Wednesday, October 23, 2024
Homeകഥ/കവിതഅഗ്നിശലഭങ്ങൾ (ചെറുകഥ) ✍കാർത്തിക സുനിൽ

അഗ്നിശലഭങ്ങൾ (ചെറുകഥ) ✍കാർത്തിക സുനിൽ

കാർത്തിക സുനിൽ

അരുൺ കണ്ണുകൾ തുറന്നു ജയയെ നോക്കി. അവളുടെ മുടി മുഖത്തിന് ചുറ്റും പാറിപറന്നു കിടന്നു. മറ്റേതോ ലോകത്തിലെത്തിയപോലെ ചിന്തയിൽ മുഴുകിയിരിക്കുന്നവൾ ഒന്നും അറിയുന്നില്ല.. താൻ മയക്കത്തിൽ നിന്നുണർന്നത് അവളെ അറിയിക്കാനായി അരുൺ പതിയെ കൈകൾ നീട്ടി.

ഇല്ല. അവളെ സ്പർശിക്കാൻ കഴിഞ്ഞില്ല. എന്തായിരിക്കും ഇവൾ മനസ്സിൽ ചിന്തിക്കുന്നത്.?
ശബ്ദം പുറത്തേക്ക് വരുന്നില്ല അവളെ വിളിക്കുവാൻ. ഒന്നുടെ ആഞ്ഞു തൊടാൻ ശ്രമിച്ചപ്പോൾ ടേബിളിൽ ഇരുന്ന ഗ്ലാസ് താഴേക്ക് വീണു. ഞെട്ടിയെഴുന്നേറ്റ ജയ അരുണിനെ നോക്കി.

“എത്ര നേരമായി ഞാൻ നിന്നെ വിളിക്കാൻ ശ്രമിക്കുന്നു “ആഗ്യത്താൽ അവൻ പറഞ്ഞു.

“നീ എഴുന്നേല്ക്കുമ്പോൾ ഡോക്ടറോട് പറയാൻ പറഞ്ഞു. ഞാൻ ചെന്ന് വിളിക്കട്ടെ.” അവൾ മുറിയിൽ നിന്നും പുറത്തേക് പോയി.

ഇവൾ എങ്ങനെ ഇവിടെ എത്തി. റഹിം എവിടെ പോയി. എന്തൊക്കെയാണ് കോളേജിൽ നടന്നത്. ഒന്നും ഓർമ്മയിൽ വരുന്നില്ലല്ലോ ദൈവമേ..

“അരുൺ ഇപ്പോൾ എങ്ങനെയുണ്ട്.?നടന്നതെന്തെങ്കിലും ഓർമ്മയുണ്ടോ.? തലയിൽ വേദനയുണ്ടോ?”
ഡോക്ടർ തുടരെ ചോദ്യങ്ങൾ ചോദിച്ചു..

“കോളേജിൽ പ്രോഗ്രാം നടക്കുമ്പോൾ ബഹളമുണ്ടായതും ആരോ തലയിൽ കമ്പിവടി കൊണ്ട് തല്ലിയതും ഓർമ്മയുണ്ട് ഡോക്ടർ. പിന്നെ… ഒന്നും ഓർമ്മയിലില്ല.!

“നിങ്ങളെ ഇവിടെ കൊണ്ടുവന്നവർ പോയി. ഈ പെൺകുട്ടി മാത്രമേ ഇവിടെയുള്ളു. നിങ്ങൾക്ക് ഇപ്പോൾ കുഴപ്പമൊന്നും ഇല്ല. രണ്ടുദിവസം കഴിഞ്ഞു പോവാം. സ്റ്റിച്ഛ് എടുക്കാൻ വരണമെന്ന് മാത്രം. റസ്റ്റ്‌ എടുത്തോളൂ.”

ഡോക്ടർ പുറത്തേക് പോയപ്പോൾ അരുൺ ജയയെ നോക്കി..

“നീ എങ്ങനെയാണ് റഹിമിന്റെ അടുത്തുനിന്നും രക്ഷപെട്ടു വന്നത്.? അവനറിഞ്ഞോ നീ ഇവിടെയുള്ളത്.?ഇനിയെന്തൊക്കെയാണ് സംഭവിക്കുക. എന്തെങ്കിലും പറയൂ ജയേ?”

“അരുൺ പേടിക്കണ്ട. എനിക്ക് പറ്റിയ അബദ്ധം ഞാൻ തിരുത്തി. ഇനിയൊരിക്കലും റഹിം എന്നെത്തേടി വരില്ല. പകരം വരുന്നത് പോലിസ് ആയിരിക്കും.”

“നീ എന്തൊക്കെയാ പറയുന്നത്. എനിക്കൊന്നും മനസിലാകുന്നില്ല.”

“അരുൺ പറയാറില്ലേ. ഞാനൊരു ശലഭമാണെന്ന്. അതിമനോഹരമായൊരു ശലഭം. അതെ. എന്റെ വർണ്ണചിറകുകൾ കരിഞ്ഞുപോയി. ഞാനിപോൾ അഗ്നിശലഭമായി. ഇരുട്ടിൽ തിളങ്ങുന്ന അഗ്നി ശലഭം..ലക്ഷങ്ങൾ വിലമതിക്കുന്ന ശലഭം.”

“സ്വന്തം വീട്ടുകാരെ ധിക്കരിച്ചു അന്യമതത്തിൽ പെട്ടയാളെ വിവാഹം കഴിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പക്ഷെ ദിവസങ്ങൾ മാത്രമായിരുന്നു അതിന്റെ ആയുസ്. ഹിന്ദുവായ എന്നെ അയാൾ മതപരിവർത്തനം എന്ന് പറഞ്ഞു ഉപദ്രവം തുടങ്ങി. ശരിക്കുമൊരു തീവ്രവാദസംഘടന പ്രവർത്തകൻ ആയിരുന്നു അയാൾ. എന്നോട് കാണിച്ച സ്നേഹം അവരുടെ സംഘടനാ പ്രവർത്തനം നടത്തികൊണ്ടുപോകാനുള്ളൊരു മുൻകരുതൽ മാത്രമായിരുന്നു. ഒരു രാത്രി അമ്പലത്തിൽ വർഗീയത പടർത്താൻ ശ്രെമിക്കുന്ന പ്രവർത്തനം നടത്തുന്നതിന് എതിര് നിന്നപ്പോൾ അയാളുടെ ക്രൂരത ഞാൻ കണ്ടു.അയാളുടെ സംഘത്തിൽ പെട്ട പുരുഷന്മാരുടെ ഇടയിലേക്ക് എന്നെ ഇറക്കിവിട്ടു. തടിമിടുക്കുള്ള അവരിൽ നിന്നും രക്ഷപെടാൻ എനിക്കായില്ല .രക്തം വാർന്നു മരണത്തെ മുന്നിൽ കണ്ടപ്പോൾ അതിലൊരുത്തന് സഹതാപം തോന്നി എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ ഏറെ ശ്രെമിച്ചു ആരെന്ന് കണ്ടെത്താൻ. പോലീസും നോക്കി. ആരുടെയും പേര് പറഞ്ഞില്ല.ചൂണ്ടി കാണിച്ചില്ല. കാരണം എന്താണെന്നറിയോ നിനക്ക്. അവനെ എനിക്ക് കിട്ടണമായിരുന്നു.എന്റെ ജീവിതം നശിപ്പിച്ച അവന് ഞാനൊരു വിധി ഒരുക്കിയിരുന്നു.”

“കോളേജിൽ പ്രോഗ്രാം നടക്കുമ്പോൾ ഏറ്റവും നല്ല അധ്യാപകനായി അയാൾ നിന്നു.കുട്ടികളെ പരസ്പരം ഓരോന്ന് പറഞ്ഞു വിഭജിപ്പിച്ചു.
റഹിംസാറിന്റെ വാക്കുകൾ കേൾക്കുന്ന നല്ലവരായി തുടരുന്ന വിദ്യാർത്ഥികൾ എതിർച്ചേരിയിൽ കൈവച്ചത്തിലൂടെ കയ്യാങ്കളി തുടങ്ങി. അടിയേറ്റ് അരുൺ സാറിന്റെ ബോധം പോയി.ആരൊക്കയോ സാറിനെ ഇവിടെ കൊണ്ടുവന്നു. ആ സമയം റഹിം വീട്ടിലിരുന്ന് അന്ന് എവിടെയോ വെയ്ക്കാൻ ബോംബ് റെഡിയാക്കിയെടുക്കുന്ന തിരക്കിലായിരുന്നു
ഒരുപാട് ജീവിതങ്ങൾ നഷ്ടമാവാതിരിക്കാൻ ഞാൻ അയാളുടെ ജീവനെടുത്തു അയാൾ പോലുമറിയാതെ.”

“നീ.. നീയെന്ത് ചെയ്തു? റഹിം എവിടെ.?”

“അയാൾ കൊണ്ടുവച്ച സയനേഡ് അയാൾക്ക് തന്നെ കൊടുത്തു. ചായയിൽ ചേർത്ത്. അയാളുടെ ആളുകൾ എത്തിയിട്ടുണ്ടാവും ഇപ്പോൾ. എന്നെ അവർ വെറുതെ വിടില്ല. ഇനി ഞാൻ പോട്ടെ..”

“നീ എവിടേയ്ക്ക് പോകും ജയേ.. പോലീസിൽ എല്ലാം പറയുന്നതല്ലേ ശരി. നിനക്ക് സ്വയരക്ഷയ്ക്ക് വേണ്ടിയല്ലേ അത് ചെയ്തത്. സമൂഹത്തിന് വേണ്ടിയല്ലേ. നിനക്ക് രക്ഷപെടാൻ പറ്റും.”

അധികം വൈകാതെ പോലീസിൽ കീഴടങ്ങി ജയ. നിയമത്തിന്റെ പരിരക്ഷ അവൾക്ക് കിട്ടുമെന്ന് കരുതി അരുൺ കാത്തിരുന്നു .

കാർത്തിക സുനിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments