മുംബൈ: ബാറ്റെടുത്തവരെല്ലാം വമ്പനടികളുമായി കളംനിറഞ്ഞപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് മുംബൈ ഇന്ത്യന്‍സ്. വെറും 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവര്‍ ലക്ഷ്യത്തിലെത്തി. സീസണില് മുംബൈയുടെ രണ്ടാം ജയവും ആര്‍സിബിയുടെ അഞ്ചാം തോല്‍വിയുമാണിത്.
ഓപ്പണിങ് വിക്കറ്റില്‍ 53 പന്തില്‍ നിന്ന് ഇഷാന്‍ കിഷന്‍ – രോഹിത് ശര്‍മ സഖ്യം 101 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ കളി മുംബൈയുടെ കൈയിലായിരുന്നു. 34 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഏഴ് ഫോറുമടക്കം 69 റണ്‍സുമായി മടങ്ങിയ ഇഷാനായിരുന്നു കൂടുതല്‍ അപകടകാരി. താരം തന്നെയാണ് ടീമിന്റെ ടോപ് സ്‌കോററും. ഇഷാന്‍ അടിച്ചുതകര്‍ക്കുമ്പോള്‍ ക്ഷമയോടെ കളിച്ച രോഹിത് 24 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറുമടക്കം 38 റണ്‍സെടുത്ത് മടങ്ങി.
പരിക്കുമാറി തിരികെയെത്തി ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ സൂര്യകുമാറിന്റെ താണ്ഡവമായിരുന്നു പിന്നീട് വാങ്കെഡെയില്‍. വെറും 19 പന്തുകള്‍ മാത്രം കളിച്ച സൂര്യ നാല് സിക്‌സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്തു.
സൂര്യ പുറത്തായ ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും വെടിക്കെട്ട് തുടര്‍ന്നു. ആറ് പന്തില്‍ മൂന്ന് സിക്‌സടക്കം 21 റണ്‍സോടെ പുറത്താകാതെ നിന്ന ഹാര്‍ദിക് ഒരു സിക്‌സറിലൂടെ മുംബൈയുടെ ജയവും കുറിച്ചു. തിലക് വര്‍മ 10 പന്തില്‍ നിന്ന് 16 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആര്‍സിബി 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 40 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 61 റണ്‍സെടുത്ത ഡുപ്ലെസിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ഈ സീസണില്‍ ആദ്യമായി ഫോമിലെത്തിയ പാട്ടിദാര്‍ 26 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു.