി വരുന്നു.

ആളുകൾ ഇറങ്ങുമ്പോഴെക്കെ വൺ ഗ്രാം ഗോൾഡിന്റെ മാലകളും വളകളും അയാൾ ഉയർത്തി പിടിക്കും.

ആരും ശ്രദ്ദിക്കുന്നില്ല. ഒന്ന് നോക്കുന്നുമില്ല.

അവധി ദിനങ്ങളിൽ മാത്രമെ അയാൾ ഇവിടെ വരാറുള്ളൂ. അല്ലെങ്കിൽ വീടുകൾ തോറും കയറി ഇറങ്ങുകയാണ് പതിവ്.

ചില ദിവസ്സങ്ങളിൽ ചിത്ര രചന ക്ലാസ്സിലേക്ക് വിളിക്കും.

വരച്ചു പഠിക്കുന്ന കുട്ടികൾക്ക് മുന്നിൽ അർദ്ധനഗ്നനായി നിന്ന് കൊടുക്കണം. ഒട്ടിയ വയറും, തെളിഞ്ഞു കാണാവുന്ന നെഞ്ചിൻ കൂടുമൊക്കെ വരക്കുന്നവർക്ക് പ്രചോദനം നൽകുമത്രേ.

ഒടുവിൽ കിട്ടുന്ന പൈസക്ക് പുറമെ ഒരു ചായയും ഒരു വടയും.

തടി ഇങ്ങനെ തന്നെ സംരക്ഷിക്കണമെന്ന് അവിടത്തെ പ്രിൻസിപ്പൽ ഇടക്കിടെ പറയും….

അത് കേൾക്കുമ്പോൾ അയാൾ ചിരിച്ചെന്ന് വരുത്തും…. ഇതൊരിക്കലും കൂടാൻ പോകുന്നില്ല. ഇനിയും എല്ലും തോലുമാകും…ജീവനുള്ള അസ്ഥികൂടമാകും…

അയാൾ വെറുതെ മതിലിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി. മനോഹരമായ പൂന്തോട്ടവും വിശാലമായ പുൽമേടയും…. തണൽ മരങ്ങൾക്കിടയിൽ പലരും ഇരിക്കുന്നു.

അയാൾക്കും ഒന്നിരിക്കണമെന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസ്സമായി ഒന്നും വിറ്റിട്ടില്ല. ഇന്ന് ഒരു നല്ല കച്ചവടം പ്രതീക്ഷിച്ചാണ് വന്നത്.

ഭാഗ്യക്കുറി വിൽക്കുന്നവർക്കും ചുറ്റുമുള്ള ചെറിയ കടകളിലും ഒക്കെ നല്ല കച്ചവടം.

ഒരു ചായ കുടിക്കണമെന്നുണ്ട്. എന്തെങ്കിലും ഒന്ന് കഴിക്കണമെന്നുണ്ട്. കടമായി ആരും ഒന്നും തരില്ല.

നല്ല പരിചയമുള്ള കടക്കാരൻ ഒരിക്കൽ തമാശയായി പറഞ്ഞതാണ്…
ഇങ്ങൾക്കൊക്കെ എപ്പഴാ വിസയടിക്കാ എന്നൊന്നും പറയാൻ പറ്റൂലാ…
നാളെ കാണുംന്ന് എന്താ ഉറപ്പ്….

ഒരു ബസ് കൂടി വന്നു. കോളേജ് പിള്ളേരാണ്…

മാലകളും വളകളും പൊക്കി പിടിച്ച് അയാൾ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു.

നല്ല മാലകൾ, വളകൾ, ആറുമാസം ഗ്യാരണ്ടീ…. നിറം മങ്ങിയാൽ മാറ്റി തരും….. തനി തങ്കം പോലെ…

പല തവണ ആവർത്തിച്ചെങ്കിലും ആരും ഒന്ന് നോക്കിയത് പോലുമില്ല.

അയാൾ നിരാശനായി.

വെയിലിന് ചൂട് കൂടി കൂടി വന്നു.

എന്താണ് വാസുവേട്ടാ…കച്ചവടം ഒന്നും ആയില്ലേ… കടല വറുക്കുന്ന ദാസൻ അങ്ങിനെ ചോദിച്ചപ്പോൾ, അയാൾക്ക് ദേഷ്യം വന്നുവെങ്കിലും അയാൾ അത് കടിച്ചമർത്തി.

ഒരു പൊതി കടല കിട്ടിയാൽ വിശപ്പടക്കാം…അവനെങ്ങാനും ഒരു പൊതി തന്നാലോ ?

അയാൾ ഉന്ത് വണ്ടിയോട് ചേർന്ന് നിന്ന് ദാസനോടായി പറഞ്ഞു..

രണ്ടിസ്സായി ഒക്കെ മോശാ….

ഇതിൻറെ കാലൊക്കെ കഴിഞ്ഞു ന്റെ വാസുവേട്ടാ….കൊട്ടാരം പോലുള്ള സ്വർണ്ണകടകളല്ലേ ഇപ്പൊ എല്ലാടത്തും… ഒരു വിധം മനുക്ഷ്യന്മാരുടെ മേത്തൊക്കെ സ്വർണ്ണണ്ട്….. ഇങ്ങള് കൊണ്ട് നടക്കണ മുക്കുപണ്ടത്തിനും ഇപ്പൊ വലിയ വലിയ കടകളാ…

അവൻ പറയുന്നത് ശരിയാണ്…. പക്ഷെ തനിക്കിത് നിർത്താൻ കഴിയില്ല. തൻ്റെ അച്ഛനും മുത്തച്ഛനും ഒക്കെ ഇത് വിറ്റ് നടന്നവരാണ്. നല്ല പ്രായത്തിലെ താനും തുടങ്ങിയതാണ്…ഇനി നിർത്താൻ വയ്യ…

അയാൾ അവശതയോടെ, അസ്വസ്ഥതയോടെ അങ്ങിനെ നിന്നു.

പെട്ടെന്ന് കാലിന് പുറകിൽ എന്തോ ഒന്ന് തട്ടിയത് പോലെ… ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ ഒരു നായ…. വാലാട്ടി കൊണ്ട് തൊട്ടുരുമ്മി നിൽക്കുന്നു.

അയാൾ ഒരൽപ്പം മാറി നിന്നു. നായയും കൂടെ നീങ്ങി.

ഛെ… ഇതെന്ത് മാരണം…. ഇനി ഇവനെ കണ്ടാൽ ഒരാളും അടുത്തേക്ക് വരില്ല.

അയാൾ നായയെ ആട്ടിയോടിക്കാൻ ശ്രമിച്ചു. നായ അതൊന്നും ഗൗനിക്കാതെ അയാളോട് ചേർന്ന് നിന്നു.

ഇനി തൻ്റെ മരണം അടുത്തിരിക്കുകയാണോ ? കാലൻ വരുന്നതിന് മുമ്പ് ഒരു സൂചന പോലെ ഈ നായ എൻ്റെ പുറകെ കൂടിയതാണോ ?

താനെങ്ങാനും പെട്ടെന്ന് മരിച്ചാൽ, ശാരദ….

അയാളുടെ മുഖത്ത് സങ്കടവും ദേഷ്യവും എല്ലാം മാറി മാറി പ്രതിഫലിച്ചു.

അപ്പോൾ മറ്റൊരു ബസ്സെത്തി. കുറെ ആൺകുട്ടികൾ അതിൽ നിന്നും ചാടിയിറങ്ങി.

അയാൾ അവരുടെ അടുത്തേക്ക് നടന്നു. നായയും അയാളെ തൊട്ടുരുമ്മി കൊണ്ട് തന്നെ പുറകെ കൂടി. ദേഷ്യം ഇരച്ച് കയറുന്നത് നിയന്ത്രിച്ച്, ഓരോരുത്തരെയും മാറി മാറി നോക്കി. കഴുത്തിൽ മാലയൊന്നും ഇല്ലാതിരുന്ന ഒരു പയ്യനോടായി, ഒരു മാല ഉയർത്തി കാണിച്ച് കൊണ്ട് പറഞ്ഞു….

ഇതാ, ഇതൊന്ന് ഇട്ട് നോക്ക്. തനി തങ്കമെന്നെ പറയു. ഒന്നിട്ട് നോക്ക് ..

അവൻ ഒരു താമശക്കെന്നവണ്ണം ആ മാല കഴുത്തിലിട്ടു. മറ്റുള്ളവർ പരിഹാസം കലർന്ന ചിരിയോടെ നിന്നു.

അയാൾ പറഞ്ഞു … ഇതിന്റെ നിറം മാറിയാൽ ഇങ്ങോട്ട് തന്നാൽ മതി…ഞാൻ മാറ്റി തരും… ഗ്യാരണ്ടി…

അതിന് ഞങ്ങൾ വളരെ ദൂരെ നിന്നാ… ഇനി വരാനൊന്നും പോണില്ല…ഇനി വന്നാൽ തന്നെ കാണുമെന്ന് എന്താ ഉറപ്പ് …ങ്ങേ …അല്ല എന്താ ഒരു ഉറപ്പ് …

അവൻ പരിഹാസരൂപേണ അങ്ങിനെ ചോദിച്ചപ്പോൾ അയാൾക്ക് പെട്ടന്ന് ഒരു മറുപടി പറയാനുണ്ടായില്ല.

അപ്പോഴാണ് നായ അയാളുടെ കാലിൽ നക്കി കൊണ്ടിരുന്നത്.

നായയെ ഒന്ന് നോക്കി… നായ അത്യധികം സ്നേഹം പ്രകടിപ്പിക്കുന്നു.

അയാൾ പെട്ടെന്ന് അവനെ നോക്കി പറഞ്ഞു.

മോനെ, ഇത് കഴുത്തിൽ കിടന്നാൽ ഏത് നായിന്റെ മോളും ഒന്ന് നോക്കും ..

അത് കേട്ടപ്പോൾ അവൻ്റെ കണ്ണുകൾ വികസിച്ചു.

അവൻ്റെ കണ്ണിലെ തിളക്കം കണ്ടപ്പോൾ അയാൾ തുടർന്നു… ഇതിന്റെ വില അഞ്ഞുറാ… മോനിതിന് നാന്നൂറ് തന്നാൽ മതി…

അത് കേട്ട പാടേ, അവൻ പൈസയെടുത്ത് നീട്ടി. അത് കണ്ടപ്പോൾ മറ്റ് പലരും വാങ്ങി.

പിന്നീട് കണ്ടവരോടെക്കെ അതെ വാചകം ആവർത്തിച്ചു….ഏത് നായിന്റെ മോളും ഒന്ന് നോക്കും…

അയാൾക്ക് അതൊരു പരസ്യ വാചകം പോലെ തോന്നി.

പെൺകുട്ടികൾക്ക് മുന്നിൽ വളകളും പാദസ്വരവും കാണിച്ചു കൊണ്ട് പരസ്യ വാചകത്തിൽ ഒരൽപ്പം മാറ്റം വരുത്തി …. ഏത് നായിന്റെ മോനും എന്നാക്കി.

കൈ നിറയെ സാധനങ്ങളുമായി വീട്ടിലേക്ക് കയറി വന്ന അയാളെ നോക്കി ശാരദ ആശ്ചര്യത്തോടെ ചോദിച്ചു …

എന്താത്… എടുക്കാൻ പറ്റാത്തത്ര സാധനംണ്ടല്ലോ…

അയാൾ വിശാലമായി പുഞ്ചിരിച്ചു….വരാന്തയിലേക്ക് കയറി.
അപ്പോൾ മാത്രമാണ് വാലാട്ടി കൊണ്ട് നിൽക്കുന്ന നായയെ ശാരദ കണ്ടത്..

ങ്ങേ… ഇത് ഇപ്പൊ എവിടുന്നാ… റോട്ടിന്ന് കൂടെ കൂട്ടിയതാ…നായാന്ന് പറഞ്ഞാ കണ്ണിന് നേരെ കണ്ടുടല്ലൊ…

അയാൾ പറഞ്ഞു… കുറെ വിരട്ടി നോക്കി…പോയില്ല… ഇനിപ്പോ അവൻ പോണ്ട…

അതെന്താ… ശാരദ ആകാംഷയോടെ ചോദിച്ചു…

ഇവനാ ഇന്ന് മുതൽ എൻ്റെ ‘ബ്രാൻഡ് അംബാസിഡർ’…

നായ ആ പറഞ്ഞത് മനസ്സിലാക്കിയിട്ടോ എന്തോ… വീടിന്റെ തിണ്ണയിലേക്ക് ചാടി കയറി കിടന്നു…

വി.കെ. അശോകൻ, സാകേതം, കൊച്ചി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments