Sunday, November 24, 2024
Homeകഥ/കവിത'ബൗണ്ടറികൾ' (തുടർക്കഥ -Part- 5) ✍ പ്രതാപ് ചന്ദ്രദേവ്.

‘ബൗണ്ടറികൾ’ (തുടർക്കഥ -Part- 5) ✍ പ്രതാപ് ചന്ദ്രദേവ്.

പ്രതാപ് ചന്ദ്രദേവ്.

കഥ ഇതുവരെ:
രാഹുലും ലക്ഷ്മിയും കളിക്കൂട്ടുകാരും തമ്മിൽ കല്യാണം ഉറപ്പിച്ചിരുന്നവരുമാണ്. താൻ ഹൃദ്രോഗി യാണെന്നും ഇനി അധികം ആയുസ്സില്ലെന്നും മനസ്സിലാക്കിയ രാഹുൽ വിവാഹത്തിൽ നിന്ന് പിന്മാറുന്നു. അതു നിമിത്തം അയാൾക്ക് അയാളുടെ അച്ഛനെയും അമ്മയെയും നഷ്ടമാകുന്നു. ലക്ഷ്മിയുടെ വിവാഹം വീട്ടുകാർ വേറെ നടത്തുന്നു. തൻ്റെ സ്വത്തുക്കളെല്ലാം അനുജന് എഴുതിക്കൊടുത്തിട്ട് അയാൾ ശിഷ്ട ജീവിതത്തിന് ഹിമാലയസാനുക്കളിലേക്ക് പോകുന്നു. അവിടെവച്ച് ഹരീഷ്ജി എന്ന സന്യാസിയെ പരിചയപ്പെടുന്നു. അദ്ദേഹത്തിൻ്റെ പരിചരണത്തിൽ അയാളുടെ അസുഖം മാറുന്നു. തൻ്റെ പബ്ലിഷ് ചെയ്ത ബുക്കുകളിൽ നിന്ന് കിട്ടിയ ഭീമമായ തുക അനുജനും കുടുംബത്തിനും കൊടുത്ത്, അവരുമായി കുറച്ചു കാലം ചെലവഴിക്കാനായി അയാൾ നാട്ടിൽ എത്തുന്നു. നാട്ടിലെ മാറ്റങ്ങൾ അയാൾ കാണുന്നു. അനിയനും കുടുംബവും ചില കാര്യങ്ങൾ അയാളിൽ നിന്ന് മറച്ചു വച്ചത് അയാളെ തെല്ല് വിഷമിപ്പിക്കുന്നു.

തുടർന്നു വായിക്കുക.

“ഒരു ജോഡി ഇതേ ഡ്രസ്സ് സഞ്ചിക്കകത്തുണ്ട്. മുഷിഞ്ഞു തുടങ്ങുമ്പോൾ ഇത് നനച്ചിട്ടിട്ട് മറ്റേത് ഉപയോഗിക്കും.”

അതു പറഞ്ഞത് ഉണ്ണിമായയ്ക്ക് ഇഷ്ടമായില്ലെന്ന് തോന്നി, അവൾ അകത്തേയ്ക്ക് പോയി.

ഭാഗ്യം. എൻ്റെ പഴയ മുറി ഇടിച്ചു കളഞ്ഞിട്ടില്ലായിരുന്നു. കുളിമുറിക്കകത്തു കയറി, ഒന്നു കുളിച്ചപ്പോൾ നല്ല ഉന്മേഷമായി. ഇട്ടിരുന്ന ഡ്രസ്സ് നനച്ചിട്ട്, സഞ്ചിക്കകത്തുണ്ടായിരുന്ന കാവി മുണ്ടും ജുബ്ബയുമിട്ട്, പുറത്തു വന്നപ്പോൾ ഭക്ഷണം എടുത്തു വച്ചിട്ടുണ്ടെന്ന് ഉണ്ണിമായ പറഞ്ഞു. പൂജാമുറിയിൽ കയറണമെന്ന് പറഞ്ഞ് ഞാൻ അങ്ങോട്ടു പോയി. പെട്ടെന്ന് അവളുടെ മുഖത്ത് ഒരു വെപ്രാളം കണ്ടു. പൂജാമുറിയിൽ വിളക്ക് കത്തിച്ച് ഒരു നിമിഷം ധ്യാനിച്ചു നിന്നിട്ട്, ഒരു പുഞ്ചിരിയോടെ പുറത്തു വന്നപ്പോൾ അവിടെ ഉണ്ണിമായ നില്ക്കുന്നുണ്ടായിരുന്നു.

“ചേട്ടൻ്റെ ഒരു ഫോട്ടോ കൂടി ഞാൻ പൂജാമുറിയിൽ വച്ചിട്ടുണ്ടായിരുന്നു. ഇടയ്ക്കത് തറയിൽ വീണ്, ചില്ലു പൊട്ടിപ്പോയി. അത് ശരിയാക്കാൻ കൊടുത്തിരിക്കുകയാ.”

“ഓ അതെന്തിനാ ? പൂജാമുറിയിൽ ദൈവങ്ങളുടെ ഫോട്ടോയല്ലേ വയ്ക്കേണ്ടത്. നിങ്ങളുടെയൊക്കെ മനസ്സിൽ ഞാനുണ്ടല്ലോ. അതു മതി.”

ഡൈനിംഗ് ടേബിളിനു മുമ്പിൽ വന്നിരുന്നപ്പോൾ കുട്ടികൾ ഇരുവശത്തുമായി വന്നിരുന്നു. വല്യച്ഛൻ വാരിക്കൊടുക്കുന്നത് കഴിക്കാൻ പിളേളര് ഉത്സാഹം കാണിച്ചു. പക്ഷേ, അത് ഉണ്ണിമായക്ക് അത്ര ഇഷ്ടമായില്ലെന്ന് തോന്നി. എതിർ വശത്ത് അനുജൻ വന്നിരുന്നു.

“ഇനി ചേട്ടൻ്റെ പ്ലാൻ എന്താണ്? അവിടെയുണ്ടായിരുന്ന ജോലി കളഞ്ഞോ?”

“അവിടെ നിന്ന് ഒരു ലോങ് ലീവെടുത്തിരിക്കുകയാ. വേണമെങ്കിൽ കണ്ടിന്യൂ ചെയ്യാം അല്ലെങ്കിൽ കളയാം.”

“മണ്ടത്തരം കാണിക്കരുത്. ഒള്ള നല്ല ജോലി കളഞ്ഞാൽ ഇതുപോലെ ഒരു ജോലി ഇനി കിട്ടാനെളുപ്പമാണോ? പ്രായമൊക്കെ കൂടി വരികയല്ലേ.”

മറുപടിയൊന്നും പറയാതെ കഴിച്ചിട്ട് ചെന്നു കൈ കഴുകി. എന്നിട്ട് അനുജനോടു പറഞ്ഞു:

“ഞാൻ പുറത്തേക്കൊന്ന് ഇറങ്ങിയിട്ട് വരാം. നാടൊക്കെ കണ്ടിട്ട് കുറച്ചു കാലമായില്ലേ”

കുട്ടികൾ കൂടെ വരാൻ പിണങ്ങിയപ്പോൾ ഉണ്ണിമായ തടസ്സം പറഞ്ഞു.

“മേഘ്നയ്ക്ക് പഠിക്കാനൊണ്ട്. പിന്നെ, ആദിയെ ഞങ്ങളുടെ കൂടെ അല്ലാതെ പുറത്തേയ്ക്കൊന്നും വിട്ടിട്ടില്ല.”

മറുപടിയൊന്നും പറയാതെ ഒറ്റയ്ക്ക് പുറത്തേയ്ക്കിറങ്ങി. പരിചയമുള്ള വീടുകൾക്കു മുമ്പിലൂടെ നടക്കുമ്പോഴും ഒരു അപരിചിതത്വം അനുഭവപ്പെട്ടുകൊണ്ടിരുന്നു. കണ്ടവർ പലരും പരിചയഭാവം കാണിച്ചില്ല. ചിലർ, എന്നു വന്നു? എപ്പോൾ മടക്കം? എന്ന് ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കി. പുതിയതായി തീർത്ത മതിലുകൾ അവരുടെ മനസ്സുകളിലെ അകൽച്ച കൂട്ടി. ലക്ഷ്മിയുടെ വീട്ടിനു മുന്നിലെത്തിയപ്പോൾ അറിയാതെ ഒന്നങ്ങോട്ടു നോക്കിപ്പോയി. ആ വീടിനു മാത്രം ഒരു മാറ്റവുമില്ല. കിണറ്റിൻകരയിൽ ബാലമാമ നില്പുണ്ട്. പെട്ടെന്ന് കാണാത്ത രീതിയിൽ കാലുകൾ നീട്ടിവച്ചു നടന്നു. ലക്ഷ്മിയെ വേണ്ടായെന്നു പറഞ്ഞതു മുതൽ ശത്രുവിനെപ്പോലെയാണല്ലോ ബാലമാമ എന്നോട്‌ പെരുമാറിയത്.

“രാഹുലേ…”

വിളി കേട്ട്, തിരിഞ്ഞു നോക്കി. ബാലമാമ ധൃതിയിൽ നടന്നടുക്കുന്നു.

“ഇതുവഴി പോയിട്ട്, മിണ്ടാതെ പോവുകയാണോ? എന്നാ വന്നത് ?”

ബാലമാമയുടെ വായിൽ നിന്നാണോ ഇത് കേൾക്കുന്നതെന്ന് ഒരു നിമിഷം വിശ്വാസിക്കാൻ കഴിഞ്ഞില്ല. തിരികെ ഒന്നും പറയാനും കഴിഞ്ഞില്ല. വിഷമിച്ച് മുഖത്ത് ഒരു പുഞ്ചിരി വരുത്തി.

” വിട്ടിൽ കയറിയിട്ട് പോകാം. വാ..”

എതിർത്തു പറയാൻ കഴിഞ്ഞില്ല. ബാലമാമയുടെ പിറകേ അങ്ങോട്ടു കയറി. വിശാലും ലക്ഷ്മിയും അവിടെ കാണരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. ബാലമാമയോടൊപ്പം ഉമ്മറത്തിരുന്നു. ഗിരിജ മാമിയും അവരോടൊപ്പം പെറ്റിക്കോട്ടിട്ട ഒരു പെൺകുട്ടിയും അകത്തു നിന്നിറങ്ങി വന്നു.

“മോനെന്നു വന്നു ?”

ഗിരിജ മാമിയുടെ സ്നേഹത്തോടെയുള്ള ആ ചോദ്യം കേട്ട് അമ്പരന്നു പോയി. അച്ഛൻ്റെ മരണത്തിനു വന്നപ്പോഴും അതിനു ശേഷവും എപ്പോൾ കണ്ടാലും ശാപവാക്കുകൾ വാരി വിതറുകയായിരുന്നല്ലോ അവർ!

” ഞാൻ ഇന്നെത്തിയതേയുള്ളു. നിങ്ങളെല്ലാവരും എന്നോട് ക്ഷമിക്കണം. ഞാൻ…”

“ഞങ്ങൾക്കെല്ലാം അറിയാം മോനേ.. രാജീവ് എല്ലാം ഞങ്ങളോട് പറഞ്ഞു. ഓ കാര്യമറിയാതെ എത്രമാത്രം നിന്നെ ഞങ്ങൾ ശപിച്ചു പോയിട്ടുണ്ട്. ഇപ്പോൾ മോനെങ്ങനെയുണ്ട്? മരുന്നൊക്കെ കഴിക്കുന്നുണ്ടോ ?”

മറുപടി ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കി. അസുഖത്തിൻ്റെ കാര്യം അനുജൻ ഇവരോട് പറഞ്ഞിരിക്കുന്നു. പക്ഷേ, അസുഖം മാറിയ കാര്യം അവനിവരോട് പറഞ്ഞിട്ടില്ല. അതെങ്ങനെ അവൻ പോലും യഥാർഥത്തിൽ വിശ്വസിച്ചിട്ടില്ലാന്ന് തോന്നുന്നു. വിഷയം മാറ്റാനായി അവരുടെ കൂടെ നിന്ന കുട്ടിയെ നോക്കിക്കൊണ്ട് ചോദിച്ചു:
“ഈ കുട്ടി ?”
“ഇത് ലക്ഷ്മിയുടെ മോളാ കാത്തൂ ”

ഗിരിജ അമ്മായി പറഞ്ഞു.

” അപ്പോൾ ലക്ഷ്മിയും വിശാലും ഇവിടെയുണ്ടോ ?”

പെട്ടെന്ന് ഗിരിജ മാമിയുടേയും ബാലമാമയുടേയും മുഖം മാറുന്നതു ഞാൻ കണ്ടു. അവർ പരസ്പരം നോക്കുന്നു. ഗിരിജ മാമി അതിശയത്തോടെ ചോദിച്ചു:

“അപ്പോൾ മോൻ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ! വിശാൽ മരിച്ചു പോയി. ”

“അയ്യയ്യോ കഷ്ടമായിപ്പോയല്ലോ! എന്തെങ്കിലും അസുഖം ?”

“അവന് മെൻ്റലായിരുന്നു. സംശയ രോഗി. എന്നും അവളെ, മോൻ്റെയും ഓരോരുത്തന്മാരുടെയും പേരും പറഞ്ഞ് വല്ലാണ്ട് ഉപദ്രവിക്കുമായിരുന്നു. ഒരു ദിവസം ഇവിടെ വച്ചും വഴക്കുണ്ടാക്കി. ഒരു തന്തയല്ലേ ഈ നില്ക്കുന്ന മനുഷ്യൻ, മോളെ കൺമുൻപിൽ വച്ച് അടിക്കുകയും തൊഴിക്കുകയുമൊക്കെ ചെയ്യുന്നതു കണ്ടാ സഹിക്കോ? ഇറങ്ങിപ്പോടാ പട്ടീ എന്നു പറഞ്ഞു. ആ പോയ പോക്കാ. ബൈക്ക് ഒരു മതിലിൽ കൊണ്ടിടിച്ചു തന്നത്താൻ ചത്തു.”

അതു കേട്ട് മരവിച്ചിരുന്നു പോയി. അപ്പോഴാണ് വാതിൽക്കൽ നിന്ന് ഒരു ഏങ്ങൽ കേട്ടത്.
ലക്ഷ്മി!

തുടരും…

✍ പ്രതാപ് ചന്ദ്രദേവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments