ന്യൂഡൽഹി: ഈവർഷം പാരീസിൽ നടക്കുന്ന ഒളിമ്പിക്സിനുള്ള ജൂറി അംഗമായി ജമ്മു കശ്മീർ സ്വദേശി ബിൽകീസ് മിർ. കയാക്കിങ്ങിലെ മുൻ ദേശീയതാരവും പരിശീലകയുമായ ബിൽകീസ്, ഒളിമ്പിക്സ് ജൂറിയാകുന്ന ആദ്യ ഇന്ത്യൻ വനിതയാണ്.
ജൂറി അംഗമായി തിരഞ്ഞെടുത്തുകൊണ്ട് പാരീസ് ഒളിമ്പിക് കമ്മിറ്റിയിൽനിന്നുള്ള കത്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ലഭിച്ചു. പാരീസ് ഒളിമ്പിക്സ് ജൂറിയായി ഏഷ്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരിലൊരാളാണ്.
കശ്മീരിലെ ദാൽ തടാകത്തിൽ കനോയിങ് നടത്തി പ്രശസ്തയായ ബിൽകീസ് പിന്നീട് രാജ്യത്തിനുവേണ്ടി മത്സരിച്ചു. ദേശീയ വനിതാ കനോയിങ് ടീമിന്റെ പരിശീലകയുമായി. ഇക്കഴിഞ്ഞ ഹാങ്ചു ഏഷ്യൻ ഗെയിംസിലും ജൂറി അംഗമായിരുന്നു. ജൂലായ് 26-നാണ് ഒളിമ്പിക്സ് തുടങ്ങുന്നത്.