കഥ ഇതുവരെ:
വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരികെ വരികയാണ് രാഹുൽ. അയാളുടെ മനസ്സിലേക്ക് പഴയ കാര്യങ്ങൾ കയറി വരുന്നു. കളിക്കൂട്ടുകാരിയും മുറപ്പെണ്ണുമായുള്ള ലക്ഷ്മിയുമായി അയാളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് താൻ ഒരു ഹൃദ്രോഹിയാണെന്നും അധികം ആയുസ്സില്ലെന്നും അയാൾ മനസ്സിലാക്കിയത്. അതയാൾ ലക്ഷ്മിയോടുള്ള സ്നേഹക്കടുതൽ കാരണം മറച്ചുവച്ചു കൊണ്ട്, ലക്ഷ്മിയുമായുള്ള വിവാഹത്തിന് സമ്മതമില്ലെന്ന് അറിയിക്കുന്നു. അതു കാരണം ലക്ഷ്മിയുടെ മനസ്സ് തകരുന്നു. അയാളുടെ അച്ഛനും അമ്മയും മരണമടയുന്നു. ലക്ഷ്മിയുടെ വിവാഹം വേറൊരുവനുമായി അവളുടെ അച്ഛൻ നടത്തുന്നു. കല്യാണം കഴിഞ്ഞ ലക്ഷ്മിയുടെ ജീവിതത്തിൽ തൻ്റെ പേരിൽ അലോസരമുണ്ടാകാതിരിക്കാനാണ് അയാൾ ഹിമാലയസാനുക്കളിലേക്ക് യാത്ര തിരിച്ചത്. അവിടെവച്ച് അയാൾ ഹരീഷ്ജിയെ പരിചയപ്പെടുന്നു.
തുടർന്നു വായിക്കുക…
അവിടെ അടുത്തുള്ള എം ബി എ കോളേജിലെ പ്രിൻസിപ്പാൾ ഹരീഷ്ജിയുടെ സുഹൃത്തായിരുന്നു. ഒരു ദിവസം ഹരീഷ്ജി എന്നെക്കൂട്ടിക്കൊണ്ടുപോയി അദ്ദേഹത്തെ പരിചയപ്പെടുത്തി. എനിക്ക് ഇക്കണോമിക്സിൽ മാസ്റ്റർ ഡിഗ്രിയും ഡോക്ടറേറ്റും ഉണ്ടെന്നറിഞ്ഞപ്പോൾ എന്നോട് അവിടെ ക്ലാസ്സെടുക്കാമോന്ന് അദ്ദേഹം ചോദിച്ചു. ഹരീഷ്ജിയുടെ പ്രോത്സാഹനം കൂടെ ആയപ്പോൾ സമ്മതിച്ചു. ഉത്തരവാദിത്ത്വമുള്ള ഒരു ജോലി ഏറ്റെടുത്തപ്പോൾ ഒരു പുത്തൻ ഉണർവ് വന്നു. നാട്ടിലെ കോളേജിൽ നിന്ന് കിട്ടാവുന്നതിനെക്കാളേറെ ശമ്പളം. വിദേശ രാജ്യങ്ങളിലെ കുട്ടികളും കുറേപ്പേരുണ്ടവിടെ.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അവരുടെയെല്ലാം പ്രിയപ്പെട്ട അധ്യാപകനായി മാറി ഞാൻ. ന്യൂയോർക്കിൽ നിന്നുള്ള ആൽഫ്രഡ് വിൻസ്റ്റൻ എന്ന വിദ്യാർത്ഥിയുടെ നിർബന്ധം കാരണം ഇംഗ്ലീഷിൽ ഒന്നു രണ്ടു മോട്ടിവേഷൻ ബുക്ക്സ് എഴുതിക്കൊടുത്തു. അയാളുടെ ഫാദർ പ്രശസ്തമായ ഒരു ബുക്ക്സ് പബ്ലിഷിംഗ് കമ്പനി നടത്തുന്നു. ആ ബുക്കുകൾ അവിടെ പ്രിൻറ് ചെയ്തു.
അനിയനും ഉണ്ണിമായയും ഫോണിൽ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ഒരു ദിവസം വിളിച്ചപ്പോൾ, ഉണ്ണിമായക്ക് അടുത്തുള്ള എയ്ഡഡ് സ്കൂളിൽ ടീച്ചറുടെ ഇൻഡർവ്യൂ കഴിഞ്ഞെന്നും രണ്ടു ദിവസത്തിനകം അഞ്ചുലക്ഷം രൂപ കൊടുത്താൽ ആ ജോലി ഉറപ്പാവും എന്നും പറഞ്ഞു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആ കാശു കണ്ടെത്താനുള്ള ബുദ്ധിമുട്ടിലായിരുന്നു അവർ.
എൻ്റെ ശമ്പളവും ബുക്ക്സിൻ്റെ റോയൽറ്റിയുമായി ആറു ലക്ഷം രൂപയോളം ബാങ്കിലുണ്ടായിരുന്നു. അപ്പോൾ തന്നെ ആ കാശ് അവരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്തു. വളരെ സന്തോഷത്തോടെ ഉണ്ണിമായ എന്നെ വിളിച്ചു നന്ദി പറഞ്ഞു. ചേട്ടൻ ഞങ്ങളുടെ ദൈവം ആണെന്നും പുജാമുറിയിൽ ദൈവങ്ങളുടെ ഫോട്ടോയ്ക്കൊപ്പം ചേട്ടൻ്റെ ഫോട്ടോകൂടെ വച്ചിട്ടുണ്ടെന്നും അവൾ പറഞ്ഞു. പാവം കുട്ടി! എന്തായാലും ഈ ശാപം പിടിച്ച ജന്മത്തെക്കൊണ്ട് അവർക്കെങ്കിലും ഒരു പ്രയോജനമായല്ലോ.
ഒരു ദിവസം ഹരീഷ്ജി എൻ്റെ നാഡി പിടിച്ചുനോക്കിയിട്ട്, “യു ആർ അബ്സല്യൂട്ട്ലി ഫ്രീ ഫ്രം ആൾ ഡിസീസ്” എന്ന് പറഞ്ഞു.
എനിക്ക് അതൊട്ടും വിശ്വസിക്കാൻ കഴിഞ്ഞില്ല.നാട്ടിലെ പ്രശസ്തനായ ഡോക്ടർ ഏറിയാൽ രണ്ടുവർഷം എന്ന് വിധിയെഴുതിയ എൻ്റെ ആയുസ്സ് വീണ്ടും നീളുമെന്നോ!? അന്നുതന്നെ അവിടെയുള്ള ഒരു മാൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പോയി എല്ലാ ടെസ്റ്റും ചെയ്തു നോക്കി. ഞാൻ അസുഖവിമുക്തനാണെന്ന് അറിഞ്ഞപ്പോൾ, സന്തോഷത്തേക്കാൾ വലിയൊരു നഷ്ടബോധമാണ് ഉണ്ടായത്. ലക്ഷ്മിയെ നഷ്ടപ്പെടുത്തിയത്, അച്ഛൻ്റെയും അമ്മയുടെയും മരണം, എല്ലാത്തിനും കാരണം ഈ നശിച്ച രോഗമായിരുന്നു. അതൊന്നും ഇനി തിരിച്ചുകിട്ടാത്ത യാഥാർത്ഥ്യങ്ങളാണ്. അതുകൊണ്ട് ആ നഷ്ടങ്ങളോടൊപ്പം തന്നെ എൻ്റെ ജീവിതവും ഹിമാലയ സാനുക്കളിൽ ഒടുങ്ങട്ടെ, ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് വേണ്ടായെന്ന് തീരുമാനിച്ചു.
അനുജന് രണ്ടു കുട്ടികൾ ജനിച്ചു. മൂത്തവൾ മേഘ്ന, ഇളയവൻ ആദി. മേഘ്ന LKG യിലായി. മക്കളോട് മിക്കവാറും ഫോണിൽ സംസാരിക്കാറുണ്ട്. വല്യച്ഛനെ അവർക്ക് രണ്ടുപേർക്കും വല്യ കാര്യമാണ്. വല്യച്ചാ ഇങ്ങ് വാ… എന്ന് പറഞ്ഞ് രണ്ടുപേരും എപ്പോഴും വിളിയാ. ഇതിനിടക്ക്, എൻ്റെ ഒരു ബുക്ക് കയറി അങ്ങ് ക്ലിക്ക് ആയി. അത് ഇംഗ്ലീഷിന് പുറമെ ഇരുപതോളം ഭാഷകളിൽ തർജ്ജിമ ചെയ്യപ്പെട്ടു. റോയൽറ്റി ഇനത്തിൽ ഒത്തിരി ഡോളറുകൾ അക്കൗണ്ടിൽ വന്നു. ഇടയ്ക്ക് അക്കൗണ്ട് നോക്കിയപ്പോൾ, 20 കോടിയോളം രൂപ!
എൻ്റെ ആയുസ്സ് നീട്ടിത്തന്ന, ഹരീഷ്ജിയുടെ പ്രവർത്തനങ്ങൾക്ക് തന്നെ ഈ തുക പ്രയോജനപ്പെടട്ടെ എന്നു കരുതി, അദ്ദേഹത്തിനു സംഭാവന ചെയ്യാൻ ശ്രമിച്ചപ്പോൾ അദ്ദേഹം സന്തോഷത്തോടെ നിരസിക്കുകയാണ് ചെയ്തത്. അവിടത്തെ പ്രവർത്തനങ്ങൾക്ക് വേണ്ടതിലും അധികം തുക അദ്ദേഹത്തിൻ്റെ അക്കൗണ്ടിലുണ്ടെന്നും ഇത് എന്നോട് തന്നെ വച്ചേക്കാനും അത് എനിക്ക് തന്നെ കൂടുതൽ പ്രയോജനം ചെയ്യുമെന്നും ഹരീഷ്ജി പറഞ്ഞു.
സന്ന്യാസജീവിതം പോലെ കഴിയുന്ന എനിക്കെന്തിനാ ഇത്രയും കാശ്. നാട്ടിലേയ്ക്ക് ഒന്നു പോയി, അനുജൻ്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസം താമസിച്ചിട്ട്, അവരെ ഈ തുക ഏല്പിച്ച്, തിരികെ ഹരീഷ്ജിയുടെ അടുത്തേയ്ക്ക്തന്നെ മടങ്ങാമെന്ന് തീരുമാനിച്ചാണ് ഈ യാത്ര. പക്ഷ, അതിനെപ്പറ്റിയൊന്നും അവരോട് പറഞ്ഞിട്ടില്ല. അവരെയെല്ലാം കാണാൻ കൊതിയാകുന്നു, കുറച്ചു ദിവസം അവരോടൊപ്പം കഴിയാൻ വരുന്നു, എന്നു മാത്രം പറഞ്ഞു. ഫ്ലൈറ്റിൽ വന്നാൽ മതി, എയർപ്പോർട്ടിൽ നിന്ന് അനുജൻ പിക്ക് ചെയ്യാമെന്ന് പറഞ്ഞെങ്കിലും വേണ്ട ഞാൻ അവിടെ എത്തിക്കോളാമെന്ന് അവനോട് പറഞ്ഞു.
ട്രെയിൻ സ്റ്റേഷനിൽ നിന്നപ്പോഴാണ് ഓർമ്മകളിൽ നിന്നുണർന്നത്. ഫസ്റ്റ് ക്ലാസ്സ് കമ്പാർട്ടുമെൻ്റിൻ്റെ വാതില്ക്കൽ പോർട്ടർമാരുടെ ബഹളം. പക്ഷേ, അവരാരും എൻ്റെടുത്തേയ്ക്കു വരുന്നില്ല. മറ്റിരകളെ ചാക്കിട്ട് പിടിക്കുകയായിരുന്നു. കാവി മുണ്ടും ജുബ്ബയുമിട്ട്, താടിയും വളർത്തി തോളിൽ ഒരു തുണി സഞ്ചി മാത്രമായി ഇറങ്ങി വന്ന എന്നെ കണ്ടപ്പോൾ, ഫസ്റ്റ്ക്ലാസ്സ് കമ്പാർട്ടുമെൻ്റിൽ അറിയാതെ കയറിപ്പോയ ഭിക്ഷക്കാരനോ, സന്യാസിയോ എന്ന് കരുതിയിട്ടുണ്ടാകാം.
തുടരും.