യുവേഫ യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ ജോര്‍ജിയയും ചെക്‌റിപബ്ലികും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. തുടങ്ങിയത് മുതല്‍ ഇടതടവില്ലാതെ അറ്റാക്കും കൗണ്ടര്‍ അറ്റാക്കുകളും നിറഞ്ഞു നിന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അധിക സമയത്ത് ജോര്‍ജിയ തങ്ങള്‍ക്ക് ലഭിച്ച പെനാല്‍റ്റിയിലൂടെ മത്സരത്തിലെ ആദ്യ ഗോള്‍ നേടിയപ്പോള്‍ 66-ാം മിനിറ്റിലായിരുന്നു ചെക് റിപബ്ലികിന്റെ മറുപടി ഗോള്‍. ഒരു കോര്‍ണര്‍ കിക്കിന്റെ അവസാനത്തില്‍ ബോക്‌സിലേക്ക് എത്തിയ പന്ത് ചെക് താരം പാട്രിക് ഷിക് ഗോളാക്കി മാറ്റുകയായിരുന്നു.
മത്സരത്തിലുടനീളം ചെക്‌റിപബ്ലിക്, ജോര്‍ജിയ മുന്നേറ്റങ്ങള്‍ക്ക് അറുതിയില്ലായിരുന്നു. കളിയുടെ ആദ്യ മിനുറ്റുകളില്‍ മൂന്ന് ഗോളവസരങ്ങളാണ് ചെക്കിന്റെ മുന്നേറ്റനിര താരം ആദം ലോസക് അടക്കമുള്ളവര്‍ ഒരുക്കിയത്. എന്നാല്‍ ഒന്നൊഴിയാതെ മുഴുവന്‍ ഷോട്ടുകളും ജോര്‍ജിയന്‍ കീപ്പര്‍ ഗിയോര്‍ഗി മമര്‍ദാഷ് വിലി തടഞ്ഞു. ബോക്‌സിനുള്ളില്‍ നിന്ന് തൊടുത്ത ഷോട്ടുകളായിരുന്നു സുന്ദരമായി മമര്‍ദാഷ് വിലി തടഞ്ഞത്. നാലാം മിനിറ്റില്‍ ജോര്‍ജിയ നടത്തിയ മുന്നേറ്റം ചെക് ഗോള്‍മുഖത്ത് എത്തിയെങ്കിലും ഭീഷണി ഒഴിഞ്ഞു.
ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ചെക് ബോക്സിനകത്തേക്ക് എത്തിയ ബോള്‍ അവരുടെ പ്രതിരോധനിര താരം റോബിന്‍ ഹറനാകിന്റെ കൈയിലുരസിയാണ് കടന്നുപോയത്. വീഡിയോ അനാലിസിസില്‍ റഫറി പെനാല്‍റ്റി അനുവദിച്ചതോടെ മിക്കോട്ടഡ്സെ സുന്ദരമായ കിക്കില്‍ പന്ത് വലയിലെത്തിച്ചു. സ്‌കോര്‍ 1-0. രണ്ടാംപകുതിയിലെ 58-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മറുപടി ഗോളെത്തി. കോര്‍ണറില്‍നിന്ന് ലഭിച്ച പന്ത് ചെക്ക് താരം പാട്രിക് ഷിക്ക് വലയിലെത്തിക്കുകയായിരുന്നു.
പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കുന്നതിന് ഇരുകൂട്ടര്‍ക്കും ജയം അനിവാര്യമായിരുന്നു. ചെക് റിപബ്ലിക് നിരന്തരമായി ജോര്‍ജിയയുടെ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ നടത്തിയെങ്കിലും, ജോര്‍ജിയ അവയെല്ലാം ഫലപ്രദമായി തടഞ്ഞു. മറുവശത്ത് ജോര്‍ജിയ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ചെക്കിനെ ഞെട്ടിച്ചു. ജോര്‍ജിയന്‍ കീപ്പറുടെ മികവ് കൊണ്ട് മാത്രമാണ് ചെക്കിനെ വിജയിക്കുന്നതില്‍ നിന്ന് തടഞ്ഞത്. കഴിഞ്ഞ മത്സരങ്ങളില്‍ ചെക് റിപബ്ലിക് പോര്‍ച്ചുഗലിനോട് 2-1 എന്ന സ്‌കോറില്‍ പരാജയപ്പെട്ടിരുന്നു. ജോര്‍ജിയ ആകട്ടെ 3-1 എന്ന സ്‌കോറില്‍ തുര്‍ക്കിയോടും പരാജയപ്പെട്ടു.