രാവിലെയാണ് ഉണ്ണിക്ക് മുത്തശ്ശൻ കഥ പറഞ്ഞ് കൊടുത്തത്.
മലമുകളിലെക്ക് കല്ല് കഷ്ടപ്പെട്ട് ഉരുട്ടി കയറ്റി, ഒടുവിൽ താഴെക്ക് ഉരുട്ടി വിട്ട് കൈ കൊട്ടി ചിരിക്കുന്ന നാറാണത്ത് ഭ്രാന്തന്റെ കഥ.
എന്തിനാണ് മുത്തച്ഛ അയാൾ അങ്ങിനെ ചെയ്തത് എന്ന് സംശയം ചോദിച്ചതാണ്.
അപ്പോഴേക്കും അമ്മ ബാഗുമായി പുറത്തെക്ക് ഇറങ്ങിയിരുന്നു.
യാത്ര പറഞ്ഞിറങ്ങുമ്പോൾ ഉണ്ണി പറഞ്ഞു. മുത്തച്ഛാ … അടുത്ത തവണ വരുമ്പോൾ നമുക്കും കല്ല് ഉരുട്ടി കയറ്റണം…
കയറ്റാം….. കയറ്റാം…..നീ സ്കൂളടക്കുമ്പോൾ പെട്ടെന്ന് ഇങ്ങോട്ട് വാ…..
പിറ്റേന്ന് ആർത്തലച്ച് കരയുന്ന അമ്മയോടൊപ്പമാണ് ഉണ്ണി അവിടെ എത്തിയത്.
നിറയെ ഉരുളൻ കല്ലുകൾ…..വീടിരുന്ന ഭാഗത്തും പരിസ്സരത്തും എല്ലാം ഉരുളൻ കല്ലുകൾ…..
മുത്തച്ഛനും മുത്തശ്ശിയും വീടുമൊക്കെ എവിടെ അമ്മേ…….
അമ്മ മറുപടി പറയാതെ ഉണ്ണി യെ കെട്ടി പിടിച്ചു കരഞ്ഞു.
നാറാണത്ത് ഭ്രാന്തൻ ഒറ്റയ്ക്ക് ഇത്രയും കല്ലുകൾ ഉരുട്ടി കയറ്റിയോ….. താഴെക്ക് ഉരുട്ടി വിട്ടോ….
അവൻ അമ്മയെ പിടിച്ച് കുലുക്കി കൊണ്ട് ചോദിച്ചു….
ആ ചോദ്യം അവരുടെ മനസ്സിനെ പിടിച്ചുലച്ചത് കൊണ്ടാവണം, അവർ പറഞ്ഞു….
ഇത് കലുഷിതമായ
പ്രകൃതിയുടെ ഭ്രാന്താണ് മോനെ….. പ്രകൃതിയുടെ ഭ്രാന്ത്…..